# ഉദ്ഘാടനം ചെയ്ത പദ്ധതികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യം
കോഴിക്കോട്: നഗരങ്ങളിലെത്തുന്ന സ്ത്രീകൾക്കും ജോലി ചെയ്യുന്നവർക്കും ഏറെ ആശ്വാസമാകുന്ന മാങ്കാവിലെ ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റലും റെയിൽവേ സ്റ്റേഷനിലെ ഷീ ലോഡ്ജും ജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നു.
കൊവിഡ് നിയന്ത്രണമെല്ലാം ഒഴിവാകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തതോടെ തൊഴിലിനും പഠനത്തിനുമെല്ലാമായി നിരവധി സ്ത്രീകളാണ് കോഴിക്കോട് നഗരത്തിലെത്തുന്നത്. സ്ത്രീകൾക്ക് താമസ സൗകര്യമൊരുക്കുന്ന സ്വപ്ന പദ്ധതികൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് കോർപ്പറേഷൻ അറിയിക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷത്തിലധികമായിട്ടും ഷീ ലോഡ്ജ് ഇതുവരെയും തുറന്നുകൊടുക്കാൻ സാധിച്ചിട്ടില്ല. മാർച്ചിൽ പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത മാങ്കാവിലെ ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെ അവസ്ഥയും ഇങ്ങനെ തന്നെയാണ്.
# ഷീ ലോഡ്ജ്
നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷീ ലോഡ്ജ് 2020ൽ ഉദ്ഘാടനം ചെയ്തത്. മൂന്ന് നിലകളിലായി 125 പേർക്ക് താമസിക്കാവുന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകൽപ്പന. 4.7 കോടി രൂപ ചെലവിട്ടാണ് നിർമാണം. 21മുറികളും ആറ് ഡോർമെറ്ററികളുമാണുള്ളത്. അടുക്കള, ഡൈനിംഗ് ഹാൾ, ടോയ്ലെറ്റ് ബ്ലോക്ക് സർവീസ് മുറി, ലൈബ്രറി മെഡിറ്റേഷൻ റൂം, പാർക്കിംഗ്, ലിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസം വരെയാണ് താമസം അനുവദിക്കുക.
# ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ
കോർപ്പറേഷൻ അഭിമാന പദ്ധതിയായി ആരംഭിക്കുകയും ഒന്നരപതിറ്റാണ്ടോളം നിർമാണം മുടങ്ങുകയും ചെയ്ത മാങ്കാവിലെ ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ കഴിഞ്ഞ മാർച്ചിലാണ് ഉദ്ഘാടനം ചെയ്തത്. 75 ലധികം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഇരുനിലകളിലും ഡബിൾ, സിംഗിൾ റൂമുകൾ, ഡോർമെറ്ററി, വലിയ കിടപ്പുമുറികൾ, ഗസ്റ്റ് റൂം, റീഡിംഗ് റൂം, അടുക്കള, ഡൈനിംഗ് റൂം എന്നിവയും ഒരുക്കിട്ടുണ്ട്. നാല് കോടിയാണ് നിർമാണ ചെലവ്.
" സ്ത്രീകൾക്ക് ഏറെ സൗകര്യപ്രദമാകുന്ന ഹോസ്റ്റലുകൾ പൊതുജനങ്ങൾക്ക് ഉടൻ തുറന്ന് കൊടുക്കണം. നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുണ്ടായത്. മികച്ച സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണ് വെറുതെ കിടക്കുന്നത്. "
കെ. സി. ശോഭിത
കോർപ്പറേഷൻ പ്രതിപക്ഷനേതാവ്
ഷീ ലോഡ്ജിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കാനുള്ള നടപടികളായിട്ടുണ്ട്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പ്രവർത്തനം ആരംഭിക്കാനാണ് ശ്രമിക്കുന്നത്. മാങ്കാവ് ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെ കൈമാറ്റത്തിന് ബൈലോ അംഗീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളുണ്ട്.
പി.ദിവാകരൻ
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |