SignIn
Kerala Kaumudi Online
Thursday, 25 April 2024 5.51 AM IST

എന്റെ ഹൃദയം ; കൊവിഡിന് ശേഷം

heart

കൊറോണ വൈറസ് മുൻപ് ഒരസുഖവും ഇല്ലാത്തവരിൽ തന്നെ പലതരം ഹൃദയസംബന്ധമായ അസുഖങ്ങൾ സൃഷ്‌ടിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. രണ്ടു രീതിയിലാണ് ഈ വൈറസ് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നത്. ആദ്യത്തേത് വൈറസ് ശരീരത്തിൽ കയറുന്നതുവഴി നേരിട്ടുതന്നെ ചില റിസപ്റ്ററുകളുമായി ബന്ധപ്പെട്ട് കോശങ്ങളെ ആക്രമിക്കുന്നു. രണ്ട്, വൈറസ് കയറുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്രതിരോധശക്തി ശരീരത്തിലെ തന്നെ കോശങ്ങളെ ആക്രമിക്കുന്നു. ഒരു പഠനമനുസരിച്ച് കൊവിഡ് ബാധിതരായ ആയിരം പേരിൽ നാല്പത്തിയഞ്ചോളം പേർക്ക് ഒരുവർഷത്തിനുള്ളിൽ ഹൃദയസംബന്ധമായ ഗൗരവമേറിയ രോഗങ്ങളുണ്ടാവുന്നു. അമേരിക്കയിൽ നടന്ന മറ്റൊരു പഠനത്തിൽ വിചിത്രമായ മറ്റൊരു കാര്യം കണ്ടെത്തി. കൊവിഡ് മൂർച്ഛിച്ചു നിന്ന കാലത്ത് ഹൃദയസംബന്ധ രോഗങ്ങളുമായി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്ത രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇതിനു കാരണം ഒരുപക്ഷേ ഹൃദ്‌‌‌‌‌രോഗമുണ്ടെങ്കിലും കൊവിഡ് ഭയം കാരണം ചികിത്സ തേടാതിരുന്നതാവാം.

കൊവിഡ് രോഗികളിൽ ഹൃദയസംബന്ധമായ പലവിധ രോഗങ്ങൾ കാണപ്പെടുന്നു. ഇതിനു കാരണം ഓക്സിജൻ ലെവലിന്റെ കുറവ്, മാനസികാസ്വാസ്ഥ്യം അഥവാ സ്ട്രസ് കാരണമുണ്ടാകുന്ന റ്റാക്കോസുബോ കാർഡിയോ മയോപ്പതി, രക്തധമനികളിലുണ്ടാകുന്ന നീർക്കെട്ട് അഥവാ ക്ളോട്ട് കാരണമുണ്ടാകുന്ന ഹൃദയാഘാതം, ശ്വാസകോശത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന ക്ളോട്ട് അഥവാ പൾമണറി എബോളിസം, ഹൃദയത്തിന്റെ ഇടത്തേ അറകളിൽ ഉണ്ടാകുന്ന നീർക്കെട്ട് തുടങ്ങിയവ ഇതിൽ ചിലത് മാത്രം. ചിലരിൽ അനിയന്ത്രിതമായ നെഞ്ചിടിപ്പും കണ്ടുവരുന്നു.

എങ്കിലും കൊവിഡ് ബാധിച്ച ചെറുപ്പക്കാരിൽ ഏറ്റവും കൂടുതൽ ഹൃദയസംബന്ധമായ മരണകാരണം ഹൃദയാഘാതം തന്നെ. ഇവരിൽ നല്ലൊരു ശതമാനത്തിനും നേരത്തെ യാതൊരു രോഗങ്ങളും ഉണ്ടായിരുന്നതായും കാണപ്പെടുന്നില്ല.

കൊറോണറി ആൻജിയോഗ്രാം ചെയ്ത് നോക്കുമ്പോൾ പലപ്പോഴും ഒന്നിലധികം രക്തക്കുഴലുകളിൽ ക്ളോട്ട് വന്ന് അടഞ്ഞിരിക്കുന്നതായി കാണുന്നു. പലരിലും ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ ഹൃദയമിടിപ്പിന് താളപ്പിഴ ഉണ്ടാവുകയും മരണം തന്നെ സംഭവിക്കുകയും ചെയ്യുന്നു. അതിനാൽത്തന്നെ കൊവിഡ് ബാധിതരിൽ മൂർച്ഛിച്ച രോഗമുള്ളവർക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ ചുരുങ്ങിയ കാലയളവിലെങ്കിലും നല്‌കാൻ ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ജീവിച്ചിരിക്കുന്നവരിൽ എം.ആർ.ഐ സ്കാൻ, ആൻജിയോഗ്രാം, എക്കോകാർഡിയോഗ്രാം മുതലായവയും മരിച്ചവരിൽ, പോസ്റ്റ്‌മോർട്ട പഠനങ്ങളും വഴി നടത്തിയ ചെറു ഗവേഷണങ്ങളിലൂടെയാണ് ഈ വക വിവരങ്ങൾ നമുക്ക് ലഭിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെ ചില ആശുപത്രികളിൽ കൊവിഡ് കാലത്തെ ഹൃദയസംബന്ധമായ അസുഖങ്ങളെപ്പറ്റി സമഗ്രപഠനങ്ങൾ നടന്നുവരികയാണ്. ഈ പഠനങ്ങളുടെ ഫലം അടുത്തുതന്നെ നമുക്ക് ലഭ്യമാകും. ചെറുപ്പക്കാരിലെ അമിത ഹൃദ്‌രോഗ സംബന്ധമായ അസുഖങ്ങളെപ്പറ്റിയാണ് ഈ പഠനങ്ങൾ പ്രധാനമായും നടത്തിയിരിക്കുന്നത്.

ഹൃദ്രോഗികൾ അറിയാൻ

ഹൃദയസംബന്ധമായ അസുഖങ്ങൾ മുൻപേ തന്നെയുള്ളവർ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. പലരും കൊവിഡ് രോഗബാധിതരാകുമ്പോൾ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വേണ്ടെന്ന് വയ്‌ക്കുന്നു. അത് ഹൃദ്രോഗം മുതലായ അസുഖങ്ങൾ മൂർച്ഛിക്കാനിടയാക്കുന്നു. അതിനാൽ ഹൃദ്രോഗത്തിനും മറ്റും കഴിക്കുന്ന മരുന്നുകൾ ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ല. ഒരു കമ്പനിയുടെ മരുന്ന് ലഭ്യമല്ലെങ്കിൽ അതേ രാസസംയുക്തമുള്ള മറ്റേതെങ്കിലും കമ്പനിയുടെ മരുന്നായാലും കഴിക്കണം. ഹൃദ്രോഗത്തിനും മറ്റുമുള്ള മരുന്ന് മുടങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്ത് ഗുരുതരമാണ്. ഹൃദ്രോഗം പോലെ തന്നെ മാരകമാണ് ഹൃദയപേശികൾക്കുണ്ടാകുന്ന വീക്കം, നീർക്കെട്ട് അഥവാ മൈയോകാർഡൈറ്റിസ്. പലപ്പോഴും കണ്ടുപിടിക്കാൻ തന്നെ ബുദ്ധിമുട്ടാണ് ഈവക അസുഖങ്ങൾ.

