SignIn
Kerala Kaumudi Online
Saturday, 20 April 2024 6.58 PM IST

പി.എൻ. പണിക്കരോടൊപ്പം ഗ്രന്ഥശാലാ ചരിത്രം

p-n-panicker

ഇന്ന് വായനാദിനം

...........................................

കനലുപോലെ ജ്വലിക്കുന്ന ചരിത്രമാണ് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനവും അതിൽ പി.എൻ. പണിക്കർക്കുള്ള സ്ഥാനവും. വായനാദിനാചരണം 25 വർഷം പിന്നിടുന്നു.

പി.എൻ. പണിക്കർ പതിനേഴാമത്തെ വയസിലാണ് നീലംപേരൂർ ഗ്രാമത്തിൽ 1926ൽ സനാതനധർമ്മം എന്ന പേരിൽ വായനശാല ആരംഭിച്ചുകൊണ്ട് ഗ്രന്ഥശാലാ പ്രവർത്തനത്തിലേക്ക് കടന്നുവരുന്നത്. ഇന്നത്തെപ്പോലെ വീടുകളിൽ ദിനപത്രം വരുത്തുന്ന പതിവോ സാക്ഷരതയോ ഇല്ലാത്ത കാലഘട്ടം. ഇവിടെയാണ് ഒരു പതിനേഴുകാരൻ വായനയുടെയും വിജ്ഞാനത്തിന്റെയും വിതരണവുമായി സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നത്. വായനയും വിജ്ഞാനവും നിഷേധിക്കപ്പെട്ട ജനതയെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുനടത്തിയ പി.എൻ. പണിക്കരുടെ മജ്ജയും മാംസവുമാണ് ഇന്നു കാണുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ.

1945ൽ അമ്പലപ്പുഴയിലാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മാതൃസംഘടനയായ അഖിലതിരുവിതാംകൂർ ഗ്രന്ഥശാലാസംഘം പിറവിയെടുക്കുന്നത്. അദ്ധ്യാപകനായി അമ്പലപ്പുഴയിലെത്തിയ പി.എൻ. പണിക്കർ മുടങ്ങിക്കിടന്ന പി.കെ.വിലാസം ഗ്രന്ഥശാലയ്ക്ക് പുതുജീവൻ നൽകി. സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ളയുടെ പേരിൽ 1936ൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് നിലച്ചുപോയതുമായ പി.കെ. വിലാസം ലൈബ്രറി പുനരുദ്ധരിച്ചുകൊണ്ടാണ് അമ്പലപ്പുഴയിൽ പണിക്കർ ഗ്രന്ഥശാലാ പ്രവർത്തനത്തിന് തുടക്കമിട്ടത്. (സാഹിത്യപഞ്ചാനനന്റെ മരണശേഷം 1938 ൽ പി.കെ. വിലാസം ലൈബ്രറി പി.കെ. മെമ്മോറിയൽ ലൈബ്രറിയായി മാറി) 1945 സെപ്തംബർ 14ന് അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ലൈബ്രറിയിൽവച്ചാണ് ഗ്രന്ഥശാലാപ്രസ്ഥാനം ഉദയംകൊണ്ടത്. പരവൂർ മുതൽ കന്യാകുമാരി വരെ നീളുന്നതായിരുന്നു തിരുവിതാംകൂർ പ്രദേശം. 1949 ൽ തിരുകൊച്ചി സംസ്ഥാനം നിലവിൽവന്നപ്പോൾ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാസംഘം തിരു -കൊച്ചി ഗ്രന്ഥശാലാ സംഘവും 1956ൽ കേരള സംസ്ഥാനം പിറവികൊള്ളുമ്പോൾ കേരള ഗ്രന്ഥശാലസംഘവുമായി. ഈ കാലഘട്ടങ്ങളിലെല്ലാം ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി പി.എൻ. പണിക്കരായിരുന്നു. 1989ലെ കേരള സർക്കാരിന്റെ കേരള പബ്ലിക് ലൈബ്രറി ആക്ട് വന്നതോടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിലവിൽവന്നു.

47 ഗ്രന്ഥശാലകളുമായി യാത്രയാരംഭിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന് ഇന്ന് പതിനായിരത്തോടടുക്കുന്ന ഗ്രന്ഥശാലകളാണുള്ളത്. തലസ്ഥാന നഗരിയിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന ലൈബ്രറി കൗൺസിൽ ആസ്ഥാനമന്ദിരത്തിന് ഭൂമി നേടിയെടുത്തതു പോലും പി.എൻ. പണിക്കരുടെ ശ്രമഫലമായാണ്.

പി.എൻ. പണിക്കരുടെ ഒന്നാം ഓർമ്മദിനമായ 1996 ജൂൺ 19 മുതൽ കേരളത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ വായനാദിനമായി ആചരിച്ചുവരുന്നു. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് വായനാദിനത്തിന് തുടക്കം കുറിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ജൂൺ 19 വായനമാസമായി കേന്ദ്ര സർക്കാരും പി.എൻ. പണിക്കരെ ആദരിച്ചുതുടങ്ങിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAYANADINAM, P N PANICKER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.