SignIn
Kerala Kaumudi Online
Thursday, 25 April 2024 2.48 PM IST

എവിടെ 65 ലക്ഷം? വാടിതളർന്ന് തിരൂർ വെറ്റില

betel

നൂറ് മില്ലി വെറ്റില ഓയിലിന് ഓൺലൈൻ സൈറ്റുകളിൽ 4,000 രൂപ നൽകണം. തീർത്തും ശുദ്ധമായ ഓയിൽ ഈ വിലയ്ക്കും കിട്ടില്ല. വെറ്റില ഓയിൽ കലർന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും വലിയ വിലയാണ്. എന്നാൽ രാജ്യത്തെ തന്നെ ഏറ്റവും മികച്ച വെറ്റിലയെന്ന പെരുമയുള്ള തിരൂർ വെറ്റില നഷ്ടക്കണക്കിൽ വേരറുക്കപ്പെടുന്ന അവസ്ഥയിലാണ്. 2020 ആഗസ്റ്റിൽ തിരൂർ വെറ്റിലയ്ക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഭൗമസൂചികാ പദവി (ജി.ഐ) ലഭിച്ചെങ്കിലും മൂല്യവർദ്ധിത ഉത്പന്നങ്ങളിലേക്ക് കടക്കാത്തതിനാൽ കർഷകർക്ക് പ്രയോജനമില്ല. ഓയിൽ, മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ടൂത്ത് പേസ്റ്റ്, മൗത്ത് ഫ്രഷ് ച്യൂവിംഗ് ഗം, മുറിവെണ്ണ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണം മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുണ്ട്. വെറ്റിലയിൽ ആന്റിമൈക്രോബിയൽ, ആന്റി ഓക്സിഡന്റുകളുടെ വലിയ സാന്നിദ്ധ്യമുണ്ട്. എന്നാൽ പേരുകേട്ട വെറ്റില ഉത്പാദിപ്പിക്കുന്ന കേരളത്തിൽ ഇത്തരം ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള യാതൊരു നടപടികളും ഇതുവരെ തുടങ്ങിയിട്ടില്ല.


ചെലവ് തുക പോലും

തിരിച്ചു കിട്ടുന്നില്ല

ഇടനിലക്കാരുടെ ചൂഷണം മൂലം ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാതെ അവസ്ഥയിലാണ് വെറ്റില കർഷകർ. നൂറ് വെറ്റിലകളടങ്ങുന്ന ഒരുകെട്ടിന് 100 രൂപ കിട്ടിയിരുന്ന സ്ഥാനത്തിപ്പോൾ 20 രൂപയാണ് ലഭിക്കുന്നത്. ഇത്രയും വെറ്റില നുള്ളാൻ 10 രൂപ കൂലി നൽകണം. വേനൽ മഴ നന്നായി ലഭിച്ചതോടെ വെറ്റില ഉത്പാദനം കൂടിയെങ്കിലും അടിക്കടി വില കുറയുകയാണ്. ഭംഗി, എരിവ്, കനംകുറവ്, ഔഷധഗുണം എന്നിവയിൽ മുന്നിലാണെന്നതിനാൽ മുറുക്കുന്നവരുടെ പ്രിയ ഇനമാണ് തിരൂർ വെറ്റില. തിരൂരിൽ നിന്ന് ദിവസേന 20 ടൺ വരെ വെറ്റില പാക്കിസ്ഥാനിലേക്ക് കയറ്റി അയച്ചിരുന്നു. നയതന്ത്ര പ്രശ്നങ്ങൾക്ക് പിന്നാലെ ഇതുനിന്നു. ഉത്തരേന്ത്യയിലും തിരൂർ വെറ്റിലയ്ക്കാണ് പ്രിയം. വെറ്റില വില കുറയുകയും വെറ്റിലക്കൊടി പടർത്താനുള്ള കവുങ്ങിൻതടി, വളം എന്നിവയുടെ വില കൂടുകയും ചെയ്തതോടെ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. നിലവിൽ രണ്ട് ടൺ വെറ്റില മാത്രമാണ് തിരൂരിൽ നിന്ന് കയറ്റി അയയ്ക്കുന്നത്. തിരൂരിലും സമീപപ്രദേശങ്ങളിലുമായി 5,000 വെറ്റില കർഷകരുണ്ട്.

ഓയിലോ

അതെന്താ !

