കൊല്ലം: പ്രതിസന്ധികളെ തോൽപ്പിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് സ്വന്തമാക്കിയ ഉത്തർപ്രദേശുകാരൻ കുൽദീപ് യാദവിന് മലയാള നാടിന്റെ സ്നേഹ വാത്സല്യം.
അടച്ചുറപ്പുള്ള വീട് നിർമ്മിക്കാൻ മൂന്ന് സെന്റ് ഭൂമി വാങ്ങി നൽകുമെന്ന് കൊട്ടാരക്കര നഗരസഭ ചെയർമാനും കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റുമായ എ.ഷാജു പറഞ്ഞു. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലാണ് നിലവിൽ കുൽദീപും കുടുംബവും താമസിക്കുന്നതും റേഷൻകാർഡ് ഉള്ളതും. അതിനാൽ നെടുവത്തൂരിൽ ഭൂമി വാങ്ങാനാണ് ലക്ഷ്യമിടുന്നത്.
കുൽദീപിന്റെ തുടർ പഠനച്ചെലവുകൾ ഡി.വൈ.എഫ്.ഐ നെടുവത്തൂർ മേഖലാ കമ്മിറ്റി ഏറ്റെടുത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബു, എ.ഐ.എസ്.എഫ് ജില്ലാ ജോ.സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ വീട്ടിലെത്തി കുൽദീപിനെ അനുമോദിച്ചു. കുൽദീപിന്റെ മിന്നും വിജയവും വീട്ടിലെ ദുരിതാവസ്ഥയും 16ന് 'യു.പിക്കാരന് എ പ്ളസ് തിളക്കം' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഗോരഖ് പൂർ സ്വദേശി രാം കരൺ - സബിത ദമ്പതികളുടെ മകനായ കുൽദീപിന് പഠിക്കാൻ മിടുക്കിയായ ഒൻപതാം ക്ളാസുകാരി അനുജത്തി അനാമികയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |