SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.10 AM IST

ചെള്ളുപനി ; പ്രതിരോധം പാളരുത്

photo

സംസ്ഥാനത്ത് ചെള്ളുപനി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയതോടെ രോഗപ്രതിരോധത്തിലും മാലിന്യസംസ്കരണത്തിലും അതീവജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് നിലനില്ക്കുന്നതെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മണ്ണുമായും ചെടികളുമായും ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന കർഷകർ,​ കർഷകത്തൊഴിലാളികൾ,​ തൊഴിലുറപ്പ് തൊഴിലാളികൾ ,​ മൃഗങ്ങളെ വളർത്തുന്നവർ എന്നിവർക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. രോഗം പ്രതിരോധിക്കുന്നതിൽ വ്യക്തിശുചിത്വത്തിനും സാമൂഹ്യശുചിത്വത്തിനും വളരെ പ്രാധാന്യമുണ്ട്. വാസസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.

എലികളുടെ ആധിക്യം രോഗം പടർത്തും. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലും മറ്റും ഖരമാലിന്യങ്ങൾ പ്രത്യേകിച്ച് ഭക്ഷണാവശിഷ്‌ടങ്ങൾ കൂടി കിടക്കുന്നത് എലികൾ പെരുകാനും ആ എലികൾ ചെള്ളുപനിയുടെ അണുക്കളെ ഒരു പ്രദേശത്ത് നിന്ന് വേറൊരു പ്രദേശത്തേക്ക് കൊണ്ടുപോകാനും ഇടയാക്കും. ഇങ്ങനെ രോഗം വ്യാപകമാകുന്നു. അതിനാൽ മാലിന്യസംസ്കരണത്തിൽ വളരെയധികം ജാഗ്രത പുലർത്തുക. കമ്പോസ്റ്റിംഗ് പോലുള്ള ശാസ്ത്രീയമാർഗങ്ങളിലൂടെ തന്നെ ഭക്ഷണമാലിന്യങ്ങൾ നിർമ്മാർജനം ചെയ്യേണ്ടതുണ്ട്.

നമ്മുടെ പരിസരത്ത് ഉപയോഗശൂന്യമായി മാലിന്യം നിറയുന്ന ഇടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക. പരിസരശുചിത്വം ഉറപ്പാക്കുന്നതിൽ ഓരോ വ്യക്തിക്കും പങ്കുണ്ടെന്ന കാര്യം മറക്കരുത്.

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്.

പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗാണുക്കൾ കാണപ്പെടുന്നത്. ചെറുപ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ലക്ഷണങ്ങൾ

ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ ചെറിയ ചുവന്ന് തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകൾ കാണപ്പെടുന്നത്.

വിറയലോടുകൂടിയ പനി, തലവേദന, കണ്ണിൽ ചുവപ്പ്,​ കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്. രോഗലക്ഷണം കണ്ടാലുടൻ അടിയന്തര വൈദ്യസഹായം തേടുക.

രോഗനിർണയം

ഒരാഴ്ചനീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. സ്‌ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ രോഗനിർണയം പ്രയാസമാണ്. രോഗിയുടെ പ്രദേശത്തെ രോഗസാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാർ, രക്തപരിശോധനാ ഫലം എന്നിവ രോഗനിർണയത്തെ സഹായിക്കും. നേരത്തെ കണ്ടെത്തിയാൽ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാം.

രോഗപ്രതിരോധനിയന്ത്രണ മാർഗങ്ങൾ

സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗർ മൈറ്റുകളെ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും. ഇതിനായി രോഗം സ്ഥിരീകരിച്ചാലുടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യപ്രവർത്തകരെയോ അറിയിക്കുക.

പ്രതിരോധ മാർഗങ്ങൾ

1. കർഷത്തൊഴിലാളികളും ടാപ്പിംഗിന് പോകുന്നവരുമൊക്കെ ഒരു വസ്ത്രം രണ്ട് ദിവസമൊക്കെ ധരിക്കാറുണ്ട്. ഈ രീതി നന്നല്ല. ഒരു ദിവസം ഉപയോഗിച്ച വസ്ത്രം ഇവയിൽ ചെള്ളുകൾ ഉണ്ടെന്നറിയാതെ പിറ്റേദിവസവും ഉപയോഗിക്കുന്നത് ചെള്ളുകടി ഏൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

2. പണി കഴിഞ്ഞെത്തുന്നവർ എത്രയും വേഗം കുളിക്കണം.

3. പുൽനാമ്പുകളിൽ നിന്നാണ് കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. അതിനാൽ പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.

4. പുൽച്ചെടികളും മറ്റും വെട്ടിയൊതുക്കി പരിസരം വൃത്തിയാക്കുക.

5. പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരികെ വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.

6. വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക.

7. വൃത്തിഹീനമായ സാഹചര്യങ്ങളിലും കൃഷിയിടങ്ങളിലും പറമ്പിലും ജോലി ചെയ്യുമ്പോൾ നിർബന്ധമായും കൈയ്യുറയും കാലുറയും ധരിക്കുക.

വിവരങ്ങൾക്ക് കടപ്പാട് - ഡോ. ടി.എസ്. അനീഷ്,​ അസോ. പ്രൊഫസർ , കമ്മ്യൂണിറ്റി മെഡിസിൻ ,​ മഞ്ചേരി മെഡിക്കൽ കോളേജ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHELLU PANI, SCRUB TYPHUS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.