ചില പഠനങ്ങളിലെങ്കിലും കൊവിഡ് രോഗികളിൽ പ്രത്യേകിച്ച് ചെറുപ്പക്കാരിൽ നേരത്തേ പറഞ്ഞ കാരണങ്ങളാൽ മൈയോകാർഡൈറ്റിസ് വരുന്നതായും ഹൃദയപേശികൾക്കുണ്ടാകുന്ന നീർക്കെട്ട് കാരണം രക്തത്തിലുള്ള ട്രോപ്പോണിൻ രാസവസ്തുവിന്റെ അളവ് ക്രമാതീതമായി കൂടുന്നതായും കാണപ്പെടുന്നു. ഇവരിൽ നല്ലൊരു ശതമാനം ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്ന രോഗാവസ്ഥയിലേക്ക് നീങ്ങുന്നു. ഇവരുടെ ഹൃദയത്തിന് അസാധാരണ വീക്കമുണ്ടാവുന്നതുവഴി ഹൃദയം ആരോഗ്യകരമായി പമ്പ് ചെയ്യാതിരിക്കുന്നു. ഇത്തരക്കാർ മരുന്നുകൾ സ്ഥിരമായെടുത്തില്ലെങ്കിൽ ശ്വാസം മുട്ടൽ വരികയും അതുവഴി മരണം സംഭവിക്കുകയും ചെയ്യുന്നു. അതിനാൽ ഇത്തരക്കാരിൽ ആരംഭഘട്ടത്തിൽ തന്നെ എം.ആർ.ഐ സ്കാൻ, ആൻജിയോഗ്രാം, എക്കോ മുതലായ ടെസ്റ്റുകൾ നടത്തേണ്ടത് ആവശ്യമാണ്.

ഹൃദയത്തിലുള്ള നാഡീവ്യൂഹങ്ങളിലുണ്ടാകുന്ന നീർക്കെട്ട് കാരണം നേരത്തേ സൂചിപ്പിച്ചതുപോലെ പലപ്പോഴും ഹൃദയത്തിന് താളപ്പിഴകൾ സംഭവിക്കാം. താളപ്പിഴയിലെ വ്യതിയാനം, മൈയോകാർഡൈറ്റിസ് മുതലായ രോഗാവസ്ഥയുള്ളവരിൽ നല്ലൊരു ശതമാനം രോഗികളിലും ആൻജിയോഗ്രാം മുതലായ ടെസ്റ്റുകൾ ചെയ്യുമ്പോൾ രക്തക്കുഴലുകളിൽ യാതൊരു ബ്ളോക്കും കണ്ടിരുന്നില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

ഇരുപതുകളിലുള്ള ചെറുപ്പക്കാരിൽ തന്നെ ഹൃദയാഘാതം വരുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പലർക്കും പ്രായമായവരിലെപ്പോലെ പ്രമേഹം, അമിതരക്തസമ്മർദ്ദം മുതലായ രോഗാവസ്ഥകൾ ഉണ്ടായെന്നു വരില്ല. ഹൃദ്രോഗം വരുമ്പോൾ തന്നെ ഹൃദയത്തിന്റെ താളംതെറ്റുകയും ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയും ചെയ്യുന്നു. ആൻജിയോഗ്രാം ടെസ്റ്റിൽ അറിയാനാവുന്നത് സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായി കൊവിഡ് രോഗികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ വളരെ കൂടുതലാണെന്നാണ് . മാത്രമല്ല, മൂന്നിൽ ഒന്നിലധികം രക്തക്കുഴലുകളെയും ഇത് ബാധിക്കുന്നതായും കാണുന്നു. ഹൃദയത്തിലേക്ക് രക്തം നല്കുന്ന ഒന്നിലധികം രക്തക്കുഴലുകളിൽ അടവ് വരുമ്പോൾ ഹൃദയാഘാതത്തിന്റെ തീവ്രതയും മരണം സംഭവിക്കാനുള്ള സാദ്ധ്യതയും കൂടുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളെ മാത്രമല്ല, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെയും കിഡ്‌നി മുതലായ അവയവങ്ങളിലേക്കുള്ള രക്തക്കുഴലുകളെയും കൈകാലുകളിലേക്ക് രക്തചംക്രമണം സാദ്ധ്യമാക്കുന്ന രക്തക്കുഴലുകളെയുമെല്ലാം ഇത് ബാധിക്കുന്നു. ഇതുവഴി മസ്തിഷ്കാഘാതം, കിഡ്‌നി, പൾമണറി മുതലായ രോഗാവസ്ഥകളെല്ലാം സംഭവിക്കുന്നു.

