SignIn
Kerala Kaumudi Online
Saturday, 20 April 2024 9.33 AM IST

ജസ്റ്റിസ് സിറിയക് ജോസഫ് നാർക്കോ സി.ഡി കണ്ടെന്ന് സി.ബി.ഐ

dd

സിസ്റ്റർ അഭയ കേസിലെ പ്രതികളുടെ നാർക്കോ പരിശോധനാ ടേപ്പുകൾ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ബാംഗ്ളൂരിലെ ഫോറൻസിക് ലബോറട്ടറിയിലെത്തി സി.ബി.ഐക്കു കോപ്പി കിട്ടുന്നതിന് മുൻപ് തന്നെ കണ്ടിരുന്നുവെന്ന് ലാബിലെ മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. എസ്. മാലിനി കേസ് അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകിയ വിവരം സി.ബി.ഐ 2009 ആഗസ്റ്റ് 10ന് കേരള ഹൈക്കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനെ 2007 ആഗസ്റ്റ് നാലിനും മൂന്നാം പ്രതി സിസ്റ്റർ സെഫിയെ 2007 ആഗസ്
റ്റ് 31നും രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനെ 2007 നവംബർ മൂന്നിനുമാണ് നാർക്കോ പരിശോധന നടത്തിയത്. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2008 മേയ് 24നാണ് ജസ്റ്റിസ് സിറിയക് ജോസഫ് ലാബിലെത്തി നാർക്കോ അനാലിസിസ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടതെന്നാണ് ഹൈക്കോടതിയിൽ സി.ബി.ഐ വ്യക്തമാക്കിയത്.

ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ അസിസ്റ്റന്റ് ഡയറക്ടർ ഡോ. എസ്. മാലിനിയുടെ മുറിയിലാണ് ജസ്റ്റിസ് സിറിയക് ജോസഫ് വീഡിയോ ദൃശ്യങ്ങൾ കണ്ടത്. ജസ്റ്റിസ് സിറിയക് ജോസഫ് വീഡിയോ ദൃശ്യങ്ങൾ കാണുന്ന ഫോട്ടോകൾ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയെന്നും സി.ബി.ഐ വെളുപ്പെടുത്തിയിട്ടുണ്ട്.

അഭയ കേസിൽ മൂന്ന് പ്രതികളുടെ നാർക്കോ ടെസ്റ്റ് നടത്തുന്ന വീഡിയോ സി.ഡിയിൽ ഡോ. മാലിനി കൃത്രിമം കാണിച്ചുവെന്ന കേസിൽ ഡോ. മാലിനിയെ സി.ബി.ഐ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ജസ്റ്റിസ് സിറിയക് ജോസഫ് ബാംഗ്ളൂരിലെ ലാബിൽ പോയി സി.ഡി കണ്ടതിനുശേഷം നാർക്കോ ടെസ്റ്റിന്റെ ഒറിജിനൽ സി.ഡി എവിടെപ്പോയെന്ന് സി.ബി.ഐയ്ക്കും ലാബിനും ഡോ. മാലിനിക്കും പറയാൻ കഴിയുന്നില്ല. എത്ര അന്വേഷിച്ചിട്ടും കണ്ടെത്താനും കഴിയുന്നില്ലെന്നാണ് അന്നത്തെ ആരോപണം.

നാർക്കോ പരിശോധന നടത്തിയതിനെക്കുറിച്ച് ജസ്റ്റിസ് സിറിയക് ജോസഫ് വിലയിരുത്തിയ ശേഷം ഫോറൻസിക് ലബോറട്ടറിയെയും ഡോ. മാലിനിയെയും പ്രശംസിച്ചുകൊണ്ട് ലബോറട്ടിയുടെ സന്ദർശന രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. ''ഒരു ഉന്നത ന്യായാധിപൻ എന്നെ അഭിനന്ദിച്ച് രേഖപ്പെടുത്തിയിട്ടും പിന്നെ തന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്നാണ് " ഡോ. മാലിനിയുടെ സി.ബി.ഐയോടുള്ള മറുചോദ്യം.

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഒരു ഉന്നത വ്യക്തി ഇത്തരത്തിലൊരു കേസിൽ ലാബിൽപോയി സി.ഡി കാണുന്നത് നിയമവിരുദ്ധമാണെന്നുള്ള വിവാദം കേരളത്തിൽ അലയടിക്കുകയാണ്.



