SignIn
Kerala Kaumudi Online
Saturday, 20 April 2024 2.42 AM IST

മണിച്ചന്മാർ ഉണ്ടാകുന്നത് ...

manichan

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ ജയിൽ മോചനത്തിന് വഴിതെളിഞ്ഞു. ഇതു സംബന്ധിച്ച ഫയലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിൽ മോചിതനാകാൻ കുറച്ചുനാൾ കൂടി വേണ്ടിവരും. മണിച്ചൻ ഉൾപ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവു ചെയ്യണമെന്ന മന്ത്രിസഭയുടെ ശുപാർശയിലാണ് ഗവർണർ ഒപ്പുവച്ചത്. 22 വർഷത്തെ ജയിൽവാസത്തിനു ശേഷം മോചിതനാകുന്ന മണിച്ചന് 30.5 ലക്ഷം രൂപ പിഴയടച്ചാൽ മാത്രമേ പുറത്തിറങ്ങാനാകൂ എന്നതാണ് മറ്റൊരു പ്രധാന തീരുമാനം. ഈ പിഴയൊടുക്കാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല മണിച്ചന്റെ കുടുംബം. അതിനാൽ പിഴ ഒഴിവാക്കാൻ മണിച്ചൻ സുപ്രീം കോടതിയെ സമീപിക്കുമെന്നാണറിയുന്നത്.

33 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചതാണ്.

മുഖ്യപ്രതികൾ നീണ്ട 22 വർഷങ്ങൾക്ക് ശേഷം ജയിൽമോചിതരാകുമ്പോൾ മണിച്ചന്മാരെ സൃഷ്ടിച്ച നമ്മുടെ വ്യവസ്ഥിതിയും ഭരണകൂടങ്ങളും എന്തെങ്കിലും പാഠം ഉൾക്കൊണ്ടോ എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ഒരുകാലത്ത് കേരളത്തിലെ അറിയപ്പെടുന്ന മദ്യരാജാക്കന്മാരിൽ ഒരാളായിരുന്ന മണിച്ചൻ എങ്ങനെയാണ് ആ പദവിയിലേക്കെത്തിയത് എന്നറിയുമ്പോഴാണ് വ്യവസ്ഥിതിയും ഭരണകൂടങ്ങളുമൊക്കെ പ്രതിക്കൂട്ടിലാകുന്നത്. 1995 നവംബർ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി സംസ്ഥാനത്ത് ചാരായ നിരോധനം നടപ്പാക്കിയതോടെ തുടങ്ങിയതാണ് ഈ ദുരന്തത്തിന്റെ നാൾവഴി. അതോടെ ചാരായഷാപ്പുകൾ അടച്ചുപൂട്ടി. എന്നാൽ ബാറുകളുടെ എണ്ണം കൂട്ടി വിദേശമദ്യം ആവശ്യാനുസരണം ലഭ്യമാക്കി. വിദേശമദ്യ വ്യാപാരം സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ കുത്തകയായി. സാധാരണക്കാരന്റെയും പാവങ്ങളുടെയും ആശ്രയമായിരുന്ന ചാരായം ഇല്ലാതാകുകയും വിദേശമദ്യം വ്യാപകമാകുകയും ചെയ്തതോടെ ചാരായനിരോധനം ഉദ്ദേശിച്ച ഒരു ഫലവും നൽകിയില്ല. തുച്ഛവിലയ്ക്ക് ചാരായം കുടിച്ചവർ വലിയവില നൽകി വിദേശമദ്യം കഴിക്കാൻ തുടങ്ങിയതോടെ മദ്യമുതലാളിമാരുടെയും കീശവീർത്തു. 1996 ൽ ചാരായനിരോധനം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫ് സർക്കാർ പരാജയപ്പെട്ടു. ഇടതുമുന്നണി അധികാരത്തിലെത്തി. ഇ.കെ നായനാർ മുഖ്യമന്ത്രിയായി. നിരോധിച്ച ചാരായം കള്ളുഷാപ്പുകളിലൂടെ യഥേഷ്ടം വിറ്റുതുടങ്ങിയതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് സ്പിരിറ്റിന്റെ ഒഴുക്ക് തന്നെയുണ്ടായി. സർക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം അതിന്റെ ഗുണഭോക്താക്കളായതോടെ സംസ്ഥാനത്ത് അനധികൃത സ്പിരിറ്റ് കച്ചവടവും കള്ളിൽ ചാരായം കലർത്തി വില്പനയും വ്യാപകമായി. അങ്ങനെ ഉയർന്നുവന്ന മദ്യരാജാവായിരുന്നു ചിറയിൻകീഴ് സ്വദേശി മണിച്ചൻ എന്ന ചന്ദ്രൻ. തിരുവനന്തപുരം റേഞ്ചിലെ കള്ളുഷാപ്പുകൾ മുഴുവൻ ലേലത്തിൽ പിടിച്ച മണിച്ചൻ തന്റെ ഷാപ്പുകളിലൂടെ യഥേഷ്ടം സ്പിരിറ്റൊഴുക്കി. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഭരണകക്ഷി നേതാക്കൾക്കുമെല്ലാം മണിച്ചൻ വാരിക്കോരി പണം നൽകി.

