ഏഷ്യൻ കപ്പ് യോഗ്യത: ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടും
കൊൽക്കത്ത: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിൽ ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടും. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇരുടീമിനും ആറ് പോയിന്റുണ്ടെങ്കിലും ഗോ ശരാശരിയിൽ ഇന്ത്യയെ മറികടന്ന് ഹോങ്കോങ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ ഇന്ന് രാത്രി 8.30 മുതൽ നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യയ്ക്ക് നേരിട്ട് ഏഷ്യൻ കപ്പിന് യോഗ്യത ഉറപ്പിക്കാം. മത്സരം സമനിലയായാലും ഇന്ത്യ തോറ്റാലും ഹോങ്കോങ് നേരിട്ട് യോഗ്യത നേടും. തോറ്റാലും ഇന്ത്യയുടെ സാധ്യത നിലവിൽ അവസാനിക്കുന്നില്ല. ഗ്രൂപ്പുകളിൽ മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാർക്കും ഏഷ്യൻ കപ്പിന് യോഗ്യത ലഭിക്കും. നിലവിൽ മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരിൽ മൂന്നമത് ഇന്ത്യയുണ്ട്. ആദ്യ മത്സരത്തിൽ കംബോഡിയയെ 2-0ത്തിന് കീഴടക്കിയ ഇന്ത്യ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെ അവസാന നിമിഷം നേടിയ ഗോളിൽ 2-1ന് വീഴ്ത്തിയിരുന്നു. അഫ്ഗാനെതിരെ മലയാളി താരങ്ങളാണ് അവസാന നിമിഷം ഇന്ത്യയുടെ ജയമുറപ്പിച്ച ഗോളിന് പിന്നിൽ പ്രവർത്തിച്ചത്. ആഷിഖ് കുരുണിയന്റെ പാസിൽ നിന്ന് സഹദ് അബുദുൾ സമദായിരുന്നു ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |