വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സൈക്കിളിൽ നിന്ന് താഴെ വീഴുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. പ്രാദേശിക സമയം, ശനിയാഴ്ച രാവിലെ ഡെലാവെയറിലെ റെഹോബത്ത് ബീച്ചിൽ അവധിക്കാല വസതിയ്ക്ക് സമീപം സൈക്കിളിൽ സഞ്ചരിക്കവെയാണ് ബൈഡന്റെ വീഴ്ച. കേപ് ഹെൻലോപൻ സ്റ്റേറ്റ് പാർക്കിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബൈഡൻ തന്റെ സൈക്കിൾ യാത്ര ആരംഭിച്ചത്. ബൈഡനെ കാണാൻ പ്രദേശവാസികളും തടിച്ചുകൂടിയിരുന്നു.
സൈക്കിളിൽ നിന്ന് ഇറങ്ങവെ 79കാരനായ ബൈഡൻ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീഴുകയായിരുന്നു. മാദ്ധ്യമങ്ങളും ഉദ്യോഗസ്ഥരും ചുറ്റും നിൽക്കെ നിലത്ത് വീണ ബൈഡൻ തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് എഴുന്നേൽക്കുകയും ചെയ്തു. ചുറ്റുംകൂടിയവരെ ഏറെ പണിപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റിനിറുത്തിയത്.
സൈക്കിളിൽ നിന്ന് ഇറങ്ങുന്നതിന് മുന്നേ പെഡലിൽ നിന്ന് കാലെടുക്കാൻ ശ്രമിച്ചപ്പോൾ ഷൂ അതിനിടെയിൽ കുടുങ്ങിയതോടെ ബാലൻസ് തെറ്റി താൻ വീഴുകയായിരുന്നെന്നും ആരോഗ്യത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്നും ബൈഡൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബൈഡന് വൈദ്യപരിശോധന ആവശ്യമായി വന്നില്ലെന്ന് വൈറ്റ് ഹൗസും അറിയിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന നിലയിൽ ബൈഡന്റെ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും ചർച്ചയാക്കുന്നവർക്കിടെയിൽ വീഡിയോ ഇതിനോടകം തന്നെ സംസാര വിഷയമായിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |