SignIn
Kerala Kaumudi Online
Monday, 15 August 2022 12.33 PM IST

അടുത്ത രാഷ്ട്രപതി ആരാകും? പ്രതിപക്ഷ ക്യാമ്പിൽ വിള്ളൽ പ്രകട‌മായതോടെ ബി ജെ പി ക്യാമ്പിലെ ആശങ്കയ്ക്ക് ആശ്വാസം

president

ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആര്?. അടുത്തമാസം പതിനെട്ടിനാണ് തിരഞ്ഞെടുപ്പ്. പക്ഷേ, ഇപ്പോഴും സ്ഥാനാർത്ഥികൾ ആരാണെന്ന കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തീരുമാനത്തിലെത്തിയിട്ടില്ല. പ്രതിപക്ഷവുമായി യോജിച്ച് ഒരു സമവായ സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് ബി ജെ പിയുടെ ഇപ്പോഴത്തെ ശ്രമം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ബി ജെ പി ഒരു പ്രത്യക വ്യക്തിയുടെ പേര് നിർദ്ദേശിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. അബ്ദുൾ കലാമിനെപ്പോലെ സർവ സമ്മതനായ ഒരാളെ പ്രതിപക്ഷം നിർദ്ദേശിച്ചാൽ ബി ജെ പി അതിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ പാർട്ടി കേന്ദ്രങ്ങൾ വ്യക്തമായ ഒരുത്തരവും നൽകുന്നുമില്ല.

പ്രതിപക്ഷ അനൈക്യം ബി ജെ പിക്ക് തുണ

ഇത്തവണത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏകദേശം 48 ശതമാനം വോട്ടുകൾ ഭരണകക്ഷിയായ ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ.ക്ക് ഇത് 23 ശതമാനമാണ്. ഇങ്ങനെ നോക്കുമ്പോൾ എൻ ഡി എ ഒരു സ്ഥാനാർത്ഥിയെ നിറുത്തിയാൽ ജയിപ്പിച്ചെടുക്കാൻ ഒരു പ്രശ്നവുമുണ്ടാവില്ല. പക്ഷേ, അവിടെ ഒരു കുരുക്ക് ബി ജെ പി മണക്കുന്നുണ്ട്. പ്രതിപക്ഷം ഒരേ മനസോടെ ഒരുമിച്ചാൽ അവർ നിറുത്തുന്ന സ്ഥാനാർത്ഥിയെ അനായാസേന ജയിപ്പിക്കാൻ കഴിയും. അതായത് പ്രതിപക്ഷം യോജിച്ചാൽ അവർക്ക് 51 ശതമാനത്തോളം വോട്ടുകൾ ഉണ്ടാവും.

president

ഇപ്പോഴത്തെ സ്ഥിതിയിൽ അതിന് ഒരു സാദ്ധ്യതയും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അങ്ങനെ ഉണ്ടാകാതെ നോക്കുക എന്നതാണ് ബി ജെ പിയുടെ പ്രധാന ലക്ഷ്യവും. ആന്ധ്ര ഭരിക്കുന്ന വൈഎസ്ആർസിപിയും ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിയും പോലുള്ള സ്വതന്ത്രർ എൻഡിഎയെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ എഐഎഡിഎംകെയുടെ പിന്തുണയും എൻ ഡി എയ്ക്കായിരിക്കും. ബി ജെ പിക്ക് താത്‌പര്യമുള്ള ഒരു സമവായ സ്ഥാനാർത്ഥിയെ കണ്ടെത്തി പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ പുഷ്പംപോലെ ജയിപ്പിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. യോജിപ്പിലെത്തിയില്ലെങ്കിൽ പ്രതിപക്ഷ ഐക്യത്തെ തകർക്കാനായിരിക്കും ബി ജെ പിയുടെ ശ്രമം. അതിനുള്ള ശ്രമങ്ങൾ അവർ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ കക്ഷിനേതാക്കളുടെ യോഗത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുത്തത്.

രാംനാഥ് കോവിന്ദ് അല്ല?

ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബി ജെ പി വീണ്ടും നാമനിർദേശം ചെയ്യാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ എൻ ഡി എ പിന്തുണയിലാണ് അദ്ദേഹം വിജയിച്ചത്. വീണ്ടും ആ പേര് മുന്നോട്ടുവച്ചാൽ അത് എൻ ഡി എയുടെ മാത്രം സ്ഥാനാർത്ഥി എന്ന തോന്നലിനിടയാക്കും എന്നതാണ് ഇതിന് കാരണമായി പറയുന്നതെന്നാണ് ചില പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ജാർഖണ്ഡ് ഗവർണറും ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവുമായ ദ്രൗപതി മുർമു, ഛത്തീസ്‌ഗഡ് ഗവർണറും ഗോത്രവർഗ നേതാവുമായ അനുസൂയ ഉയ്കെ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കർണാടക ഗവർണറും ദളിത് നേതാവുമായ തവർ ചന്ദ് ഗെഹ്‌ലോട്ട് തുടങ്ങിയവരുടെ പേരുകളും അണിയറയിൽ കേൾക്കുന്നുണ്ട്. ഇതൊന്നുമല്ലാതെ 2002-ൽ എപിജെ അബ്ദുൾ കലാമിനെ നാമനിർദ്ദേശം ചെയ്തതുപോലെ എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഒരു സ്ഥാനാർത്ഥിയെ ബി ജെ പി രംഗത്തിറക്കിയാലും ആശ്ചര്യപ്പെടേണ്ട. കാരണം അതിന് തികച്ചും അനുകൂലമായ ഒരു സാഹചര്യമാണ് അവർക്ക് ഉള്ളത്.

president

പിടികൊടുക്കാതെ പവാറും നിതീഷും

കോൺഗ്രസും ടിഎംസിയും എഎപിയും ശിവസേനയും പവാറിനെ പ്രതിപക്ഷ സ്ഥാനാർത്ഥിയാക്കണമെന്ന് ആഗ്രഹമുള്ളവരായിരുന്നു. പക്ഷേ, പവാർ ഓഫർ നിരസിച്ചു. ജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാലായിരുന്നു ഇത്. ബീഹാറിൽ എൻ ഡി എയുമായുളള ബന്ധം ഉപേക്ഷിച്ചാൽ നിതീഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വം പരിഗണിക്കാമെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക് പറഞ്ഞിരുന്നു. എന്നാൽ ഇതിനെ മുളയിലേ നിതീഷ് നുള്ളി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ ആ സാദ്ധ്യതയും ഇല്ലാതായി.

മുൻ പശ്ചിമ ബംഗാൾ ഗവർണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാൽകൃഷ്ണ ഗാന്ധിയെ സംയുക്ത സ്ഥാനാർത്ഥിയാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. വിമത കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ പ്രതിപക്ഷ സ്ഥാനാർത്ഥിയായി ഉയർത്താനുള്ള സാദ്ധ്യതകൾ എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ ആരായുന്നുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ പേരും പ്രതിപക്ഷത്തുനിന്ന് കേൾക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് ഇങ്ങനെ

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജൂലായ് 18നാണ് നടക്കുന്നത്. 21നാണ് വോട്ടെണ്ണല്‍. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലായ് 24നാണ് അവസാനിക്കുക. ആകെ 4809 വോട്ടർമാരാണുള്ളത്. 10,86,431ആണ് ആകെ വോട്ട് മൂല്യം. എംഎൽഎമാരുടെ വോട്ട് മൂല്യം 5,43,23 ഉം എംപിമാരുടെ വോട്ട് മൂല്യം 5,43,200 മാണ്. ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ഡൽഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറൽ കോളേജിൽ ഏറ്റവും കൂടുതൽ വോട്ട് മൂല്യമുള്ളത് ഉത്തർപ്രദേശിനാണ്.

ഡൽഹിയിൽ വച്ചാണ് വോട്ടെണ്ണൽ നടക്കുക. രാഷ്ട്രീയ പാർട്ടികൾക്ക് വിപ്പ് നൽകാനാവില്ല. രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പ് വരണാധികാരി. കോഴയോ സമ്മർദ്ദമോ കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് റദ്ദാക്കും. തിരഞ്ഞെടുപ്പ് കമ്മീഷണർ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: REASON, BJP NDT, UPA, UNITED CANDIDATE, PRESIDENT-ELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.