വെറ്റിലയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ ഏറ്റവും വിലപിടിച്ചതാണ് അതിന്റെ ഓയിൽ. മറ്റ് പല സംസ്ഥാനങ്ങളിലും പുറത്തുനിന്ന് കൊണ്ടുവരുന്ന വെറ്റിലയെ ആശ്രയിച്ച് ഓയിൽ നിർമ്മിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. കുറഞ്ഞ ചെലവിൽ സജ്ജീകരിക്കാവുന്ന ഉപകരണങ്ങളുമുണ്ട്. എന്നാൽ കേരളത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച യാതൊരു അവബോധവുമില്ല. പലർക്കും വെറ്റില ഓയിൽ എന്താണെന്ന് പോലും അറിയില്ല. അറിയുന്നവർക്കാകട്ടെ ഇത് എങ്ങനെയാണ് വാറ്റിയെടുക്കുന്നത് എന്നോ സാങ്കേതിക ഉപകരണങ്ങളെ കുറിച്ചോ ധാരണയില്ല. തിരൂർ വെറ്റിലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കൃഷി ഓഫീസർക്ക് പോലും ഇതിൽ കാര്യമായ ധാരണയില്ല. പിന്നെ എങ്ങനെ വെറ്റിലയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി മുന്നോട്ടുകൊണ്ടുപോവുമെന്ന ചോദ്യമാണ് ഉയരുന്നത്.


എവിടെ 65 ലക്ഷം ?
ഇടനിലക്കാരെ ഒഴിവാക്കി വെറ്റില നേരിട്ട് വിപണിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ രൂപീകരിച്ച് ഗോഡൗൺ, ഓഫീസ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് കൃഷി വകുപ്പ് 65 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ല. സർക്കാർ നിർദ്ദേശപ്രകാരം കർഷക കൂട്ടായ്മയായ തിരൂർ വെറ്റില ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ 250 കർഷകരിൽ നിന്ന് 2,000 രൂപ വീതം ഷെയർ പിരിച്ച് അഞ്ച് ലക്ഷം രൂപ സ്വരൂപിച്ചാണ് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷന് രൂപമേകിയത്. വെറ്റിലയ്ക്ക് ഏറെ ആവശ്യക്കാരുള്ള ബംഗ്ലാദേശിലേക്ക് കയറ്റുമതിയും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് അയയ്‌ക്കുന്ന വെറ്റിലയുടെ അളവ് വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തുക അനുവദിക്കുന്നത് വൈകാൻ കാരണമെന്നാണ് കർഷകർക്ക് ലഭിച്ച വിവരം. വെറ്റിലയെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാൽ കർഷകർക്ക് പിടിച്ചുനിൽക്കാനാവും. ഇടനിലക്കാരെ ഒഴിവാക്കി വിപണനം ഉറപ്പാക്കാനാണ് ശ്രമമെന്ന് തിരൂർ വെറ്റില ഉത്പാദക സംഘം പ്രസിഡന്റ് പറമ്പാട്ട് ഷാഹുൽ ഹമീദ് പറഞ്ഞു.

കെ.വി.കെയിലാണ്

ഇനി പ്രതീക്ഷ

വെറ്റിലയിൽ നിന്നും ഓയിൽ വാറ്റിയെടുക്കാനുളള പരിശ്രമത്തിലാണ് തവനൂർ കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ). കുറഞ്ഞ ചെലവിലും വേഗത്തിലും വെറ്റില ഓയിൽ വാറ്റിയെടുക്കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്ത ഖരഖ്പൂർ ഐ.ഐ.ടിയുമായി സഹകരിച്ച് തിരൂർ വെറ്റിലയിൽ നിന്ന് ഓയിൽ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. അടുത്ത മാസം ഓയിൽ വാറ്റുന്നതിനുള്ള ഉപകരണം കൊണ്ടുവന്ന് പരീക്ഷണാടിസ്ഥാനത്തിൽ വെറ്റില ഓയിലുണ്ടാക്കും. വിജയിച്ചാൽ വ്യാവസായികാടിസ്ഥാനത്തിൽ പദ്ധതി വ്യാപിപ്പിക്കാനാണ് തവനൂർ കെ.വി.കെ അധികൃതരുടെ തീരുമാനം. വെറ്റിലയിൽ നിന്നും ഓയിൽ വാറ്റിയെടുക്കാനുള്ള പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായാൽ കർഷകരുടെ വരുമാനത്തിൽ കാര്യമായ വർദ്ധനവുണ്ടാവുമെന്ന് കേരള കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.കെ.അബ്ദുൽജബ്ബാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THIROOR VETTILA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.