SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.05 AM IST

പ്രകൃതി സ്നേഹികൾക്കായി പ്രകൃതിയൊരുക്കിയ വനചാരുത

വിതുര/പാലോട്: പുതുമഴയിൽ തുടുത്ത പ്രകൃതിയുടെ സൗന്ദര്യം നുകരാൻ നിരവധി സഞ്ചാരികളാണ് വിതുര പാലോട് മേഖലകളിൽ ദിനംപ്രതി വന്നുപോകുന്നത്. നീരരുവികൾ,​ നദികൾ,​ വെള്ളച്ചാട്ടം അങ്ങനെ കാഴ്ചയുടെ നറുവസന്തമാണ് ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്നത്. പാലോടത്തെ കാഴ്ചകളായ മീൻമുട്ടി ഹൈഡൽ ടൂറിസം,​ മങ്കയം,​ ബ്രൈമൂർ,​ ബൊട്ടാണിക്കൽ ഗാർഡൻ,​അരിപ്പ തുടങ്ങിയവ സന്ദർശനം നടത്തി മടങ്ങുന്നവർക്ക് പാലരുവിയിലേക്കും കുറ്റാലത്തേക്കും പോകാം. പാലോടത്തെ ഈ കാഴ്ചകൾ കഴിഞ്ഞാൽ വിതുരയിലെത്തിയാൽ കാഴ്ചയുടെ മറ്റൊരു വസന്തം തുടങ്ങും. വിതുരയിലെ കല്ലാർ, ​മീൻമുട്ടി വെള്ളച്ചാട്ടം,​ പേപ്പാറ,​ ബോണക്കാട്,​ പൊൻമുടി എന്നിവ. കൊവിഡ് വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തിലും ഇവിടേക്ക് സഞ്ചാരികളുടെ വരവിന് കുറവില്ല. സ്വയം സുരക്ഷ ഉറപ്പുവരുത്തി പ്രക‌ൃതിയെ തൊട്ടറിഞ്ഞാൻ ഇത്രയും മനോഹരമായ കാഴ്ച മറ്റൊന്നില്ലെന്നത് വാസ്തവം.

മീൻമുട്ടി ഹൈഡൽ ടൂറിസം

നന്ദിയോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മീൻമുട്ടി മിനി ജലവൈദ്യുത പദ്ധതി പ്രദേശത്താണ് മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം. വാമനപുരം നദിയിൽ ബോട്ടിംഗും നദീതീരത്ത് കുട്ടികളുടെ കളിസ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മങ്കയം

മങ്കയത്തിലെ രണ്ട് വെള്ളച്ചാട്ടങ്ങൾ,​ കാളക്കയവും കുരിശ്ശടിയും സഞ്ചാരികൾക്ക് നൽകുന്നത് മഴക്കാടുകളിൽ നിന്ന് ഒഴുകിയെത്തുന്ന അരുവിയുടെയും പ്രകൃതിയുടെയും സൗന്ദര്യമാണ്. കുടുംബസമേതം ഒരുമിച്ചിരിക്കാനും പ്രകൃതിയുടെ സൗന്ദര്യം നുകരാനും ഇവിടം ഉത്തമം.

ബ്രൈമൂർ

അഗസ്ത്യാർകൂടം ബയോളജിക്കൽ റിസർവ്വിന്റെ ഭാഗമായ കൊടും കാട്. ഇവിടെനിന്ന് പൊൻമുടി മലനിരയിൽ എത്താൻ മൂന്ന് കിലോമീറ്റർ മാത്രം. ഒപ്പം കാനനത്തിന്റെ കാഴ്ചയൊരുക്കാൻ കാടിന്റെ ഭംഗിയും വന്യമൃഗങ്ങളും ഉണ്ട്.

ബൊട്ടാണിക്കൽ ഗാർഡൻ

തെക്കൻ ഏഷ്യയിലെ ഏറ്റവും കൂടുതൽ സസ്യശേഖരണം തന്നെ പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ട്. വിവിധയിനം സസ്യങ്ങൾ,​ വൃക്ഷങ്ങൾ,​ ഓർക്കിഡുകൾ,​ മരുന്നുചെടികൾ,​ സുഗന്ധദ്രവ്യങ്ങൾ,​ മുളകൾ,​ ഇഞ്ചി,​ പനകൾ,​ എന്നിവയുടെ വൻ ശേഖരം തന്നെയുണ്ട്.

