SignIn
Kerala Kaumudi Online
Saturday, 20 April 2024 12.53 AM IST

മലപ്പുറത്തെ പഠിപ്പ് നെഞ്ചിടിപ്പിലാണ്

photo

എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലത്തിന് ശേഷം ഇത്തവണയും മലപ്പുറത്തിന് ആശങ്കയുടെ നെഞ്ചിടിപ്പാണ്. ഉയർന്ന മാർക്ക് വാങ്ങി ഒന്നാമതെത്തുന്നത് മലപ്പുറത്തിന് ശീലമായിട്ടുണ്ട്. എന്നാൽ പ്ലസ് വൺ സീറ്റുകളുടെ കുറവിൽ പരാതി പറയുന്നതിൽ നിന്ന് ഇത്തവണയും മോചനമില്ല. വിജയിച്ച കുട്ടികൾക്ക് ആനുപാതികമായി ഇവിടെ സീറ്റില്ലെന്നതാണ് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും, അദ്ധ്യാപകരുടെയുമെല്ലാം നെഞ്ചിടിപ്പിന് കാരണം. ഫലം വരുമ്പോഴെല്ലാം മലപ്പുറത്ത് സീറ്റില്ലാത്ത പ്രതിസന്ധി മാദ്ധ്യമങ്ങളെല്ലാം ചൂണ്ടി കാണിക്കാറുണ്ട്. പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളുടെയും കളക്ട്രേറ്റ് മാർച്ചുകളും സജീവമാകാറുണ്ട്. ഇതൊക്കെ ആരോട് പറയാനാണ്, സീറ്റ് കിട്ടിയാൽ കിട്ടി എന്ന മട്ടിലാണ് വിദ്യാർത്ഥികൾ. നന്നായി പഠിച്ച് ഉയർന്ന മാർക്ക് വാങ്ങിയിട്ട് ഇഷ്ടപ്പെട്ട സ്കൂളും കോഴ്സും വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാത്തതിൽ ഇൗ സർക്കാരിന് തീരെ കുറ്റബോധം തോന്നാത്തത് എന്തുകൊണ്ടാണ് ? മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ അഡ്മിഷൻ ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ? കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഏറ്റവുമൊടുവിൽ താത്ക്കാലിക സീറ്റുകൾ നൽകി മുഖം രക്ഷിക്കുകയെന്നത് ശാശ്വതമല്ല. താത്ക്കാലികമായി സീറ്റ് വർദ്ധിപ്പിച്ചത് കൊണ്ട് വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം ലഭിച്ചെന്നേയുള്ളൂ. ഇഷ്ടപ്പെട്ട സ്കൂളോ, കോഴ്സോ അല്ല ഭൂരിപക്ഷം വിദ്യാർ‌ത്ഥികൾക്കും ലഭിച്ചത്. മലപ്പുറത്തിനോട് മാത്രം എന്തിനാണ് അവഗണനയെന്ന് ചോദിച്ച് എല്ലാ തവണയും നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയരാറുണ്ട്. അവഗണനയുണ്ടോ എന്ന് സർക്കാർ സൂക്ഷ്മമായി പരിശോധിച്ചാൽ നന്നാവും. ഗ്രേസ് മാർക്കുകളുടെ കാര്യത്തിൽ ഇത്തവണ വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളോട് ചെയ്തത് മോശമായി പോയെന്ന വാദങ്ങളും ഉയരുന്നുണ്ട്. ഗ്രേസ് മാർക്കില്ലാത്ത കാര്യമൊക്കെ വിദ്യാർത്ഥികളോട് ആദ്യമെ പറയേണ്ടതായിരുന്നില്ലേ എന്നാണ് പലരുടെയും ചോദ്യം. ഇതിപ്പോൾ ഫലത്തിൽ ഗ്രേസ് മാർക്ക് പ്രതീക്ഷിച്ചിരുന്നവർക്കെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടത്. എന്തായാലും വിദ്യാർത്ഥികളുടെ പ്രശ്നം ആദ്യം പരിഹരിക്കേണ്ടതാണെന്ന തിരിച്ചറിവ് സർക്കാരിനുണ്ടാവണം. കഴിഞ്ഞ തവണത്തെ പോലെ എല്ലാ പ്രതിഷേധങ്ങൾക്കും ശേഷം സീറ്റ് വർദ്ധനവിനെ കുറിച്ച് ആലോചിക്കാൻ നിൽക്കരുത്. ഏറ്റവും സുതാര്യമായും വേഗത്തിലും തുടർപഠന സൗകര്യം ഒരുക്കാൻ സർക്കാർ മുൻകൈയെടുക്കണം.

വിജയികൾ കൂടി

സീറ്റുകൾ പഴയപടി

കഴിഞ്ഞ വർഷം മലപ്പുറത്ത് ഉപരിപഠനത്തിന് അർഹത നേടിയവരുടെ എണ്ണം 75,554 ആയിരുന്നു. ഇത്തവണ 77,691 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 2,137 പേരുടെ വർദ്ധനവാണുണ്ടായത്. ഇത്രയും വിദ്യാർത്ഥികൾക്കായി 41,950 മെറിറ്റ് സീറ്റുകളാണുള്ളത്. സർക്കാർ, എയ്ഡഡ് വി.എച്ച്.എസ്.ഇകളിൽ 2,790 മെറിറ്റ് സീറ്റുകളുമുണ്ട്. എല്ലാ വിദ്യാർത്ഥികളും ഹയർസെക്കൻഡറി പഠനം തിരഞ്ഞെടുത്താൽ 32,951 വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കില്ലെന്നത് വ്യക്തവുമാണ്. സംസ്ഥാനത്തൊട്ടാകെ ഇത്തവവണ എ പ്ലസുകളുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും സീറ്റ് ലഭിക്കാത്ത സാഹചര്യം കഴിഞ്ഞ തവണയുണ്ടായിരുന്നു. ഇപ്രാവശ്യം അങ്ങനെയൊരു പ്രതിസന്ധി ഉണ്ടാവില്ലെന്നതിൽ ആശ്വസിക്കാം. 7,230 വിദ്യാർത്ഥികളാണ് മലപ്പുറത്ത് മുഴുവൻ വിഷയങ്ങലും എ പ്ലസ് നേടിയത്. സയൻസ് വിഭാഗത്തിൽ 22,286, ഹ്യുമാനിറ്റീസ് 13,000 കൊമേഴ്സ് 17,939 എന്നിങ്ങനെയാണ് മലപ്പുറത്തുള്ള എയ്ഡഡ്, അൺ എയ്ഡഡ് സീറ്റുകളുടെ എണ്ണം. പോളിടെക്നിക്, ഐ.ടി.ഐ ഉൾപ്പെടെയുള്ളവയുടെ സീറ്റുകൾ പരിഗണിച്ചാലും 25,000ത്തിലേറെ വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. ഉപരിപഠനത്തിന് അർഹത നേടിയവരുടെ എണ്ണം വർദ്ധിക്കുമ്പോൾ സീറ്റുകളുടെ കുറവ് കാരണം വിദ്യാർത്ഥികൾ നെട്ടോടമോടുകയാണെന്ന് സർക്കാർ മനസിലാക്കണം.

വൈകി വരുന്ന

ആശ്വാസം

കഴിഞ്ഞ തവണയും നിരവധി വിദ്യാർത്ഥികൾ പുറത്തിരിക്കേണ്ടി വരുമെന്ന് സർക്കാരിന് പൂർണബോദ്ധ്യമുണ്ടായിട്ടും ഏറെ വൈകിയാണ് താത്ക്കാലിക സീറ്റുകൾ അനുവദിച്ചത്. അലോട്ട്മെന്റുകളെല്ലാം കഴിഞ്ഞുള്ള താത്ക്കാലിക സീറ്റ് വർദ്ധനവ് വിദ്യാർത്ഥികൾക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കും. എവിടെയെങ്കിലും സീറ്റ് ലഭിച്ചാൽ മതിയെന്ന ആഗ്രഹത്തിൽ വിദ്യാർത്ഥികൾ അവരുടെ ഇഷ്ടപ്പെട്ട കോഴ്സുകളടക്കം മറക്കേണ്ടി വരും. ഇത്തവണയെങ്കിലും ഇതെല്ലാം ആദ്യമേ കണ്ടറിഞ്ഞ് ആദ്യ അലോട്ട്മെന്റിന് മുമ്പായി സീറ്റ് വർദ്ധിപ്പിക്കുകയാണ് വേണ്ടത്. ഒാരോ ജില്ലയിലും കുറവുള്ള സീറ്റുകൾ എത്രയെന്ന് പഠനം നടത്തിയ ശേഷം സീറ്റുകൾ അനുവദിക്കുകയും ശേഷം അലോട്ട്മെന്റ് പ്രഖ്യാപിക്കുകയും ചെയ്യുന്നതോടെ മുഴുവൻ വിദ്യാർത്ഥികൾക്കും അർഹമായ ഉപരിപഠനം സാദ്ധ്യമാവും.

