SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.42 AM IST

വിമലാ മേനോൻ ഇനി ഓർമ്മ

vimala-menon

തിരുവനന്തപുരം: ശനിയാഴ്ച അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരി വിമലാ മേനോന്റെ (76) സംസ്കാരം ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ ശാന്തി കവാടത്തിൽ നടന്നു. ഞായറാഴ്ച രാവിലെ ഒൻപതേ കാലോടെ ചെഷയർ ഹോമിലെത്തിച്ച പ്രിയപ്പെട്ട എഴുത്തുകാരിയുടെ മൃതദേഹത്തിൽ അന്തേവാസികളെ കൂടാതെ ചെഷയർഹോം മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻ നായർ, അംഗം പ്രൊഫ. ശങ്കർ, ചെഷയർഹോം റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, വാർഡ് കൗൺസിലർ ടി.പി. റിനോയി, ഗീതാ ഗോപാൽ, ജോസഫ് വിജയൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
മന്ത്രി വി.ശിവൻകുട്ടി, സുരേഷ് ഗോപി എം.പി., വി.കെ.പ്രശാന്ത് എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, നടനും സംവിധായകനുമായ മധു പാൽ, കവി പ്രൊഫ. വി. മധുസൂദനൻ നായർ, സാഹിത്യകാരി ചന്ദ്രമതി തുടങ്ങിയവരും തിരുവനന്തപുരം മുളവന ജംഗ്ഷനിലെ വിമലാ മേനോന്റെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.

ശരി​യെന്ന് തോന്നുന്നത് പറയാനും ചെയ്യാനും മടി​യി​ല്ലാത്ത പതി​നഞ്ചുകാരി​യായ മന്ദാകി​നി​യെ ഏതൊരാൾക്കും മനസി​ലാകുന്ന രീതി​യി​ലാണ് തന്റെ പുസ്തകമായ 'മന്ദാകിനി പറയുന്നത്' എന്നതിലൂടെ വിമലാ മേനോൻ വരച്ചു കാട്ടിയത്. എല്ലാവരെയും സ്നേഹിക്കുന്ന, എല്ലാവരിലും തുല്യത മോഹിക്കുന്ന അവൾക്ക് വലിയവരുടെ പല നിയമങ്ങളും ചോദ്യം ചെയ്യാതിരിക്കാനായില്ല. വീട്ടുകാർ നിഷേധിച്ചിട്ടും പഠിച്ച നീന്തലിലൂടെ അവൾ രക്ഷിച്ചത് രണ്ട് കുരുന്നു ജീവനുകളാണ്. അതിലൂടെ അവളെ തേടിയെത്തിയതോ ധീരതയ്ക്കുള്ള പുരസ്കാരവും. അവളെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ അവൾ പറഞ്ഞു, 'ആൺകുട്ടികൾക്ക് ചെയ്യാൻ പറ്റണതൊക്കെ മനസ്സും ശക്തിയുമുണ്ടെങ്കിൽ പെങ്കുട്ട്യോൾക്കും ചെയ്യാം'.

നായാട്ട്, ഒളി​ച്ചോട്ടം, സ്നേഹത്തി​ന്റെ മണം, അമ്മു കേട്ട ആനക്കഥകൾ, പി​റന്നാൾ സമ്മാനം, പഞ്ചതന്ത്രം കഥകൾ എന്നി​വയാണ് മന്ദാകി​നി​ പറയുന്നതി​നു പുറമേ എഴുതി​യി​ട്ടുള്ള കൃതി​കൾ. ശ്യാമദേവൻ എന്ന കവി​താ സമാഹാരവും പുറത്തി​റക്കി​യി​ട്ടുണ്ട്. ഒരാഴ്ച എന്ന

കൃതി​ക്ക് 1990ലെ സംസ്ഥാന ബാല സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഭർത്താവ് യു.ജി മേനോന്റെ മരണത്തെ തുടർന്ന് ഉൾവലിഞ്ഞു നിന്ന വിമലാ മേനോനെ ജവഹർ ബാലഭവനിലെത്തിച്ചത് കവയത്രി സുഗതകുമാരിയാണ്. അവിടന്ന് പ്രിൻസിപ്പലായി വിരമിച്ച വിമലാ മേനോൻ 21 വർഷം ചെഷയർ ഹോമിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. കുട്ടികളോട് ഏറെ പ്രിയമുണ്ടായിരുന്ന വിമലാ മേനോന്റെ കഥകളിലേറെയും കുട്ടികളുടെ കണ്ണുകളിലൂടെയാണ് സമൂഹം വിലയിരുത്തിയത്. അവരാണ് നാളെയുടെ സമൂഹമെന്ന ഉറപ്പിക്കൽ ഓരോ വാക്കുകളിലുമുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് 6.30 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിമലാ മേനോന്റെ മരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIMALA MENON
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.