SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.46 AM IST

ബഫർ സോണിൽ സർക്കാരിന്റെ ഇരട്ടത്താപ്പ്

buffer-zone

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോലമാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ്‌ കേരളത്തിലാകെ വലിയ പ്രക്ഷോഭത്തിന് വഴിതുറന്നിരിക്കുകയാണ്. ഇടുക്കിയിൽ ഒരാഴ്ചയ്ക്കകം ഈ വിഷയത്തിൽ രണ്ട് ഹർത്താലുകളാണ് അരങ്ങേറിയത്. ആദ്യം ഇടതുമുന്നണി,​ തുടർന്ന് യു.‌ഡി.എഫും. ഹൈറേഞ്ച് സംരക്ഷണ സമിതി, ജനകീയ പോരാട്ടവേദി തുടങ്ങിയ സംഘടനകളും സമരരംഗത്തുണ്ട്. ജനതാത്‌പര്യം പരിഗണിച്ച് സുപ്രീംകോടതി വിധി മാറ്റിക്കിട്ടാൻ ബഫർസോൺ പൂജ്യമാക്കിമാറ്റി സ്വതന്ത്രമായ ജീവിതം ഉറപ്പുവരുത്താൻ സമയബന്ധിതമായി കേന്ദ്രസർക്കാർ പ്രവർത്തിക്കണമെന്നാണ് എൽ.ഡി.എഫിന്റെ ആവശ്യം. എന്നാൽ പരിസ്ഥിതിലോലവിഷയത്തിൽ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ആരോപിക്കുന്ന യു.ഡി.എഫ് വിഷയത്തിൽ കേരള സർക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്നും വ്യക്തമാക്കുന്നു. ഇതിന് ആധാരമായി അവർ ചൂണ്ടിക്കാട്ടുന്നത് 2019 ഒക്ടോബർ 23ലെ മന്ത്രിസഭാ തീരുമാനമാണ്.

അതിങ്ങനെയായിരുന്നു- 'സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്ന് കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി" ഇതിന് അനുസൃതമായിട്ടാണ് വിവാദ സുപ്രീംകോടതി വിധി ഉത്തരവെന്ന ആക്ഷേപമാണുയരുന്നത്. ഈ തീരുമാനം നിലനിൽക്കേയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതി വിധിയെ പഴിചാരുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. 2006ലെ സുപ്രീംകോടതി വിധി പ്രകാരം ദേശീയ ഉദ്യാനത്തിനും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് സോണുകൾ പ്രഖ്യാപിക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2011ൽ പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം വനാതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ചില പ്രവർത്തനങ്ങൾക്ക് പരിധി വച്ചു. ഈ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കി അനുയോജ്യമായ നിയമങ്ങൾ രൂപപ്പെടുത്താൻ സംസ്ഥാന സർക്കാരിനാകും. എന്നാൽ, പരിസ്ഥിതിലോല മേഖലയുടെ അന്തിമ പദ്ധതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനു വിധേയമായിട്ടാവണം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വനാതിർത്തിയോട് ചേർന്ന് ഒരിഞ്ചു സ്ഥലം പോലും ഇക്കോ സെൻസീറ്റീവ് സോൺ അഥവാ ബഫർസോൺ ആക്കാനാവില്ലെന്ന് തീരുമാനിച്ച് പുറത്തിറക്കിയ കരട് വിജ്ഞാപനം കേന്ദ്രസർക്കാരിന് അയച്ചുകൊടുത്തതായും അവർ അവകാശപ്പെടുന്നു. എൽ.ഡി.എഫ് സർക്കാർ വന്നതിനു ശേഷം കേന്ദ്രസർക്കാരിന്റെ കത്ത് മാനിച്ച് ഇതേക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. അവരുടെ റിപ്പോർട്ട് പ്രകാരം സംരക്ഷിത പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങളുൾപ്പെടെ സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് സോണായി തീരുമാനിച്ചുകൊണ്ട് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. ഈ നിലപാട് മാറ്റാൻ പോയതാണ് ഇപ്പോഴത്തെ തിരിച്ചടിക്കു കാരണം. എം.എം. മണിയടക്കമുള്ള മന്ത്രിമാർ ചേർന്നെടുത്ത തീരുമാനമാണിത്. അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായി യാചിച്ച് നിൽക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയെപ്പോലുള്ള സംഘടനകൾ ഇതാണ് യാഥാർത്ഥ്യമെന്നിരിക്ക വ്യാജ പ്രചരണത്തിനു ചൂട്ടുപിടിച്ചും കൂട്ടുനിന്നും ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് ആക്ഷേപം. സുപ്രീംകോടതി വിധിയെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം. ഭൂപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന 2019 ഡിസംബർ 17 ലെ സർവകക്ഷിയോഗ തീരുമാനം ഇതുവരെ നടപ്പാക്കാത്ത സർക്കാരാണിത്. എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാരിനെ പഴിചാരുകയാണ് എൽ.ഡി.എഫ്. വിഷയത്തിൽ പുതിയ നിയമനിർമാണം കേന്ദ്രം കൊണ്ടുവരണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പൂജ്യം ബഫർസോൺ എന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. സുപ്രീംകോടതിയെയും കേന്ദ്ര സർക്കാരിനെയും ഇക്കാര്യം നേരത്തെ അറിയിച്ചതാണ്. എന്നാൽ പരിഗണിക്കാൻ പോലും തയ്യാറായില്ല. ഏറ്റവുമൊടുവിൽ എംപവേർഡ് കമ്മിറ്റി മുമ്പാകെയും ഇക്കാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയെന്ന് പറഞ്ഞാണ് എൽ.ഡി.എഫിന്റെ പ്രതിരോധം. എന്നാൽ പരിസ്ഥിതിലോല മേഖല അനിവാര്യമാണെന്ന നിലപാടിൽ പരിസ്ഥിതി സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. ഉത്തരവിനെതിരെ ശക്തമായി പ്രതികരിക്കുന്നവർ ഖനന, ടൂറിസം ലോബിയുടെ ഭാഗമായാണ് പരിസ്ഥിതി സംഘടനകളിൽ പലതിനെയും കാണുന്നത്. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന നിരോധനമോ നിയന്ത്രണമോ പരിസ്ഥിതിലോല മേഖലകളിൽ ഇല്ലെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എന്നാലും വരുംദിവസങ്ങളിൽ അതിശക്തമായ പ്രതിഷേധങ്ങൾക്കാണ് ഇടുക്കി സാക്ഷ്യം വഹിക്കാൻ പോകുന്നത്.

എങ്ങനെയും പിൻവലിപ്പിക്കണം

രാജ്യത്തെ ജനങ്ങളുടെ ആവാസ വ്യവസ്ഥയെ സംബന്ധിച്ച് സുപ്രീംകോടതിയെ വേണ്ടവിധത്തിൽ ബോദ്ധ്യപ്പെടുത്താൻ കഴിയാതെ പോയതിന്റെ പരിണിത ഫലമാണ് ഈ വിധി. വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അന്തരീക്ഷ ദൂരം ബഫർ സോണാക്കിയാൽ ജില്ലയിലെ ജനജീവിതം വലിയ പ്രതിസന്ധിയിലാകും. ഇടുക്കിയിലെ ഭൂപ്രദേശം വനമേഖലകളാൽ ചുറ്റപ്പെട്ടിട്ടുള്ളതാണ്. ഇപ്പോൾ പുറത്ത് വന്നിട്ടുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബഫർസോണായി പ്രഖ്യാപിച്ചാൽ ഇടുക്കിയിലെ സാധാരണ മനുഷ്യർ വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് പെരുവഴിയിലാകും. ഇടുക്കിയിലെ ടൂറിസത്തിനും കാർഷിക മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്കും കടുത്ത നിയന്ത്രണം വരും. വന്യജീവി ആക്രമണം കൊണ്ട് ജനജീവിതം ദുസഹമായിരിക്കുകയാണ്. കോടതിവിധി ജില്ലയിലെ തീവ്ര ജനവാസ മേഖലകളെ ഗുരുതരമായി ബാധിക്കും. കേരളത്തിലെ അഞ്ച് ദേശീയോദ്യാനങ്ങളുടെയും 17 വന്യജീവി സങ്കേതങ്ങളുടേയും 3213 ചതുരശ്ര. കിലോമീറ്റർ ഭൂപ്രദേശത്തിന് ചുറ്റുമാണ് ബഫർസോൺ ബാധകമായിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇടുക്കി ജില്ലയെയാണ്. നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്. പ്രദേശത്ത് ജീവിക്കണമെങ്കിൽ പ്രത്യേക മാസ്റ്റർപ്ലാൻ തയാറാക്കി 26 ഇന മാർഗ നിർദേശങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUFFER ZONE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.