കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതി 28നു വിധി പറയും. ഹർജിയിൽ ഇന്നലെ അന്തിമ വാദം പൂർത്തിയായി.
തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കാൻ ഹർജി നൽകിയത്. അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ പരിശോധനയ്ക്കായി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, സുഹൃത്ത് ശരത്, ഡോ. ഹൈദരാലി എന്നിവരുടെ ശബ്ദസാമ്പിളുകൾ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. സുരാജിന്റെയും അനൂപിന്റെയും രണ്ടു ഫോണുകൾ ലഭിക്കാനുണ്ടെന്നും വിശദീകരിച്ചു.
സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവു നശിപ്പിച്ചെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും ചേർന്ന് കെട്ടിച്ചമച്ച തിരക്കഥയാണിതെന്നും ആരോപിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയ്‌സ് ക്ളിപ്പുകൾ എന്ന് റെക്കാഡ് ചെയ്തവയാണെന്ന് കണ്ടെത്താൻ കോടതി നിർദ്ദേശിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. ആ നിലയ്ക്ക് ശബ്ദരേഖകൾ റെക്കാർഡ് ചെയ്ത തീയതിക്ക് പ്രാധാന്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ശബ്ദരേഖകളിൽ കൃത്രിമമില്ലെന്നും ലാപ്‌ടോപ്പിൽ നിന്ന് പെൻഡ്രൈവിലേക്ക് പകർത്തിയ ശബ്ദരേഖകളാണ് ഹാജരാക്കിയതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. ലാപ്ടോപ്പ് കണ്ടെത്താനായോ എന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം നടക്കുന്നു എന്നായിരുന്നു മറുപടി.