Kerala Kaumudi Online
Saturday, 25 May 2019 3.42 PM IST

അഴിമതിയിൽ നിറം മങ്ങിയ ടെക്‌സ്റ്റൈൽ മില്ലുകൾ, നരകയാതനയിൽ തൊഴിലാളികൾ

textile-mill

സംസ്ഥാനത്ത് പല പൊതുമേഖലാ സ്ഥാപനങ്ങളും കടക്കെണിയിൽ നിന്ന് പുറത്തേയ്ക്ക് വരികയാണിപ്പോൾ. എന്നാൽ കേരളത്തിലെ ടെക്‌സ്റ്റൈയിൽ മില്ലുകളുടെ നഷ്ടം ഇപ്പോഴും തുടർക്കഥയാവുന്നു. ജീവനക്കാരുടെ ശമ്പളവും ആനൂകൂല്യങ്ങളും വരെ മുടങ്ങുന്ന സ്ഥിതി വിശേഷവുമുണ്ട്. സർക്കാരിൽ നിന്ന് ധനസഹായം കിട്ടിയിട്ടും സ്ഥാപനങ്ങളൊന്നും കരകയറുന്നില്ല. ഇതിന്റെ കാരണങ്ങൾ തേടിയപ്പോൾ നേർക്കണ്ണ് കണ്ടത് ഇതാണ്

വ്യവസായ ഉൽപ്പാദന മേഖലയിൽ ടെക്‌സ്റ്റൈയിൽ മില്ലുകളുടെ പങ്ക് സുപ്രധാനമാണ്. കാർഷിക രംഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ടെക്‌സ്റ്റൈൽ വ്യവസായം മേഖലയിൽ ഇന്ന് നടന്നുവരുന്നത് എന്താണ്? സ്വകാര്യ മില്ലുകളും കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളും ലാഭത്തിലോടുമ്പോൾ നമ്മുടെ സഹകരണ മില്ലുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. സ്പിന്നിംഗ് മുതൽ ഗാർമെന്റ്സ് വരെ വ്യാപിച്ചുകിടക്കുന്നതാണ് കേരളത്തിലെ ടെക്‌സ്റ്റൈയിൽ രംഗം. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ പൊതുമേഖലകളിലും സഹകരണമേഖലകളിലുമായി 17 മില്ലുകളാണ് കേരളത്തിലുള്ളത്. പരുത്തിയുടെ വിലവർദ്ധനവും ഉൽപ്പാദിപ്പിക്കുന്ന നൂലിന് മെച്ചപ്പെട്ട വില ലഭിക്കാത്തതും പ്രതികൂലമായ ആന്തരിക പ്രശ്നങ്ങളും വ്യവസായത്തെ പിന്നോട്ടടിക്കുകയാണ്.

വർഷാവർഷം ലഭിക്കുന്ന പ്രവർത്തന മൂലധനത്തിൽ ഗണ്യമായ കുറവ് വന്നതോടെ അസംസ്‌കൃത വസ്തുക്കുളുടെ അഭാവം എല്ലാ മില്ലുകളും നേരിടുന്നുണ്ട്. തൊഴിലാളികൾക്ക് നിയമപരമായി നൽകേണ്ട പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി, തുടങ്ങിയവ പോലും അടയ്ക്കാനാകാത്ത സാഹചര്യമാണ് പല മില്ലുകളിലും. പ്രതികൂല കാലാവസ്ഥയിൽ ദിനംപ്രതി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഈ ഉൽപ്പാദന മേഖലയെ സംരക്ഷിക്കാൻ ഒരു കോണിൽ നിന്നും കാര്യമായ ഇടപെടലുണ്ടാകുന്നില്ല.