എല്ലാവരും ആനന്ദത്തിലാറാടി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ദുരന്തം വിഷമദ്യത്തിന്റെ രൂപത്തിൽ ഫണം വിടർത്തിയത്. 2000 ഒക്ടോബർ 20, 21, 22 ദിവസങ്ങളിലായി കല്ലുവാതുക്കൽ, പട്ടാഴി, തിരുവനന്തപുരം പള്ളിപ്പുറം എന്നിവിടങ്ങളിലായി 33 പേർ പിടഞ്ഞു വീണു മരിച്ചു. 20 ന് പ്രഭാകരൻ എന്നയാൾ കല്ലുവാതുക്കൽ ജംഗ്ഷനിൽ കുഴഞ്ഞുവീണ് മരിച്ചിടത്താണ് തുടക്കം. പിന്നീട് മൂന്ന് ദിവസങ്ങളിലായി നിരവധി പേർ കുഴഞ്ഞുവീണ് മരിച്ചു. രക്ഷപ്പെട്ട നിരവധി പേരുടെ കാഴ്ചശക്തി നശിച്ചു. അതോടെ കല്ലുവാതുക്കൽ ജംഗ്ഷനിലെ വീട്ടിൽ ചാരായക്കച്ചവടം നടത്തിയിരുന്ന 'താത്ത" എന്നറിയപ്പെടുന്ന ഹയറുന്നിസ, ഭർത്താവ് രാജൻ എന്നിവർ ആദ്യമായി പിടിയിലായി. കൊച്ചനിയാണ് ഇവിടെ ചാരായം എത്തിച്ചിരുന്നതെന്നാണ് ഹയറുന്നിസ പൊലീസിനോട് പറഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിലാണ് മണിച്ചനടക്കം പ്രതികൾ പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിൽപോയ മണിച്ചൻ പിന്നീട് അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. മീഥൈൽ ആൽക്കഹോൾ കലർന്ന മദ്യം കഴിച്ചതാണ് മരണകാരണമായത്. അന്ന് ഐ.ജി ആയിരുന്ന സിബിമാത്യൂസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെല്ലാം കൊല്ലം ജില്ലാ ജയിലിൽ കിടന്നാണ് വിചാരണ നേരിട്ടത്. 2002 ജൂലായ് 16 ന് മണിച്ചനടക്കം 13 പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും മറ്റു 14 പേർക്ക് 7 മുതൽ 10 വർഷം വരെ തടവും കൊല്ലം ജില്ലാ സെഷൻസ് ജഡ്ജിയായിരുന്ന ചന്ദ്രദാസ നാടാർ വിധിപ്രസ്താവിച്ചു. മണിച്ചന് വിവിധ വകുപ്പുകളിലായി 30.45 ലക്ഷം പിഴയും ജീവപര്യന്തം അടക്കം 43 വർഷത്തെ തടവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് പറഞ്ഞിരുന്നു. താത്തയും ഭർത്താവ് രാജനും ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ മരണമടഞ്ഞു. അബ്കാരി കേസിലാണ് മണിച്ചനെ ശിക്ഷിച്ചതെന്നതാണ് ഇപ്പോഴത്തെ ജയിൽ മോചനത്തിന് പ്രധാനകാരണമായതെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.

മര്യാദക്കാരനായ

തടവുപുള്ളി

ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ മണിച്ചൻ അപ്പീൽ പോയെങ്കിലും ജില്ലാ കോടതി നൽകിയ ശിക്ഷ ശരിവയ്ക്കുകയായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനായ മണിച്ചൻ മര്യാദക്കാരനായതോടെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി. ഇപ്പോൾ അവിടെ മികച്ച കർഷകനാണ് മണിച്ചൻ. ഇടയ്ക്കിടെ പരോളിലിറങ്ങുന്ന മണിച്ചൻ ആറ്റിങ്ങലിൽ ബന്ധു നടത്തുന്ന ജ്യൂസ് കടയിൽ പോയിരിക്കും. മണിച്ചനെ മോചിപ്പിക്കുന്നതിൽ ഭിന്നാഭിപ്രായമുള്ളവർ ഉണ്ടെങ്കിലും കല്ലുവാതുക്കൽ മദ്യദുരന്തത്തിനു കാരണമായ മീഥൈൽ ആൽക്കഹോൾ എവിടെ നിന്നാണെത്തിയതെന്ന കാര്യം തനിയ്ക്കറിയുകയേ ഇല്ലെന്നാണ് ജ്യൂസ് കടയിൽ അടുത്തിടെ മണിച്ചനെ കണ്ടമുട്ടിയ മാദ്ധ്യമ പ്രവർത്തകനോട് അദ്ദേഹം പറഞ്ഞത്. തന്റെ ഷാപ്പുകളിൽ നിന്ന് മദ്യപിച്ച ഒരാൾ പോലും മരിച്ചില്ല. താൻ വിഷമദ്യം വിതരണം ചെയ്തിരുന്നെങ്കിൽ നൂറുകണക്കിന് ആളുകൾ പിടഞ്ഞുവീണ് മരിക്കുമായിരുന്നുവെന്നും മണിച്ചൻ പറഞ്ഞു. മണിച്ചൻ പറഞ്ഞത് സത്യമായാലും കള്ളമായാലും കല്ലുവാതുക്കലിൽ മരിച്ച 19 പേരുടേയും പട്ടാഴിയിൽ മരിച്ച ഒൻപത് പേരുടേയും പള്ളിപ്പുറത്ത് മരിച്ച രണ്ട് പേരുടെയും മരണകാരണമായ മീഥൈൽ ആൽക്കഹോൾ എവിടെനിന്നെത്തിയെന്നത് അന്നും ഇന്നും ദുരൂഹമായി തുടരുന്നു. ഭരിക്കുന്ന സർക്കാരിന് എത്രയൊക്കെ വിശ്വസ്തനായാലും അയാൾ സർക്കാരിന് തലവേദനയാകുകയോ അനഭിമതനാവുകയോ ചെയ്താൽ പിന്നെ അയാളുടെ അനുഭവം മണിച്ചന്റേതായിരിക്കുമെന്നാണ് ചരിത്രം നൽകുന്ന പാഠം. മണിച്ചനിൽ നിന്ന് കോടികൾ മാസപ്പടിയായി വാങ്ങിയതായി ആരോപണം ഉയർന്ന പല മാന്യന്മാരും പിന്നീട് എം.എൽ.എ മാരും മന്ത്രിമാരുമൊക്കെയായി മാറിയതും മറ്റൊരു ചരിത്രം. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കും ഒന്നും സംഭവിച്ചില്ല.

അന്വേഷണ

ഉദ്യോഗസ്ഥരുടെ പോര്

കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തലവൻ സിബിമാത്യൂസും സംഘത്തിലെ പ്രധാനിയായിരുന്ന ഡിവൈ.എസ്.പി കെ.കെ ജോഷ്വയും തമ്മിൽ പോരടിക്കുന്ന കാഴ്ചയും പിന്നീടുണ്ടായി. വിവരാവകാശ കമ്മിഷണറായി വിരമിച്ച ശേഷം സിബി മാത്യൂസ് 'നിർഭയം" എന്ന പേരിൽ എഴുതിയ സർവീസ് സ്റ്റോറിയിൽ തന്നെക്കുറിച്ചുള്ള പരാമർശമാണ് ജോഷ്വയുടെ പരസ്യ പ്രതികരണത്തിലേക്കെത്തിച്ചത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ മണിച്ചൻ പൂജപ്പുര സെൻട്രൽ ജയിലിൽവച്ച് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നൊരു പരാതി സിബി മാത്യൂസ് നൽകിയിരുന്നു. കേസന്വേഷണ സംഘത്തലവനായ തന്നെ മാത്രം മണിച്ചൻ ലക്ഷ്യമിട്ടതിനു കാരണം ജോഷ്വയും മണിച്ചനുമായി ഒരു 'ഡീൽ" ഉണ്ടാക്കിയിരുന്നോ എന്ന് സംശയിക്കുന്നെന്നാണ് പുസ്തകത്തിൽ പരാമർശിച്ചത്. എസ്.പി യായി വിരമിച്ച ജോഷ്വ ഇതിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANICHAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.