SignIn
Kerala Kaumudi Online
Saturday, 20 April 2024 8.19 AM IST

അതീവ ക്രൂരം, നിന്ദ്യം ഈ അവഗണന

endosulfan

ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്റെ നേർ ഉദാഹരണം കാണാൻ കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോട് ജില്ലയിലെ മലയോര ഗ്രാമങ്ങളിലെത്തിയാൽ മതി. കശുമാവിൻ തോട്ടങ്ങളെ കീടങ്ങളിൽ നിന്നു സംരക്ഷിക്കാൻ പ്രയോഗിച്ച എൻഡോസൾഫാൻ എന്ന മാരകവിഷത്തിന് ഇരയായി ജീവച്ഛവങ്ങളെപ്പോലെ കഴിയുന്ന കുറെ മനുഷ്യരുണ്ട് അവിടെ. വർഷങ്ങളായി നീതിക്കുവേണ്ടി കേഴുന്നവർ. ജീവിച്ചിരുന്നവർക്കു മാത്രമല്ല പിറക്കാനിരുന്ന കുഞ്ഞുങ്ങൾക്കും വൈകല്യങ്ങൾ സമ്മാനിക്കുകയും ജീവിതം നരകതുല്യമാക്കുകയും ചെയ്ത മാരകകീടനാശിനി നിരോധിക്കപ്പെട്ടെങ്കിലും അതിന്റെ ദുരിതങ്ങൾ ഇന്നും കാസർകോട്ടെ പന്ത്രണ്ടോളം ഗ്രാമങ്ങളിലെ മനുഷ്യരെ വേട്ടയാടുകയാണ്. തുച്ഛമായ നഷ്ടപരിഹാരത്തിനു പോലും ഭരണകൂടത്തിന്റെ വാതിലുകളിൽ വർഷങ്ങളായി അവർ മുട്ടിക്കൊണ്ടിരിക്കുന്നു. സമരങ്ങളും സത്യഗ്രഹങ്ങളും ഭരണസിരാകേന്ദ്രത്തിലേക്ക് പട്ടിണിമാർച്ചുമൊക്കെ പലകുറി നടത്തി. നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ഭരണകൂടം അവരുടെ ആവലാതികൾ കേൾക്കാനും ചില്ലറ സഹായങ്ങൾ നൽകാനും തയ്യാറായത്. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ കോടികൾ നഷ്ടപരിഹാരം നൽകേണ്ടിവരുമായിരുന്നു. നിരന്തര വ്യവഹാരങ്ങൾക്കൊടുവിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവുപ്രകാരം ദുരിതബാധിതരുടെ കണക്കെടുക്കാൻ നടപടിയായത്. തർക്കത്തിനും കൂടിയാലോചനകൾക്കും തെളിവെടുപ്പിനും ശേഷം 6728 പേരുടെ പട്ടിക തയ്യാറാക്കി. നൽകേണ്ട നഷ്ടപരിഹാര വിഹിതവും നിശ്ചയിച്ചു. ദുരിതബാധിതരുടെ പുനരധിവാസത്തിന് വിപുലമായ പദ്ധതിയും തയ്യാറാക്കി. എന്നാൽ നഷ്ടപരിഹാര വിതരണം പേരിനു മാത്രമാണ് നടന്നതെന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്. പരമോന്നത കോടതി മൂന്നുവട്ടം ഇടപെടുകയും സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശം നൽകുകയും ചെയ്‌തിട്ടും ഔദ്യോഗിക സംവിധാനങ്ങൾ അനങ്ങാൻ കൂട്ടാക്കാത്തത് അമ്പരപ്പുളവാക്കുന്നു. നിർദ്ധനരും നിരാലംബരുമായ ഈ മനുഷ്യരുടെ ആരെയും കണ്ണീരണിയിക്കുന്ന തീരാദുരിതം കണ്ടിട്ടും സർക്കാർ യന്ത്രം ചലിക്കാൻ തയ്യാറാകുന്നില്ല. ഏതാനും സന്നദ്ധ സംഘടനകൾ മാത്രമാണ് എൻഡോസൾഫാൻ ഇരകൾക്കായി സജീവമായി രംഗത്തുള്ളത്. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ ഈ സംഘടനകൾ സമർപ്പിച്ച ഹർജിയിൽ എല്ലാ ദുരിതബാധിതർക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതാണ്. നാലാഴ്ചയ്ക്കകം വിതരണം പൂർത്തിയാക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ പത്താഴ്ച പിന്നിട്ടിട്ടും തുക ദുരിതബാധിതരിലെത്തിയിട്ടില്ല. ദുരിതബാധിതരുടെ കാര്യങ്ങൾക്കായി പ്രത്യേക സെല്ലുതന്നെ പ്രവർത്തിക്കുന്നുണ്ട്. കോടതി നിർദ്ദേശിച്ച അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ഇതുവരെ എട്ടുപേർക്കേ ലഭിച്ചിട്ടുള്ളൂ. നഷ്ടപരിഹാരം ലഭിക്കാൻ പുതിയ അപേക്ഷകൾ എഴുതിവാങ്ങിയും നടപടിക്രമങ്ങൾ പരിഷ്കരിച്ചും ആവുന്നത്ര നീട്ടിക്കൊണ്ടുപോകാനാണ് കരുണവറ്റിയ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ശ്രമം. ജീവിതം ദുരിതത്തിലായ എൻഡോസൾഫാൻ ഇരകളോടുള്ള ഉദ്യോഗസ്ഥ പ്രഭുക്കളുടെ ധാർഷ്ട്യം എത്ര മനുഷ്യത്വരഹിതമാണ്.

സുപ്രീംകോടതി ഉത്തരവിൻപ്രകാരം നഷ്ടപരിഹാര വിതരണത്തിനായി സംസ്ഥാന സർക്കാർ ഇരുനൂറുകോടി രൂപ അടിയന്തരമായി അനുവദിച്ചതാണ്. തുടർനടപടി എടുക്കേണ്ടവർ കടലാസുകൾ നീക്കിയാലല്ലേ ദുരിതബാധിതരിൽ സഹായമെത്തൂ. പുതിയ നടപടിക്രമങ്ങൾ മുന്നോട്ടുവച്ചും നൂലാമാലകൾ സൃഷ്ടിച്ചും വൈകിപ്പിക്കേണ്ടതല്ല നഷ്ടപരിഹാര വിതരണം. ഭരണകൂട അനാസ്ഥ മൂലം സഹായവിതരണം വളരെയധികം വൈകി. ഇനിയും ഈ പാവങ്ങളെ പരീക്ഷിക്കരുത്. ഫയലിനു പുറത്ത് അടയിരിക്കുന്നവർ കണ്ണുതുറക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COMPENSATION FOR ENDOSULFAN VICTIMS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.