ഈ അടുത്തകാലത്ത് കൊവിഡ് മൂലം മരിച്ച ചെറുപ്പക്കാരിൽ നല്ലൊരു ശതമാനത്തിന്റെയും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയ മരണകാരണം ഹൃദയത്തിലുണ്ടാകുന്ന നീർക്കെട്ടും രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതുമാണ്. എന്നിരുന്നാലും കൊവിഡ് രോഗികളിൽ വലിയൊരു ശതമാനമാളുകളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തന്നെയാണ് മരണത്തിലേക്കു നയിക്കുന്നത്.

എങ്ങനെ അതിജീവിക്കാം

1. ചിട്ടയായ വ്യായാമം ശരീരത്തിൽ എൻഡോർഫിൻ എന്ന രാസപദാർത്ഥം ഉത്പ്പാദിപ്പിക്കുന്നതായി കാണപ്പെടുന്നു. ഇത് നമ്മുടെ പ്രതിരോധശക്തി വർദ്ധിപ്പിക്കുകയും വിഷാദം പോലെയുള്ള രോഗങ്ങളെ തടയുകയും ചെയ്യും.

2. പോഷകസമൃദ്ധമായ ഭക്ഷണരീതിയിലൂടെ പല അസുഖങ്ങളെയും നമുക്ക് പ്രതിരോധിക്കാം.

3. ആറ് മുതൽ എട്ട് മണിക്കൂർ വരെയുള്ള തുടർച്ചയായ ഉറക്കം.

4. ദിവസവും അരമണിക്കൂറെങ്കിലും യോഗ, ധ്യാനം എന്നിവ ചെയ്യുന്നത് ഉന്മേഷവും ആരോഗ്യവും വർദ്ധിപ്പിച്ച് മാനസിക സമ്മർദ്ദത്തിൽ നിന്ന് മോചനം തരും.

5. അമിത രക്തസമ്മർദ്ദം, പ്രമേഹം മുതലായ രോഗങ്ങളുള്ളവർ അത് നേരത്തേതന്നെ കണ്ടെത്തി ആവശ്യമായ ചികിത്സയെടുക്കേണ്ടതാണ്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം മുതലായവയാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നത്. ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ ഇടയ്ക്കെങ്കിലും പരിശോധിക്കേണ്ടത് അനിവാര്യമാണ്. അമിതവണ്ണം കുറയ്ക്കേണ്ടതും പരമപ്രധാനമാണ്.

6. അച്ഛനമ്മമാർ, അടുത്ത ബന്ധുക്കൾ, സഹോദരീസഹോദരന്മാർ തുടങ്ങിയവർക്ക് ചെറുപ്പത്തിൽ തന്നെ ഹൃദ്രോഗം, അമിതരക്തസമ്മർദ്ദം തുടങ്ങിയവയുണ്ടെങ്കിൽ മുൻകരുതലെടുക്കേണ്ടത് അത്യാവശ്യമാണ്

7. കുടുംബത്തിലുള്ള മറ്റംഗങ്ങളുമായി സായാഹ്നങ്ങളിൽ സല്ലപിച്ചിരിക്കുന്നത് നമ്മുടെ മാനസിക സമ്മർദ്ദം നല്ല അളവിൽ കുറയ്ക്കുന്നു. അമിത ജോലിഭാരം കൊണ്ടുണ്ടാകുന്ന മാനസിക സമ്മർദ്ദത്തിന് ഏറ്റവും നല്ല മരുന്നാണ് കുടുംബത്തിലെ പ്രിയപ്പെട്ടവരുമായുള്ള നർമ്മ സല്ലാപങ്ങൾ.

8. കൊവിഡ് രോഗികളിൽ രോഗാവസ്ഥ മാറിയാലും രണ്ടുമൂന്നു മാസം വരെയെങ്കിലും ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ചെറിയ താളപ്പിഴകളെ നമുക്ക് തന്നെയാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇത്തരത്തിൽ എന്ത് വ്യതിയാനം സംഭവിച്ചാലും ഡോക്ടറെ കാണാൻ മടിക്കരുത്. ഒരുപക്ഷേ അതിലൂടെ നമ്മുടെ പ്രിയപ്പെട്ടവർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്‌ടമാകാതിരിക്കും.

തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEART HEALTH AFTER COVID
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.