കാലാകാലങ്ങളായി നടന്നുവരുന്ന അഴിമതികളും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും സ്പിന്നിംഗ് മില്ലുകളെ തളർത്തിയിട്ടേയുള്ളു. എട്ട് പൊതുമേഖലാ ടെക്‌സ്റ്റൈയിൽ മില്ലുകളുൾപ്പെടെ ഈ സാമ്പത്തിക വർഷം സർക്കാരിനുണ്ടാക്കിയ നഷ്ടം 77 കോടി രൂപയാണ് കേരളാ സ്റ്റേറ്റ് ടെക്‌സ്റ്റൈയിൽ കോർപ്പറേഷനു കീഴിൽ ഏഴ് സ്പിന്നിംഗ് മില്ലുകളും ടെക്സ് ഫെഡിനു കീഴിൽ എട്ട് സഹകരണ സ്പിന്നിംഗ് മില്ലുകളുമാണ് പ്രവർത്തിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർച്ച് അടച്ചിട്ട പല മില്ലുകളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയിട്ട് അധികനാൾ ആയിട്ടില്ല. സ്പിന്നിംഗ് മില്ലുകളിലെ അസംസ്‌കൃത വസ്തുവായ പരുത്തിയുടെ വാങ്ങലിലും നൂൽ വിൽപ്പനയിലും തുടങ്ങി കാലപ്പഴക്കം ചെന്ന യന്ത്രങ്ങളുടെ വിൽപ്പനയിൽ വരെ അഴിമതി കയറികൂടി എന്നതാണ് ഈ മേഖലയെ തളർത്തുന്ന ആദ്യ വസ്തുത.

textile-mill

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പരുത്തി വാങ്ങുന്നതിൽ പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടായിരിക്കെ അതൊന്നും പാലിക്കാതെ കമ്മിഷൻ വ്യവസ്ഥയിൽ ആയിരുന്നു മിക്കപ്പോഴും പർച്ചേസിംഗ്. കർഷകരിൽ നിന്ന് നേരിട്ട് പരുത്തി വാങ്ങാൻ സൗകര്യം ഉള്ളപ്പോൾ അത് ഒഴിവാക്കി ഏജന്റുമാർ വഴി കരാർ ഉണ്ടാക്കാനാണ് മിക്കപ്പോഴും താൽപ്പര്യം. ബാഹ്യ ഇടപെടൽ ഒഴിവാക്കാൻ കോട്ടൺ കോർപ്പറേഷൻ ഇന്ത്യയുടെ നിരക്ക് പരിശോധിക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടില്ല. ഗുണമേന്മ കുറഞ്ഞ പരുത്തി വാങ്ങുന്നത് വഴി ഉൽപ്പന്നങ്ങൾ മില്ലുകളിൽ കെട്ടിക്കിടക്കുന്ന സാഹചര്യവും വന്നെത്തിയിരിക്കുന്നു. സംസ്ഥാനത്തെ ടെക്‌സ്റ്റൈയിൽ മേഖലയുടെ സമഗ്ര നവീകരണത്തിനായി രൂപീകരിച്ച നന്ദകുമാർ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ച് വർഷം ഒന്നു കഴിഞ്ഞിട്ടും ഇന്നുവരെ യാതൊരു നീക്കുപോക്കുമില്ല.

അന്യസംസ്ഥാന തൊഴിലാളികളുടെ ബലത്തിലാണ് കേരളത്തിലെ സ്പിന്നിംഗ് മില്ലുകൾ പലതും ഇന്ന് പ്രവർത്തിക്കുന്നത്. അർഹതപ്പെട്ട ആനുകൂല്യം കിട്ടാതെ വന്നതോടെ പിരിഞ്ഞുപോയ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. 58 വയസുവരെ ജോലി ചെയ്തിട്ടും നിത്യചെലവിനായി മക്കളെ ആശ്രയിക്കേണ്ടി വരുന്നവരുടെ മാനസിക പിരിമുറുക്കം എത്രത്തോളമായിരിക്കും. പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കാനുള്ള സർക്കാർ നീക്കങ്ങളിൽ നിന്ന് സഹകരണ സ്പിന്നിംഗ് മില്ലുകളെ ഒഴിവാക്കപ്പെടരുത്. പരമ്പരാഗത തൊഴിൽ സംസ്‌കാരം എടുത്തുകാട്ടുന്ന ഈ മേഖലയെ പ്രൗഢിയിലേക്ക് നയിക്കേണ്ടതുണ്ട്. അതിനാദ്യം വേണ്ടത് ആധുനികവൽക്കരണത്തിനപ്പുറം അഴിമതിയും കെടുകാര്യസ്ഥതയും വച്ചുപൊറുപ്പിക്കില്ലെന്ന ഉറച്ച നിലപാടാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NERKKANNU, PRATHEESH MG, TEXTILE INDUSTRY, TEXTILE MILLS
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY