SignIn
Kerala Kaumudi Online
Saturday, 20 April 2024 6.04 AM IST

ചീഞ്ഞുനാറി മാലിന്യക്കൂമ്പാരങ്ങൾ, കടിച്ചുകീറാൻ തെരുവുനായ്ക്കൾ

waste

തൃശൂർ: വടക്കെസ്റ്റാൻഡിലും പടിഞ്ഞാറെക്കോട്ടയിലും ശക്തൻനഗറിലും പൂത്തോളിലുമെല്ലാം മാലിന്യക്കൂമ്പാരം ചീഞ്ഞളിയുമ്പോൾ ദുർഗന്ധം കൊണ്ടും തെരുവുനായ്ക്കളുടെ ശല്യത്താലും പൊറുതിമുട്ടുകയാണ് നഗരം. കൊവിഡ് കാലത്ത് വ്യാപകമായി ശുചീകരണ പ്രവർത്തനം നടന്നിരുന്നതിനാലും ആൾക്കൂട്ടം കുറഞ്ഞതിനാലും മാലിന്യപ്രശ്‌നമില്ലായിരുന്നു.
എന്നാൽ കഴിഞ്ഞ ഏതാനും മാസമായി മാലിന്യം വീണ്ടും വഴിയോരങ്ങളിൽ കുമിഞ്ഞുകൂടുകയാണ്. ശക്തൻസ്റ്റാൻഡിലെ ജൈവമാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാലിന്യം നീക്കുന്നില്ല. പ്‌ളാസ്റ്റിക് ജൈവമാലിന്യം ഒന്നിച്ചായതിനാൽ ശുചീകരണതൊഴിലാളികൾക്ക് വേർതിരിച്ചെടുക്കാനാകുന്നുമില്ല.

വടക്കെസ്റ്റാൻഡിൽ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള ഹോട്ടലിന് സമീപവും വടക്കേച്ചിറയിൽ നിന്ന് സ്വരാജ് റൗണ്ടിലേക്ക് കടക്കുന്ന വഴിയിൽ ഇടതുവശത്തായും മാലിന്യം നിറഞ്ഞനിലയിലാണ്. ശക്തൻ മാർക്കറ്റിന് പുറത്ത് മാലിന്യം ചാക്കുകളിൽ കൂട്ടിയിട്ട നിലയിലാണ്. ശക്തനിൽ നിന്ന് കൊക്കാലെയിലേക്കുള്ള വഴിയിൽ ഇടതുവശത്തും മാലിന്യക്കൂമ്പാരമുണ്ട്.

മാലിന്യം നിറഞ്ഞതോടെ, കോർപറേഷന്റെ സമീപപ്രദേശങ്ങളിൽ നിന്ന് ഭക്ഷണം തേടിയെത്തുന്ന നായ്ക്കളുടെ എണ്ണം കൂടിയതായാണ് മൃഗഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്. കൊവിഡ് വ്യാപനകാലത്തും പൂരം സമയത്തും വന്ധ്യംകരണത്തിനായി പിടിച്ചുകൊണ്ടുവരുന്ന നായ്ക്കളുടെ എണ്ണവും കുറഞ്ഞിരുന്നു. വന്ധ്യംകരണം നടത്തി വാക്‌സിനേഷൻ പൂർത്തിയാക്കി നാലാം ദിവസം പിടിച്ച സ്ഥലത്ത് തന്നെ നായ്ക്കളെ കൊണ്ടുവിടണമെന്നാണ് നിയമം. അതുകൊണ്ടു തന്നെ നായ്ക്കളുടെ എണ്ണം പെട്ടെന്ന് കുറയില്ല. എന്നാൽ വന്ധ്യംകരണം നടത്തിയവയ്ക്ക് അക്രമസ്വഭാവം കുറഞ്ഞതായാണ് ഡോക്ടർമാർ പറയുന്നത്. നായ്ക്കൾ കടിച്ച് പരിക്കേൽപ്പിക്കുന്ന സംഭവങ്ങൾ കോർപറേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും നായ്ക്കൾ വ്യാപകമാകുന്നുവെന്ന പരാതിയുണ്ട്.

വ്യാപിപ്പിക്കാനാവാതെ എ.ബി.സി.

ആറ് വർഷം മുൻപ് തൃശൂർ കോർപറേഷൻ പരിധിയിൽ തുടങ്ങിയ, തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് അവയുടെ എണ്ണം നിയന്ത്രിക്കുന്നഎ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി സംസ്ഥാനത്ത് ശ്രദ്ധയാകർഷിച്ചിരുന്നു. പറവട്ടാനിയിലാണ് ഇതിനുള്ള കേന്ദ്രമുള്ളത്. എന്നാൽ സമീപപഞ്ചായത്തുകൾ പലതും ഇത് നടപ്പാക്കിയില്ല. അതുകൊണ്ട് തൃശൂർ നഗരത്തിലെ മാലിന്യങ്ങൾക്കിടയിലെ ഭക്ഷണത്തിനായെത്തുന്ന നായ്ക്കളുടെ എണ്ണം കൂടി. കുടുംബശ്രീ മിഷന്റെ എ.ബി.സി പദ്ധതിക്ക് വിലക്ക് വീണതോടെ ജില്ലയുടെ തീരമേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് തദ്ദേശ സ്ഥാപനങ്ങൾ. അനിമൽ വെൽഫെയർബോർഡിന്റെ അനുമതി അടക്കമുള്ള സാങ്കേതിക തടസങ്ങളും നിലനിൽക്കുന്നുണ്ട്. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ ചാവക്കാട് നഗരസഭ സ്വന്തംനിലയ്ക്ക് ഫണ്ട് അനുവദിച്ച് എ.ബി.സി പദ്ധതി നടപ്പാക്കാൻ അടുത്തിടെ തീരുമാനിച്ചെങ്കിലും ഇത് തുടങ്ങിയിട്ടില്ല.

എ.ബി.സിയുടെ ഗുണഫലം ദീർഘകാലാടിസ്ഥാനത്തിൽ

ഓരോ വർഷവും കോർപറേഷനിലെ എ.ബി.സി പദ്ധതിയിൽ വന്ധ്യംകരിക്കുന്നത് ആയിരത്തോളം നായ്ക്കളെ
നായ്ക്കളെ പിടിക്കാനുള്ള വിദഗ്ദ്ധരും ആധുനികസൗകര്യങ്ങളുമുണ്ടായാൽ പദ്ധതി വിജയകരമാകും
പത്ത് വർഷം തുടർച്ചയായി എ.ബി.സി ഫലപ്രദമായി നടപ്പാക്കിയാൽ തെരുവുനായ്ക്കൾ ഇല്ലാതാകും
കോർപറേഷനെ മാതൃകയാക്കി മറ്റ് തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതി നടപ്പാക്കാം

പത്തോളം പേർക്ക് പരിക്ക്

കഴിഞ്ഞദിവസങ്ങളിൽ ഇരട്ടപ്പുഴയിലും എടതിരിഞ്ഞിയിലുമായി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടികളടക്കം പത്തോളം പേർക്ക് പരിക്കേറ്റു. കൂട്ടമായെത്തിയായിരുന്നു തെരുവുനായ്ക്കളുടെ ആക്രമണം. എടതിരിഞ്ഞിയിൽ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ വീടുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് സന്ദർശിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്കും പരിക്കേറ്റു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, WASTE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.