കൊച്ചി: ആലപ്പുഴ മെഡിക്കൽ കോളേജിലെ ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ.സി.വി. ഷാജി ഐ.എം.എ യുടെ മികച്ച ഡോക്ടർ പുരസ്ക്കാരത്തിന് അർഹനായി. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പക്ഷാഘാതം ബാധിച്ച രോഗിയെ 4 മണിക്കൂറിനകം മെഡിക്കൽ കോളേജിൽ എത്തിച്ചാൽ അടിയന്തിര ചികിത്സനൽകി സുഖപ്പെടുത്തുന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻ ഡിപ്പാർട്ടുമെന്റിന് ഇന്ത്യൻ അക്കാഡമി ഒഫ് ന്യൂറോളജിയുടെ ദേശീയ പുരസ്ക്കാരവും ലഭിച്ചു.
ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ ഐ.എം.എ യുടെയും നേതൃത്വത്തിൽ ജൂലായ് 1 ഡോക്ടേഴ്സ് ദിനത്തിൽ ആലപ്പുഴ ഐ.എം.എ. ഹാളിൽ നടക്കുന്ന ചടങ്ങിൽ എ.എം.ആരിഫ് എം.പി. പുരസ്കാരം സമ്മാനിക്കും. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് പൊതുജനങ്ങൾക്കായി നടപ്പിലാക്കിയ സൗജന്യ ടെലികൺസൽട്ടേഷൻ ആരോഗ്യബോധവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തന അംഗീകാരമായി സംഘടനക്കുള്ള പ്രത്യേക പുരസ്ക്കാരം ദേശീയ പ്രസിഡന്റ് ഡോ. പി. എസ്.ഷാജഹാനും ഡോ.ബി.ജയപ്രകാശും ഏറ്റ് വാങ്ങും.
കോന്നി ഗവ. മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ.ബി. പദ്മകുമാർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ഐ.എം.എ.പ്രതിനിധി ഡോ.ആർ. മദന മോഹനൻ നായർ എന്നിവർ അംഗങ്ങളായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |