SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.14 AM IST

ഇന്ന് വായന ദിനം, ഉയർന്ന വായന ആവശ്യപ്പെടുന്ന കാലഘട്ടം

dr-r-vijayamohan
ഡോ.ആർ.വിജയമോഹനൻ

ആശയം ഗ്രഹിക്കുക എന്നത് വായനയുടെ പ്രാഥമികമായ ഉദ്ദേശ്യം മാത്രമാണെന്ന് നമുക്കറിയാം. കേവലം ആനന്ദത്തിനും നേരമ്പോക്കിനും വേണ്ടിയാവും ചിലർ വായിക്കുന്നത്. അതിനു ചേർന്ന പുസ്തകങ്ങളായിരിക്കും അവർ തെരഞ്ഞെടുക്കുന്നതും. എന്നാൽ, വിജ്ഞാനാർജ്ജനം മുന്നിൽ കണ്ടുകൊണ്ടുള്ള വായനയാണ് സമൂഹത്തിൽ ഭൂരിപക്ഷത്തിനും പ്രധാനം. വൈജ്ഞാനിക മേഖലയിൽ അനുദിനം ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങൾ അറിയുന്നതിനുവേണ്ടിയുള്ള വായനയാണിത്. താൻ ഇടപെടുന്ന / ഇഷ്ടപ്പെടുന്ന മേഖലകളെ കേന്ദ്രീകരിച്ചാകും ബഹുഭൂരിപക്ഷത്തിന്റെയും വായന. പുസ്തകങ്ങൾ വായിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും അതിന്റെ സാധ്യതകൾ പരിചയപ്പെടുത്തുകയും അതിനായി പ്രവർത്തിക്കുകയും ചെയ്ത സമാദരണീയ വ്യക്തിയാണ് പി.എൻ.പണിക്കർ. ഇന്ന് പുസ്തകം മാത്രമല്ല, വിവരവിനിമയ സാങ്കേതിക വിദ്യകളുടെ വിസ്മയിപ്പിക്കുന്ന സാദ്ധ്യതകളും വായനയെ വ്യാപകമാക്കിയിരിക്കുന്നു. ഏത് രീതിയിലുള്ള വായനയായാലും ശരി, 'വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന അദ്ദേഹത്തിന്റെ മഹത് സന്ദേശത്തിന് ഇന്ന് പ്രസക്തിയേറിയിരിക്കുന്നു.
വിവരങ്ങൾ അറിയുകയും അറിവ് നേടുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക് വായനയുടെ ലോകം ഇനിയും വികസിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജനങ്ങൾ എന്ത് വായിക്കണം, എന്ത് വായിക്കരുത് എന്ന് നിക്ഷിപ്ത താൽപര്യക്കാരും ഭരണാധികാരികളും നിഷ്‌കർഷിക്കുന്ന ഒരു കാലഘട്ടമാണിത്. മതഗ്രന്ഥങ്ങൾ നിഷ്‌കർഷിക്കുന്ന ജീവിതചര്യ പാലിക്കാതിരിക്കുകയും, എന്നാൽ മതപാഠശാലകളിൽ അതിനെ അപകടകരമായ മതവിശ്വാസത്തിന്റെയും ഇതര മതസ്ഥരോടുള്ള അസഹിഷ്ണുതയുടെയും ഉപകരണമാക്കി മാറ്റുകയും ചെയ്യുന്ന കാലം. ഓരോ വാർത്താ മാദ്ധ്യമത്തിന്റെയും രാഷ്ട്രീയാഭിമുഖ്യത്തിനും കച്ചവട താൽപര്യത്തിനും അനുസൃതമായ രീതിയിൽ വാർത്തകളും നിലപാടുകളും സൃഷ്ടിച്ചെടുക്കുന്ന അപകടകരമായ ആയ സാഹചര്യവും ഇന്ന് നമ്മുടെ മുന്നിലുണ്ട്. അന്ധവിശ്വാസങ്ങളെ ശാസ്ത്രാശയങ്ങളും ശാസ്ത്ര തത്വങ്ങളുമായി ആവിഷ്‌കരിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന എത്രയോ ഉദാഹരണങ്ങൾ വർത്തമാനകാലത്ത് നമ്മുടെ മുന്നിലുണ്ട്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് വിവേചിച്ചറിയാൻ വായനക്കാരന് സാധിക്കാത്ത സ്ഥിതി. ഒരു വിഭാഗം ചരിത്രകാരന്മാരും സാഹിത്യകാരന്മാരും ഇന്ത്യയുടെ യഥാർത്ഥ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ചരിത്രത്തെയും തമസ്‌കരിച്ച് പുതിയവ രൂപപ്പെടുത്തുന്ന തിരക്കിലാണിപ്പോൾ. ഇത്തരം സൃഷ്ടികളും കലാ​ സാഹിത്യ രൂപങ്ങളും ഇനിയും നമ്മുടെ സമൂഹത്തിൽ രൂപപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കും. ഒരു പക്ഷേ ഇതിനെ തടയുക എന്നത് അസാധ്യമാണുതാനും.
വായനയുടെ രീതിശാസ്ത്രത്തിൽ മാറ്റം വരുത്തിക്കൊണ്ടു മാത്രമേ ഇതിനെ പ്രതിരോധിക്കാൻ കഴിയൂ. യുക്തിസഹമായ വായനയാണ് ഇന്ന് അനിവാര്യം. താഴ്ന്ന ക്ലാസുകൾ മുതൽ ഇതിന് അവസമൊരുക്കുകയും വേണം. വായിച്ചെടുക്കുന്ന കാര്യങ്ങൾ യുക്തിക്കു നിരക്കുന്നതാണോ എന്ന് വായനക്കാരൻ സ്വയം വിലയിരുത്തണം. അസത്യവും അബദ്ധവും അന്ധവിശ്വാസ കേന്ദ്രിതവുമായ കാര്യങ്ങൾ തള്ളിക്കളഞ്ഞ് യഥാർത്ഥവും ശാസ്ത്രീയവുമായ കാര്യങ്ങൾ സ്വീകരിക്കാൻ ഒരു നല്ല വായനക്കാരന് സാധിക്കണം. ഏതെങ്കിലും വിധത്തിലുള്ള മുൻവിധികൾ ഇക്കാര്യത്തിൽ പാടില്ല. നമ്മുടെ ഭരണഘടന ഉയർത്തി പിടിക്കുന്ന ജനാധിപത്യം, സമത്വം, ഫെഡറലിസം, മതേതരത്വം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ടും, വിവിധ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ, മാറി വരുന്ന വികസനാവശ്യങ്ങൾ, ലോക സാഹചര്യങ്ങൾ തുടങ്ങിയവ പരിഗണിച്ചു കൊണ്ടും വേണം ഇത്തരം വിശകലനാത്മക വായന നടത്തേണ്ടത്. വായിക്കുന്ന വിവരങ്ങളെയും അറിവുകളെയും വിവേകത്തോടെ സമീപിക്കാനുള്ള ഒരു സംസ്‌കാരം രൂപപ്പെടുത്താൻ സമൂഹത്തിന് കഴിയേണ്ടതുണ്ട്. സംശയം വേണ്ട, പി.എൻ പണിക്കരുടെ 'ചിന്തിച്ചു വിവേകം നേടുക' എന്നതിന്റെ പൊരുൾ ഇതു തന്നെയാണ്. പുതിയൊരു വായനാ സംസ്‌കാരം രൂപപ്പെടുത്താനുള്ള ശ്രമം ഈ ദിനത്തിൽ നമുക്കാരംഭിക്കാം.
ഡോ.ആർ.വിജയമോഹനൻ
(റിട്ട. ഡയറ്റ് പ്രിൻസിപ്പൽ, വിദ്യാഭ്യാസ പ്രവർത്തകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.