SignIn
Kerala Kaumudi Online
Saturday, 20 April 2024 8.27 AM IST

മുഖ്യമന്ത്രിയുടെ സുരക്ഷാപ്പേരിൽ ജനത്തോട് കലിപ്പ് തീർത്ത് പൊലീസ്

protection

 കറുത്ത മാസ്കിനും വസ്ത്രത്തിനും വിലക്ക്

 കരിങ്കൊടി കാട്ടി കോൺ., യുവമോർച്ചക്കാർ

കോട്ടയം: കറുത്ത വസ്ത്രം ധരിച്ചവരെ ആട്ടിപ്പായിച്ചു. വഴിയാത്രക്കാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയുമൊക്കെ കറുത്ത മാസ്ക് ഊരിമാറ്റിച്ചു. കുഞ്ഞിന് മാമോദിസ മുക്കി വീട്ടിലേക്ക് പോയ കുടുംബത്തെയും രോഗികളെയുമുൾപ്പെടെ രണ്ട് മണിക്കൂറിലേറെ തടഞ്ഞിട്ടു. മുഖ്യമന്ത്രി ഇന്നലെ കടന്നുപോയ വഴിയിലും പങ്കെടുത്ത പിരിപാടികളിലും സ്വപ്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കാട്ടിക്കൂട്ടിയതാണിതൊക്കെ.

കോട്ടയം, കൊച്ചി നഗര മദ്ധ്യത്തായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടികൾ. പൊലീസ് പട റോഡ് തടഞ്ഞിട്ടതോടെ ആയിരക്കണക്കിനുപേർ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അതേസമയം, ഈ കോലാഹലങ്ങൾക്കിടയിലും കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പലഭാഗങ്ങളിലും കരിങ്കൊടി കാണിക്കുകയും ചെയ്തു.

രാവിലെ 11ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ കെ.ജി.ഒ.എ സമ്മേളനം ഉദ്ഘാടനമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. നഗരത്തിലെത്തിയവരെ ഓടിച്ചും വാഹനങ്ങൾ വിലക്കിയും 340 പൊലീസുകാരുടെ സുരക്ഷാവലയമാണൊരുക്കിയത്. ഡി.ഐ.ജി നിശാന്തിനിക്കായിരുന്നു സുരക്ഷാച്ചുമതല.

വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വഴിതിരിച്ച് വിട്ടു. മാമ്മൻമാപ്പിള ഹാളിന് എതിർവശത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് പോയ രോഗികളെയും തടഞ്ഞു. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസ് മുതൽ മാമ്മൻമാപ്പിളഹാൾ വരെ വഴി ഒന്നര മണിക്കൂർ മുമ്പേ അടച്ചു. കെ.കെ. റോഡിലെ എല്ലാ പ്രധാനകവലകളും അടച്ചിട്ടു. സമ്മേളന പരിസരത്തുണ്ടായിരുന്ന വാഹനങ്ങൾ റിക്കവറി വെഹിക്കിൾ കൊണ്ടുവന്ന് പൊക്കിമാറ്റി. കൈക്കുഞ്ഞുമായി മാമോദിസ കഴിഞ്ഞ് വന്ന കുടുംബമുൾപ്പെടെ കുടുങ്ങുകയായിരുന്നു.

ചടങ്ങിൽ 9ന് മാദ്ധ്യമപ്രവർത്തകർ പ്രവേശിക്കണമെന്നായിരുന്നു അറിയിപ്പ്. പ്രത്യേക പാസും നൽകി. അര കിലോമീറ്റർ അകലെ നിന്ന് മാത്രം ചിത്രങ്ങളെടുക്കാൻ അനുമതി. ഇത്രയും നിയന്ത്രിച്ചിട്ടും നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വരുന്ന വഴി യുവമോർച്ചക്കാർ കരിങ്കൊടി കാണിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ചടങ്ങ് കഴി‌ഞ്ഞ് മടങ്ങുമ്പോൾ നാഗമ്പടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാട്ടി.

മെട്രോ കവാടം അടച്ചു;

ട്രാൻസ്ജെൻഡറുകൾ കസ്റ്റഡിയിൽ

കൊച്ചിയിൽ കലൂരിലും ചെല്ലാനത്തും ഗസ്റ്റ് ഹൗസിനു മുന്നിലും പൊലീസ് റോഡ് അടച്ചു. ഗസ്റ്റ് ഹൗസിന് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കി. കലൂരിൽ നിന്ന് ചെല്ലാനം വരെ 25 കിലോമീറ്റർ പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു.

കലൂരിൽ മെട്രോ സ്റ്റേഷൻ കെട്ടിടത്തിലെ കാർക്കിനോസ് ഹെൽത്ത് കെയർ ലബോറട്ടറി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തും മുമ്പ് റോഡ് അഞ്ച് അസിസ്റ്റന്റ് കമ്മിഷണർമാരും ഇരുനൂറിലേറെ പൊലീസുകാരും ചേർന്ന് നിയന്ത്രണത്തിലാക്കി. മെട്രോ സ്റ്റേഷന്റെ ആലുവ ഭാഗത്തേക്കുള്ള കവാടം അടച്ചു. ഈവശത്തെ കാൽനടയാത്രയും തടഞ്ഞു. ഇത് ചോദ്യംചെയ്ത ട്രാൻസ്ജെൻഡർ അവന്തികയെയും സുഹൃത്തിനെയും ബലമായി കസ്റ്റഡിയിലെടുത്തു. ഇരുവരും കറുത്ത വസ്ത്രത്തിലായിരുന്നു.

കലൂരിൽ നിന്ന് പാലാരിവട്ടം വരെ യു ടേണുകളും അടച്ചതോടെ ആകെ കുരുക്കായി. ആംബുലൻസിനെ ഏറെ പണിപ്പെട്ടാണ് കടത്തിവിട്ടത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം റോഡിൽ എതിർദിശയിൽ പാർക്ക് ചെയ്തത് കലൂർ -പാലാരിവട്ടം റൂട്ടിനെയും കുരുക്കി. യാത്രക്കാർ രണ്ടു മണിക്കൂറിലേറെ നരകയാതനയിലായി. കലൂരിലെ ചടങ്ങിനെത്തിയവരുടെ കറുത്ത മാസ്ക് മാറ്റിച്ച് പകരം നീല നൽകി. തോപ്പുംപടിയിൽ കരിങ്കൊടി വീശി മുഖ്യമന്ത്രിയുടെ കാറിനടുത്തെത്തിയ യുവമോർച്ച പ്രവർത്തകനെ പിടികൂടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROTECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.