SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.47 PM IST

സൈബർ കുറ്റകൃത്യങ്ങൾ ഏറുന്നു, വലവിരിച്ച് തട്ടിപ്പ് സംഘങ്ങൾ...

crime

മലപ്പുറം: മൊബൈലുകളും കമ്പ്യൂട്ടറുകളുമുപയോഗിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം ജില്ലയിൽ ക്രമാതീതമായി വർദ്ധിക്കുന്നു. ഓൺലൈൻ വഴിയുള്ള പണം തട്ടിപ്പ് കേസുകളും സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുള്ള ചീറ്റിംഗ് കേസുകളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് സൈബർ സെല്ലിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2021 മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ 126 കേസുകളാണ് മലപ്പുറം സൈബർ പൊലീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ പുറത്തറിയാതെ പോവുന്ന നിരവധി കേസുകളുണ്ടെന്നാണ് വിലയിരുത്തൽ. ലൈംഗികാത്രിക്രമ കേസുകളും ചിലതരം ചീറ്റിംഗ് കേസുകളുമാണ് പുറത്ത് പറയാത്തതിൽ കൂടുതലും. റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലും പിടിക്കപ്പെടാത്തതിനാലും കൂടുതൽ പേർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ട്. ഓൺലൈൻ വഴി പണം വായ്പയെടുത്ത് വലയിൽ കുരുങ്ങുന്നവരാണ് കൂടുതലുള്ളതെന്ന് സൈബർ അധികൃതർ പറയുന്നു. തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ വഴി എത്ര വേണമെങ്കിലും പണം വായ്പയായി ലഭിക്കും. തിരിച്ചടവ് സമയത്ത് ന്യായമായതിലും കൂടുതൽ തുക തിരിച്ചടക്കേണ്ടി വരുന്നതാണ് ഓൺലൈൻ വായ്പാ തട്ടിപ്പ് കേസുകളിൽ സംഭവിക്കാറുള്ളത്. പണം കൂടുതലായി നൽകിയില്ലെങ്കിൽ ക്രൂരമായ നടപടി നേരിടേണ്ടി വരുമെന്നത് വായ്പയെടുത്തവരെ ഭയപ്പെടുത്തുകയും ചെയ്യും.

സെക്സ് ചാറ്റിംഗും പണം തട്ടിപ്പും

ചീറ്റിംഗ് കേസുകളിൽ പുരുഷന്മാരാണ് കൂടുതലായും അകപ്പെടുന്നത്. ലൈംഗിക ചുവയോടെയുള്ള ചാറ്റിംഗും ദ്യശ്യങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തലാണ് ഇത്തരക്കാരുടെ രീതി. മെസ്സഞ്ചറുകൾ വഴി ഫേക്ക് ആയിട്ടുള്ള ദൃശ്യങ്ങളും സംഭാഷണങ്ങളും അയക്കും. ഇതിൽ പ്രലോഭിതരായി വീഡിയോ കോളിലേക്കും മറ്റും പോവുന്നതോടെ ചീറ്റിംഗ് നടത്തുന്നവർ ചാറ്റ് ലിസ്റ്റുകളും ഇരയുടെ സെക്സ് സംബന്ധമായ ദൃശ്യങ്ങളും വച്ച് ഭീഷണിപ്പെടുത്തും. പണം തന്നില്ലെങ്കിൽ ദൃശ്യം പ്രചരിപ്പിക്കുമെന്ന് പറയുന്നതോടെ പണം നൽകാൻ നിർബന്ധിതരാവുന്നതാണ് ഇത്തരം കേസുകളിൽ സംഭവിക്കുന്നത്. ഇര ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, സ്നാപ്ചാറ്റ് തുടങ്ങിയ ആപ്ലിക്കേഷനുകളിലാണ് ഇത്തരം സംഘങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്. അറിയാത്ത പ്രൊഫൈലുകളിൽ നിന്നും വരുന്ന സന്ദേശങ്ങളെ അവഗണിക്കുകയോ ബ്ലോക്ക് ചെയ്യുകയോ ആണ് രക്ഷപ്പെടാനുള്ള മാർഗം.

സാമൂഹിക മാദ്ധ്യമങ്ങളും പ്രതികരണങ്ങളും

പ്രകോപനപരമായ പോസ്റ്റുകളാണ് സൈബർ കേസുകളിൽ ഉൾപ്പെട്ട മറ്റൊന്ന്. വ്യക്തി കേന്ദ്രീകൃതമായി നടക്കുന്ന മോശം പ്രസ്താവനകൾ കൂടുതലായി കാണപ്പെടുന്നു. ഒരാൾക്ക് മാനഹാനിയുണ്ടാക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് സൈബർ നിയമ പ്രകാരം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രാഷ്ട്രീയത്തിന്റെ പേരിലും സ്ത്രീകളെ കേന്ദ്രീകരിച്ചുമാണ് ഇത്തരം സംഭവങ്ങൾ കൂടുതലായും നടക്കുന്നത്.

പണം കൊയ്യുന്ന ഓൺലൈൻ ഗെയിമുകൾ

ഓൺലൈൻ ഗെയിമുകൾ രക്ഷിതാക്കൾ പോലും അറിയാതെ അവരുടെ കീശ കാലിയാക്കുന്നുണ്ട്. മെല്ലെ മെല്ലെ കുട്ടികൾ ഗെയിമുകൾക്ക് അടിമയാവുന്നു. പണം നൽകാതെ കളിക്കാൻ കഴിയില്ലെന്ന് വരുമ്പോൾ ഓൺലൈൻ പണം കൈമാറ്റ ആപ്പുകൾ വഴി കുട്ടികൾ ഗെയിമുകൾക്ക് പണമടക്കും. ഇത്തരത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തിരിച്ച് പണം ലഭിക്കുമെന്ന വിശ്വാസത്തിൽ കളിക്കുന്ന ഗെയിമുകളുമുണ്ട്. മുതിർന്നവരും ഇത്തരം ഓൺലൈൻ ഗെയിമുകൾക്ക് ഇരയാണ്.

ജില്ലയിൽ രജിസ്റ്റർ ചെയ്ത സൈബർ കേസുകളുടെ എണ്ണം

ഓൺലൈൻ പണം വായ്പ തട്ടിപ്പ് - 5

പോക്സോ കേസുകൾ - 18

സാമൂഹിക മാദ്ധ്യമങ്ങളിലെ മോശം പ്രസ്താവനകൾ- 2

ലൈംഗികാത്രിക്രമ കേസുകൾ- 22

റേപ്പ് കേസുകൾ- 16

ഓൺലൈൻ ചീറ്റിംഗ്- 10

ഐ.ടി കേസുകൾ- 53

---------------------------------------------------------

2021ൽ രജിസ്റ്റർ ചെയ്ത കേസുകൾ - 104

2022ൽ ഇതുവരെ രജിസ്റ്റർ ചെയ്തത് - 22

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.