ഗ്രേസ് മാർക്കിൽ

പൊലിഞ്ഞ എ പ്ലസുകൾ

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ഫലത്തിനൊപ്പം നൽകുന്ന ഗ്രേസ് മാർക്ക് ഇത്തവണ വിദ്യാഭ്യാസവകുപ്പ് നൽകിയിട്ടില്ല. ഹൈസ്കൂൾ വിഭാഗത്തിലുള്ള എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി തുടങ്ങിയവയ്ക്ക് നിശ്ചിത ഗ്രേസ് മാർക്കുകൾ നൽകാറുണ്ട്. സ്കൂൾ കലാകായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിലെത്തിയ വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്ക് ലഭിക്കാറുണ്ട്. കഴിഞ്ഞതവണ കൊവിഡ് പശ്ചാത്തലത്തിൽ കലാകായിക മത്സരങ്ങളും, മറ്റു പ്രവർത്തനങ്ങളും നടക്കാത്തതിനാൽ ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. കഴിഞ്ഞ തവണ ഫോക്കസ് ഏരിയ വിദ്യാർത്ഥികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ ഇത്തവണ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാത്തത് വലിയ തിരിച്ചടിയായി. സ്കൂൾ കലാകായിക മത്സരങ്ങൾ നടന്നില്ലെങ്കിലും എൻ.സി.സി, എസ്.പി.സി , ജെ.ആർ.സി തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഗ്രേസ് മാർക്ക് ഉണ്ടാവില്ലെന്ന കാര്യം ഇൗ വിദ്യാർത്ഥികളെ സർക്കാർ അറിയിച്ചിരുന്നില്ല. സാധാരണ എസ്.എസ്.എൽ.സി മൂല്യനിർണയ സമയത്ത് സ്കൂളുകളിൽ നിന്ന് ഗ്രേസ് മാർക്കിന് അർഹരായവരുടെ വിശദാംശങ്ങൾ ശേഖരിക്കാറുണ്ട്. സ്കൂളിലെ അദ്ധ്യാപകർ വിദ്യാർത്ഥികളുടെ വിവരങ്ങളെല്ലാം തയാറാക്കിയെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇതൊന്നും ശേഖരിച്ചില്ല. അവസാനനിമിഷം ഗ്രേസ് മാർക്കില്ലെന്നറിഞ്ഞതോടെ പ്രതീക്ഷിച്ച റിസൾട്ട് പലർക്കും ലഭിച്ചില്ല. കഴിഞ്ഞ തവണ പ്ലസ് വൺ അഡ്മിഷൻ സമയത്ത് ഗ്രേസ് മാർക്കിന് പകരം ബോണസ് മാർക്ക് നൽകിയിരുന്നു. ഇത്തവണ ബോണസ് മാർക്കിനെ കുറിച്ചും വ്യക്തത വരുത്തിയിട്ടില്ല. വിദ്യാഭ്യാസരംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന കേരളം ചില കാര്യങ്ങളിൽ ഇനിയും പക്വമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം പൂർത്തീകരിക്കുന്ന ഒരു വിദ്യാർത്ഥിക്ക് സുതാര്യമായി ഉയർന്ന തലങ്ങളിലേക്കുള്ള അവസരങ്ങളൊരുക്കി നൽകേണ്ടത് സർക്കാരിന്റെ കടമയാണ്. വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഉടനടി പരിഹാരമെന്ന സംവിധാനം പൊളിച്ചെഴുതേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUS ONE ADMISSION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.