കേരള ഹൈക്കോടതി ജഡ്ജി വി. രാംകുമാർ പ്രതികളുടെ നാർക്കോ ടെസ്റ്റ് സി.ഡി ഹൈക്കോടതിയിൽ വരുത്തി 2008 ജൂലായ് 23ന് കണ്ടു.

സി.ഡിയിൽ കൃത്രിമം നടന്നത് സി.ബി.ഐയുടെ പക്കൽവച്ചാണെന്ന് വിലയിരുത്തിക്കൊണ്ട് ജസ്റ്റിസ് വി. രാംകുമാർ വിധി പറഞ്ഞിരുന്നു. കൂടാതെ ഡോ. എസ്. മാലിനി നാർക്കോ ടെസ്റ്റ് നടത്തിയ രീതിയെക്കുറിച്ചുള്ള ഹൈക്കോടതിയുടെ അഭിനന്ദനം ഡോ. മാലിനിയെ നേരിട്ട് അറിയിക്കണമെന്ന് രജിസ്ട്രാർ ജനറലിന് പ്രത്യേക നിർദ്ദേശവും വിധിന്യായത്തിൽ ജസ്റ്റിസ് രാംകുമാർ നൽകിയിരുന്നു.

ഞാൻ വാദിയായി കൊടുത്ത W.P.C No. 35590/ 2007, T.A No. 1614/ 2008 എന്ന കേസിൽ 49 പേജുള്ള 2008 സെപ്തംബർ 4ലെ വിധിന്യായത്തിലാണ് ജസ്റ്റിസ് വി. രാംകുമാർ ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് നൽകിയത്.

മൂന്നുപേരുടെ നാർക്കോ അനാലിസിസ് ടെസ്റ്റ് ബംഗ്ളൂരിൽ നടത്തിയതിന്റെ അടിസ്ഥാനത്തിൽ അഭയ കേസിലെ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിനാൽ ടെസ്റ്റിന്റെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും അല്ലെങ്കിൽ പ്രതികളെ രക്ഷിക്കാൻ കൃത്രിമം നടത്താൻ ഇടയുണ്ടെന്നും കാണിച്ച് ഞാൻ കൊടുത്ത ഹർജിയിലാണ് 2007 ജനുവരി 11ന് ജസ്റ്റിസ് വി.രാംകുമാർ നാർക്കോ അനാലിസിസിന് ടെസ്റ്റിന്റെ റിസൽട്ട് ഹാജരാക്കാൻ ഉത്തരവിട്ടത്. എന്നാൽ, ഹാജരാക്കിയ റിപ്പോർട്ട് പൊട്ടിച്ച് പരിശോധിക്കാതെ വയ്ക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹാജരാക്കിയ റിപ്പോർട്ട് കോടതി തുറന്ന് പരിശോധിച്ച് തുടർനടപടി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഞാൻ കൊടുത്ത ഹർജിയിലാണ് ജസ്റ്റിസ് വി. രാംകുമാർ ''വാദിയെ പ്രതിയാക്കി" എനിക്കെതിരെ 23 ചോദ്യം ഉന്നയിച്ച് ഉത്തരവിട്ടത്. സുപ്രീംകോടതി ഉടൻതന്നെ ആ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. അന്ന് ഞാൻ ഉന്നയിച്ച കാര്യങ്ങൾ അക്ഷരംപ്രതി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

2009 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ എറണാകുളം കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ സിറോ മലബാർ സഭയുടെ അന്തർദേശീയ അൽമായ അസംബ്ളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചുകൊണ്ട് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് നഗ്നമായ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണ്.

''എനിക്ക് സഭയോടുണ്ടായിരുന്ന സ്നേഹത്തിനും കൂറിനും ഒരു കുറവും സംഭവിച്ചിട്ടില്ല. ഔദ്യോഗികമായ സ്ഥാനമാനങ്ങൾക്കൊക്കെ താഴെ പറയ്ക്കുകീഴിൽ കമഴ്ത്തി വയ്ക്കേണ്ടതാണ് സഭയോടുള്ള കൂറെന്ന് എനിക്ക് തോന്നിയിട്ടില്ല. 1968 മുതൽ 88 വരെ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ ഞാൻ മുൻപന്തിയിലായിരുന്നു. പിന്നീട് ഔദ്യോഗിക പദവികൾ വഹിച്ചതിനാൽ ഇതിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ചിലർ പറയും ഈശോയിൽ വിശ്വാസമുണ്ട്. എന്നാൽ സഭയോട് പുച്ഛമാണ്. മറ്റുചിലർ പറയും ഈശോയിലും സഭയിലും വിശ്വാസമുണ്ട്. എന്നാൽ, പിതാക്കൻമാരിലും വൈദികരിലും വിശ്വാസമില്ല. ഇത് ശരിയല്ല." എന്നിങ്ങനെ പോയി ജസ്റ്റിസ് സിറിയക് ജോസഫിന്റെ പ്രസംഗം.

സമ്മേളനത്തിൽ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.



സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ് ''തന്റെ കൂറും വിശ്വാസവും ഇന്ത്യൻ ഭരണഘടനയോടും നീതിന്യായ കോടതിയോടും അല്ലാ എന്നും, സഭയോട് ആണെന്നും" ഇതിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് സുപ്രീംകോടതി ജഡ്ജി എന്ന നിലയിലുള്ള നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ്. സിറിയക് ജോസഫിനെപ്പോലൊരു ന്യായാധിപൻ ഒരിക്കലും നടത്താൻ പാടില്ലാത്ത പ്രസംഗമാണ് നടത്തിയത്. സുപ്രീംകോടതിയിൽ ഇരിക്കുന്ന ഓരോ ജഡ്ജിയും അവരുടെ ജാതിയോടാണ് കൂറെന്ന് ഇപ്രകാരം പ്രസംഗിച്ചാൽ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ് നിയമവൃത്തത്തിൽ ചോദ്യമുയർന്നിട്ടുള്ളത്.

അഭയ കേസിലെ പ്രതികളുടെ നാർക്കോ പരിശോധനാ ഫലം അടങ്ങുന്ന സി.ഡി ബാംഗ്ളൂർ ഫോറൻസിക് സയൻസ് ലബോറട്ടറി സന്ദർശിച്ചുകൊണ്ട് വിലയിരുത്തിയ സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫിനെതിരെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രമേയം കൊണ്ടുവന്നു. പ്രമേയത്തിന് നോട്ടീസ് നൽകിയത് അസോസിയേഷൻ മുൻ പ്രസിഡന്റും ഐ. എൻ.ടി.യു.സി മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ അഡ്വ. എം. രാജശേഖരൻനായരാണ്. 62 അംഗങ്ങൾ ഒപ്പിട്ട പ്രമേയം ചർച്ചയ്ക്കെടുക്കാൻ അസോസിയേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. ജുഡിഷ്യൽ ചട്ടങ്ങൾ ലംഘിച്ച ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ പാർലമെന്റിൽ നിയമ പരിഷ്കാര കമ്മിഷൻ അന്വേഷണം നടത്തണമന്നും ഇക്കാര്യത്തിൽ രാഷ്ട്രപതിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഇടപെടണമെന്നുമായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. അന്വേഷണം പൂർത്തിയാകും വരെ ജസ്റ്റിസ് സിറിയക് ജോസഫ് ശമ്പളം പറ്റാതെ നിർബന്ധിത അവധിയിൽ പോകണമെന്നായിരുന്നു പ്രമേയത്തിലെ മറ്റൊരു ആവശ്യം.

2009ആഗസ്റ്റ് 25ന് ഉച്ചയ്ക്ക് ഒന്നിന് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ ഹാളിൽ അഭിഭാഷകരുടെ യോഗത്തിൽ അഡ്വ. എം. രാജശേഖരൻനായർ പ്രമേയം അവതരിപ്പിച്ച് പ്രസംഗിച്ചു. പ്രമേയത്തെ പിന്താങ്ങിക്കൊണ്ട് അഡ്വ. ജോൺസൺ മനയാനി പ്രസംഗിച്ചത് ശ്രദ്ധേയമാണ്. അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന്റെ സ്വന്തം സഹോദരൻ വിവാഹം കഴിച്ചിട്ടുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഭാര്യയുടെ സ്വന്തം സഹോദരിയെ ആണെന്നതിനാൽ, ജസ്റ്റിസ് സിറിയക് ജോസഫിന്റെ ലാബ് സന്ദർശനത്തിലെ സംശയങ്ങൾ ദുരീകരിക്കപ്പെടേണ്ടത് അനിവാര്യമാണന്നായിരുന്നു അഡ്വ. ജോൺസൺ മനയാനി ചൂണ്ടിക്കാട്ടിയത്.

പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ഇന്ത്യാ വിഷനിലെ വാരാന്ത്യം പരിപാടിയുടെ അവതാരകനായ അഡ്വ. എം. ജയശങ്കർ പ്രസംഗിച്ചു.

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് എം.പി. അശോക് കുമാർ നിലവിലുള്ള നടപടിചട്ടങ്ങൾക്ക് വിരുദ്ധമായി പ്രമേയം ചർച്ചചെയ്യാനുളള തീരുമാനം അട്ടിമറിച്ചുകൊണ്ട്, ജസ്റ്റിസ് സിറിയക് ജോസഫ് ലാബ് സന്ദർശനം നടത്തിയത് ചർച്ചയ്ക്ക് വരുത്തിയില്ല. സുപ്രീംകോടതി ജഡ്ജിക്കെതിരെ ഇത്തരത്തിലൊരു പ്രമേയം നിലനിൽക്കുന്നതല്ല എന്നതിലാണ് ചർച്ച നടത്തിയത്. ഈ സാങ്കേതിക കാരണം പറഞ്ഞ് യഥാർത്ഥ പ്രമേയം ചർച്ചയ്ക്കെടുക്കാതെ സാങ്കേതിക കാരണങ്ങളുണ്ടാക്കി ഒഴിവാക്കുകയായിരുന്നു.

അഭിഭാഷക അസോസിയേഷൻ സ്വന്തം ഭരണഘടനക്ക് പുറത്തുള്ള വിഷയം ചർച്ചചെയ്യുന്നത് ശരിയല്ലെന്നും പ്രമേയത്തിന് നിയമപരമായി നിലനില്പില്ലെന്നുമുള്ള തടസവാദത്തെ തുടർന്ന് പ്രമേയം അവതരിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യം വോട്ടിനിടുകയായിരുന്നു. അദ്ധ്യക്ഷൻ അശോക് കുമാർ പ്രമേയത്തിലെ വിഷയം നിലനിൽക്കുന്നതല്ലെന്ന് പറഞ്ഞ് അവതരണാനുമതി നിഷേധിച്ച് പ്രഖ്യാപനം നടത്തി.

പ്രമേയത്തെ എതിർക്കുന്നവരുടെ മാത്രം ലിസ്റ്റുണ്ടാക്കി ഏഴ് അഭിഭാഷകർക്ക് തുടർച്ചയായി പ്രസംഗിക്കാൻ പ്രസിഡന്റ് അവസരം നൽകിയാണ് ജസ്റ്റിസ് സിറിയക് ജോസഫിന് എതിരെയുള്ള പ്രമേയ നീക്കം പരാജയപ്പെടുത്തിയതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ, അഭയയുടെ അപ്പന്റെ അഭിഭാഷകൻ എ.എക്സ്. വർഗീസ് പ്രമേയ ചർച്ച നടക്കുമ്പോൾ, ഹൈക്കോടതിയിൽ ഉണ്ടായിരുന്നിട്ടും പങ്കെടുത്തില്ല.

അതേസമയം, ഹൈക്കോടതി പ്രമേയത്തിന്റെ മൂന്നാം വട്ടം 2009 ആഗസ്റ്റ് 28ന് കോഴിക്കോട് ബാർ അസോസിയേഷൻ ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയം വോട്ടിനിട്ട് പാസാക്കി. അവിടെ ജസ്റ്റിസ് സിറിയക് ജോസഫിനെ എതിർത്തുകൊണ്ട് വോട്ട് ചെയ്യുവാൻ ബാർ അസോസിയേഷൻ പ്രസിഡന്റ് എ. വിശ്വനാഥൻ ഉൾപ്പെടെ 180 അഭിഭാഷകർ ഉണ്ടായിരുന്നു.



കോഴിക്കോട് ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയതിന്റെ തൊട്ടുപിന്നാലെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ബാർ അസോസിയേഷനുകൾ പ്രമേയം പാസാക്കുന്നത് നല്ല കാര്യമാണെന്ന് ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ചെയർമാൻ എസ്.എൻ.പി സിൻഹ ഡൽഹിയിൽ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തിയിരുന്നു. തൃശൂർ ബാർ അസോസിയേഷനും പ്രമേയം പാസാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CYRIAC JOSEPH, DAIWATHINTE SWANTHAM VAKKEEL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.