SignIn
Kerala Kaumudi Online
Thursday, 25 April 2024 10.28 AM IST

തകിൽ മൂർത്തി

karuna-moorthi

ഒരർത്ഥത്തിൽ എന്നെ പ്രാപ്തനാക്കിയത് അവനാണ്, കരുണാ മൂർത്തി. ഫ്യൂഷൻ വേദികളിലൂടെ വാദ്യ കലയെ ജനമനസ്സുകളിൽ അടയാളപ്പെടുത്തിയത് മൂർത്തിയായിരുന്നു. വളയപ്പെട്ടിയെ പോലുള്ള പ്രഗത്ഭർ വേറേയുമുണ്ടെങ്കിലും തകിലിന് രാജ്യാന്തര തലത്തിൽ വരെ സ്ഥാനം നേടിക്കൊടുത്തതും കരുണാമൂർത്തിയാണ്. പത്തുമുപ്പത് വർഷം മുൻപാണ്, വൈക്കം ക്ഷേത്രകലാപീഠം അദ്ധ്യാപകനായിരുന്ന എന്റെ ശിഷ്യൻ ബാലുശ്ശേരി കൃഷ്ണനാണ് ഒരാൾക്ക് പരിചയപ്പെടണം എന്ന ആവശ്യവുമായി എന്നെ സമീപിക്കുന്നത്. അന്ന് വൈക്കം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കരുണാമൂർത്തിയെ അങ്ങനെയാണ് ഞാൻ കണ്ടുമുട്ടുന്നത്. തകിലിലെ അവന്റെ പ്രാവീണ്യം അന്നേ തിരിച്ചറിഞ്ഞു.

''ആശാനെ നമുക്കീ പരമ്പരാഗത രീതികളൊക്കെ ഒന്നു മാറ്റിപ്പിടിക്കണം''. പരിചയപ്പെട്ടപ്പോൾ തന്നെ മൂർത്തി പറഞ്ഞത് ഇതായിരുന്നു. എന്താണ് അയാൾ ഉദ്ദേശിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. അപ്പോഴാണ് ഫ്യൂഷൻ എന്ന ആശയം മുന്നോട്ട് വച്ചത്. അധികം വൈകാതെ കൊല്ലം ടൗൺ ഹാളിൽ ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫ്യൂഷൻ അരങ്ങേറി. ചെണ്ടയും തകിലും വയലിനും മുഖർശംഖും ഘടവും എല്ലാമായി പതിനഞ്ചോളം കലാകാരന്മാർ അണിനിരന്ന ഫ്യൂഷൻ മൂന്നു മണിക്കൂർ നീണ്ടുനിന്നു. ലയസംഗമം എന്നാണ് അതിന് പേരിട്ടത്. അഫ്ഗാൻ സംഗീതോപകരണമായ കഹോൺ വരെ അതിലുണ്ടായിരുന്നു. ഹക്കീം ലോധിയാണ് അന്ന് കഹോൺ വായിച്ചത്. പിന്നീടങ്ങോട്ട് ഇന്ത്യക്കകത്തും പുറത്തുമായി നൂറുകണക്കിന് വേദികളിൽ കരുണാമൂർത്തിയുടെ നേതൃത്വത്തിൽ ഫ്യൂഷൻ അരങ്ങേറി. വയലിൻ വിസ്മയമായിരുന്ന ബാലഭാസ്ക്കർ, സ്റ്റീഫൻ ദേവസി, ശിവമണി തുടങ്ങി ഒട്ടേറെ പ്രശസ്‌തർ അതിന്റെ ഭാഗമായി. നമ്മുടെ വാദ്യോപകരണങ്ങളിൽ പലതും പാശ്ചാത്യർക്ക് പരിചിതമായത് അങ്ങനെയാണ്. ഫ്യൂഷന് വലിയ സ്വീകാര്യതയാണ് പാശ്ചാത്യ രാജ്യങ്ങളിൽ ലഭിച്ചത്. കരുണാമൂർത്തിക്ക് ശിഷ്യപ്പെടാൻ നിരവധി വിദേശീയരെത്തിയതും അങ്ങനെയാണ്. സ്വിറ്റ്സർലണ്ടിൽ പാശ്ചാത്യ പൗരസ്ത്യ വാദ്യോപകരണങ്ങൾ ഉൾപ്പെടുത്തി ഞാനും മൂർത്തിയും നേതൃത്വം നൽകിയ ഫ്ലെമിംഗോ ഡാൻസ് എന്ന വാദ്യ സംഗീതപരിപാടി ആ രാജ്യത്ത് വലിയ തരംഗമായിരുന്നു.

പ്രശസ്തിയുടെ നിറുകയിൽ നിൽക്കുമ്പോഴും വിനയാന്വിതനായിരുന്നു മൂർത്തി. എനിക്കവൻ അനുജനായിരുന്നു. രണ്ട് കലാകാരന്മാർ തമ്മിലുള്ള സൗഹൃദത്തിനപ്പുറമുള്ള ആത്മബന്ധം. പ്രശസ്തർ മുതൽ സാധാരണക്കാർ വരെ എല്ലാവരുമായും സൗഹൃദം. ആരേയും സഹായിക്കാനുള്ള മനസ്സ്. ആ മനസ്സ് മൂർത്തിക്ക് ഒരുപാട് തിരിച്ചടികളും നൽകിയിട്ടുണ്ട്. പക്ഷേ മനസ്സിന്റെ നന്മ അവനെ എല്ലാ പ്രതിസന്ധികളിൽ നിന്നും കര കയറ്റിയിരുന്നു.

നഷ്ടമായത് സഹപ്രവർത്തകനെയല്ല, സഹോദരനെയാണ്. എന്റെ ജീവിതത്തിലും കലാകേരളത്തിനും കരുണാമൂർത്തിയുടെ വിയോഗം അക്ഷരാർത്ഥത്തിൽ തന്നെ നികത്താനാവാത്ത വിടവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARUNA MOORTHY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.