തൃശൂർ : സംസ്ഥാന സർക്കാരിന്റെ വികസനനേട്ടം പഠിക്കാൻ വിദേശ സർവകലാശാലകളിലെ വിദഗ്ദ്ധരെത്തുന്നത് അഭിമാനകരമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. ഇ.എം.എസ് സ്മൃതിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ തൊഴിൽ സാദ്ധ്യതകൾ ചുരുങ്ങിവരികയാണ്. അഭ്യസ്തവിദ്യർക്ക് കേരളത്തിൽ തന്നെ തൊഴിൽ നൽകാനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ദേശീയപാതാ വികസനം പോലുള്ള മുടങ്ങിക്കിടന്ന പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ അതിവേഗം പൂർത്തീകരിക്കുകയാണ്. ഭാവി കേരളത്തെ വാർത്തെടുക്കാനുള്ള അടിസ്ഥാന സൗകര്യത്തിനാണ് ഊന്നൽ നൽകുന്നത്. കേരള വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള സമരങ്ങളെ കേരളജനത തള്ളുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ദേശീയ കൗൺസിലംഗം ബിനോയ് വിശ്വം അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, പി.രാജീവ് , സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, ഡോ.എം.എൻ.സുധാകരൻ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മലയാള അദ്ധ്യാപക ഫെഡറേഷൻ
സംസ്ഥാന സമ്മേളനം
തൃശൂർ: കൊടുക്കൽ വാങ്ങലുകൾ നടന്ന ഭാഷയാണ് മലയാളമെന്നും കലർപ്പ് മലയാളത്തിന്റെ ഭാഗ്യമാണെന്നും കവി പി.എൻ.ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. മലയാളം അദ്ധ്യാപകരുടെ കൂട്ടായ്മയായ മലയാള അദ്ധ്യാപക ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറുന്ന കാലവും മലയാളവും എന്ന വിഷയത്തിൽ അഴീക്കോട് വിചാരം സാംസ്കാരിക വേദി ചെയർമാൻ കെ.രാജൻ ക്ലാസെടുത്തു.
മലയാളം അദ്ധ്യാപക ഫെഡറേഷൻ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും എ.ഡി.ആന്റു അവതരിപ്പിച്ചു. മലയാള അദ്ധ്യാപക ഫെഡറേഷൻ പ്രസിഡന്റ് ടി.എൻ.വിനോദ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ.ഫിലിപ്പ്, ജോ. സെക്രട്ടറി ജയാ സുകുമാരൻ, രതീഷ് കുമാർ, എം.കെ.അരുൺ, പി.ബി.വിനോദ് കുമാർ, ഡോ.കെ.ജി.ശിവലാൽ, വത്സല തുടങ്ങിയവർ സംസാരിച്ചു.
കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം
ആമ്പല്ലൂർ: അളഗപ്പനഗറിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ജനൽച്ചില്ലുകൾ തകർത്തു. ആമ്പല്ലൂരിലും മണ്ണംപേട്ടയിലും കോൺഗ്രസിന്റെ കൊടികളും ഫ്ളക്സ് ബോർഡും നശിപ്പിച്ചു. സംഭവത്തിൽ കോൺഗ്രസ് പുതുക്കാട് പൊലീസിൽ പരാതി നൽകി. പൊലിസ് കേസെടുത്തു.
അതേസമയം അളഗപ്പനഗർ മണ്ണംപേട്ട മേഖലയിൽ സി.പി.എം, കോൺഗ്രസ് സംഘർഷം ഒഴിവാക്കാൻ പുതുക്കാട് പൊലീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. ചൊവ്വാഴ്ച രാവിലെ 11ന് എസ്.എച്ച്.ഒ ടി.എൻ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. തങ്ങൾ ആരുടെയും ഓഫീസ് ആക്രമിക്കുകയോ, കൊടികളും ഫ്ളക്സും നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് സി.പി.എം പ്രതിനിധികൾ വ്യക്തമാക്കി. സോജൻ ജോസഫ്, എം.കെ.ശശിധരൻ, പ്രിൻസൻ തയ്യാലക്കൽ, ജിമ്മി മഞ്ഞളി, അലക്സ് ചുക്കിരി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |