തൃശൂർ: മത്സ്യഫെഡിൽ നടന്ന ഗുരുതരമായ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തുക, ഭരണസമിതി പിരിച്ചുവിടുക, രാഷ്ട്രീയമായി നിയമിച്ച താത്കാലിക ജീവനക്കാരെ പിരിച്ച് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി മത്സ്യഫെഡ് ജില്ലാ ഓഫീസുകൾക്ക് മുന്നിൽ അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ് സമരം നടത്തുമെന്ന് ടി.എൻ.പ്രതാപൻ എം.പി അറിയിച്ചു. തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റി ഓഫീസിന് മുന്നിലെ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. എം.പിമാർ, എം.എൽ.എമാർ കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ ജില്ലകളിലെ സമര പരിപാടികൾ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കൾ, പ്രാഥമിക സംഘം ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും.
പ്രൊഫ.കെ.ബി.ഉണ്ണിത്താൻ അനുസ്മരണ സെമിനാർ
തൃശൂർ: ദേശീയ വിദ്യാഭ്യാസനയം വിരോധാഭാസങ്ങൾ അടങ്ങിയ രേഖയാണെന്ന് പ്രൊഫ.പി.വി.കൃഷ്ണൻനായർ അഭിപ്രായപ്പെട്ടു. പ്രൊഫ.കെ.ബി.ഉണ്ണിത്താൻ അനുസ്മരണത്തിന്റെ ഭാഗമായി സേവ് എജ്യുക്കേഷൻ കമ്മിറ്റിയുടെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ.ജോർജ് ജോസഫ്, എം.ഷാജർഖാൻ, ഡോ.ജോയ് പോൾ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു. സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.നാരായണൻ അദ്ധ്യക്ഷനായി. എ.വി.വല്ലഭൻ, ഡോ.മഹേഷ് ബാബു, വി.എസ്.ഗിരീശൻ, ഡോ.ബാബു പി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.
അദ്ധ്യാപകരെ നിയമിക്കുന്നു
തൃശൂർ: വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഹോസ്റ്റലിൽ താമസിച്ച് പഠിപ്പിക്കാൻ താത്പര്യമുള്ളവർ പേര്, മേൽവിലാസം, ടെലഫോൺ നമ്പർ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 18ന് വൈകിട്ട് 5ന് മുമ്പായി സ്കൂൾ ഓഫീസിൽ എത്തിക്കണം. ഫോൺ: 8078301125, 04884 235356.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |