SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.41 AM IST

നാട് ഭരിക്കാനൊരു ലോട്ടറി

lottery

നിന്ന നില്പിൽ കോടീശ്വരന്മാരാവാൻ മോഹിക്കുന്നവർക്ക് മാത്രമുള്ളതാണ് ലോട്ടറിയെന്ന് ഉറപ്പിക്കേണ്ട. നാടുഭരിക്കാനും നറുക്കെടുപ്പുരീതി ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ ഇടുക്ക് തൊഴുത്തിന് പുറത്തുള്ളവർക്കു കൂടി രാജ്യഭാരത്തിന്റെ താക്കോൽ കൊടുത്തുനോക്കുന്നത് ജനാധിപത്യത്തെ കൂടുതൽ അർത്ഥവത്താക്കുമെന്നാണ് ഈ ഭരണ സമ്പ്രദായം നടപ്പിലാക്കിയ യൂറോപ്യൻ രാജ്യങ്ങൾ ലോകത്തോടു പറയുന്നത്. ജനാധിപത്യം ജീർണിച്ചുതുടങ്ങിയെന്ന് അരനൂറ്റാണ്ടു മുമ്പേ എം. ഗോവിന്ദനെപ്പോലുള്ളവർ പറയാൻ തുടങ്ങിയതാണ്. ജനങ്ങളുടെ പേരിൽ ആവിഷ്കൃതമായ പദ്ധതികളിലെല്ലാം കയ്യിട്ടുവാരാനും പിൻസീറ്റ് ഡ്രൈവിംഗിനും കക്ഷിരാഷ്ട്രീയം സാമർത്ഥ്യം കാട്ടുന്നു. ഗ്രന്ഥശാല, സഹകരണം, ജനകീയാസൂത്രണം, കുടുംബശ്രീ എന്നു തുടങ്ങി പണം വരുന്ന ഇടങ്ങളൊക്കെ - അത് ക്ഷേത്രങ്ങളായാലും മദ്യശാലകളായാലും - കക്ഷിരാഷ്ട്രീയം കക്ഷത്തിലൊതുക്കിക്കഴിഞ്ഞു.

രാഷ്ട്രീയ തിമിരത്തെ കടന്നുകാണാനും തിരുത്താനുമുള്ള ഉപരിസഭയായിട്ടായിരുന്നു ആദ്യകാലത്ത് രാജ്യസഭയുടെ സങ്കല്പനം. രാഷ്ട്രതന്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണരും പ്രമുഖ കലാകാരന്മാരും എഴുത്തുകാരും ചിന്തകരുമായിരുന്നു രാജ്യസഭയെ നയിച്ചിരുന്നത്. പോകെപ്പോകെ അതും കക്ഷിരാഷ്ട്രീയത്തിന്റെ വീതം വയ്‌പിൽ പെട്ടു. തിരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്കും ജയിക്കാനിടയില്ലാത്തവർക്കും ചാർത്തിക്കൊടുക്കുന്ന ഔദാര്യമായി മാറി. കക്ഷിരാഷ്ട്രീയത്തിന്റെ നുകം പേറാത്ത പൗരജനങ്ങൾക്കും രാജ്യഭരണത്തിൽ പങ്കാളിത്തം നൽകേണ്ടതല്ലേ? സംഘടിത പ്രസ്ഥാനങ്ങളുടെ തേരോട്ടത്തിനിടയിൽ ചതഞ്ഞരഞ്ഞുപോകുന്ന വ്യക്തിപ്രഭാവങ്ങളെയും സർഗാത്മകതയെയും സാഹസിക ചിന്തകളെയും രക്ഷിക്കേണ്ടതല്ലേ?

ഈ വഴിക്കുള്ള ചിന്തകളിൽ നിന്നാണ് യൂറോപ്യൻ രാജ്യങ്ങൾ പെർമനന്റ് സിറ്റിസൺ കൗൺസിൽ എന്ന ആശയത്തിലേക്ക് എത്തുന്നത്. പാർട്ടി അംഗമാകാതെ, രാഷ്ട്രീയത്തിൽ പ്രവർത്തിക്കാതെ, തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ, മുദ്രാവാക്യം വിളിക്കാതെ കൗൺസിൽ അംഗമാകാം. ജനങ്ങൾക്കിടയിൽ നിന്നും നേരിട്ട നറുക്കിട്ടെടുക്കുന്ന രീതി.

ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നതിന് പ്രത്യേകിച്ചൊരു യോഗ്യതയും ആവശ്യമില്ല. ജാതി, മതം, രാഷ്ട്രീയം, വിദ്യാഭ്യാസ യോഗ്യത ഒന്നും പ്രശ്നമല്ല. രാഷ്ട്രീയത്തിന്റെ മുൻവിധികളിൽ നിന്നും ഈ സമ്പ്രദായം ജനാധിപത്യത്തെ മുക്തമാക്കുന്നു. 2018ൽ ഫ്രാൻസിലുണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ നേരിടാൻ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ തുടങ്ങിവച്ച ഗ്രേറ്റ് ഡിബേറ്റാണ് പൊതുപ്രശ്നങ്ങളെ നേരിടാൻ ഇത്തരമൊരു പദ്ധതിയിലേക്ക് നയിച്ചത്. 2021 മുതൽ പാരീസിൽ ഇത്തരത്തിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട പെർമനന്റ് സിറ്റിസൺസ് കൗൺസിൽ നിലവിൽ വന്നു. ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പിക്കാനുള്ള ഇത്തരം സമിതികൾ പാരീസിനു പുറമേ ബെൽജിയം, പോളണ്ട്, ആസ്ട്രേലിയ എന്നിവിടങ്ങളിലും സജീവമാണ്. ഭരണവൃത്തത്തിനും ജനവൃത്തത്തിനുമിടയിൽ പാലമായി പ്രവർത്തിക്കുന്ന ഈ സമിതികൾ പാർലമെന്ററി ജനാധിപത്യത്തിൽ ഉപരിസഭകൾക്ക് സമാനമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയേതര സമൂഹത്തിന്റെ പ്രാതിനിദ്ധ്യം കൂടി ഈ നറുക്കെടുപ്പിലൂടെ ഭരണസംവിധാനത്തിന് ലഭ്യമാകുന്നു.

കക്ഷിരാഷ്ട്രീയത്തിന്റെയും തൊഴിലാളി സംഘടനകളുടെയും ധാർഷ്ട്യത്തെ ലഘൂകരിക്കാൻ ഈ ജനകീയ ലോട്ടറി വഴിതുറന്നേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CITIZENS IN GOVERNANCE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.