അരിപ്പ

അപൂർവങ്ങളായ പക്ഷിവർഗങ്ങളാൽ സമ്പുഷ്ടമാണ് അരിപ്പ. പക്ഷിനിരീക്ഷകരുടെ പറുദീസ കൂടിയാണ് ഇവിടം. കേരളത്തിലെ പ്രശസ്ത തട്ടേക്കാട് പക്ഷിസങ്കേതത്തോളം കിടപിടിക്കുന്ന പക്ഷികളുടെ കാഴ്ച ഇവിടെയുണ്ടെന്ന് പക്ഷിനിരീക്ഷകർ തെളിവ് സഹിതം സാക്ഷ്യപ്പെടുത്തുന്നു.


വിതുര

കല്ലാർ

ഇടതൂർന്ന കാടും ഒപ്പം വെള്ളച്ചാട്ടവും. പിന്നെ പ്രകൃതി രമണീയമായ കുറേ കാഴ്ചകളും ഒക്കെയായി സഞ്ചാരികൾക്ക് പ്രകൃതിഭംഗി പകർന്നുനൽകാൻ ഒരുങ്ങിനിൽക്കുകയാണ് കല്ലാർ. ട്രക്കിംഗും പക്ഷിനിരീക്ഷണവും പ്രകൃതിഭംഗി ആസ്വദിക്കലും എല്ലാം കല്ലാറിൽ നിന്നു ലഭിക്കും.

മീൻമുട്ടി വെള്ളച്ചാട്ടം

ഇടതൂർന്ന വനങ്ങളാൽ സഞ്ചാരപാത ഒരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് മീൻമുട്ടി വെള്ളച്ചാട്ടം. കല്ലാറിന്റെ പരിസരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇവിടം പശ്ചിമഘട്ടത്തിലെ പർവ്വതനിരകളാൽ ചുറ്റപ്പെട്ട പ്രകൃതിസൗന്ദര്യമാണ് ഒരുക്കിയിട്ടുള്ളത്.

പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രം

പൊൻമുടിയിലെത്തുന്ന സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് പേപ്പാറ വന്യജീവി സങ്കേതം. കടുവ,​ പുലി,​ സിംഹവാസൻ കുരങ്ങ്,​ വരയാട് എന്നിവ ധാരാളമായി ഇവിടെ കാണപ്പെടുന്നു. ഒപ്പം കാട്ടാനകളും. ഡാമിലെ 11 ദ്വീപുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്. ഈ ദ്വീപുകളിൽ വർഷംതോറും ദേശാടനപ്പക്ഷികൾ എത്താറുണ്ട്.

ബോണക്കാട്

ജില്ലയിലെ അഗസ്ത്യാർകൂടം മലനിരകളുടെ തൊട്ട് താഴെയുള്ള മനോഹരമായ പ്രദേശം. ഒരുകാലത്ത് തേയില കൃഷിയിൽ സമൃദ്ധികണ്ടെത്തിയ നാട്. സഞ്ചാരികളെ ത്രസിപ്പിക്കുന്ന കാഴ്ചകളൊരുക്കുന്നതാണ് തൊഴിലാളികൾക്ക് താമസിക്കാനുള്ള ലയങ്ങളും വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജർക്ക് കുടുംബസമേതം താമസിക്കാൻ 1951ൽ പണിത ബംഗ്ലാവും.

പൊൻമുടി

നോക്കെത്താദൂരത്തോളം പുൽമേടുകൾ,​ തണുത്ത കാറ്റ്,​ മുന്നിലൂടെയും പിന്നിലൂടെയും വന്നു കണ്ണുപൊത്തുന്ന കോടമഞ്ഞ് ഇതാണ് യാത്രക്കാർക്ക് പൊൻമുടി നൽകുന്ന കാഴ്ചയുടെ വസന്തം. 22 ഹെയർ പിൻ വളവുകൾ കടന്നുപോകുന്ന വഴിയിൽ ഉടനീളം തേയിലത്തോട്ടങ്ങളും കാട്ടരുവികളും ഉൾപ്പെടെ മനോഹര കാഴ്ചതന്നെ പ്രക‌ൃതി ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.