SignIn
Kerala Kaumudi Online
Thursday, 25 April 2024 10.00 PM IST

@ കെട്ടിട നമ്പർ തട്ടിപ്പ് ഇരുട്ടിൽതപ്പി കോർപ്പറേഷൻ

corp
corp

കോഴിക്കോട്: കോർപ്പറേഷനിൽ നടന്ന കെട്ടിട നമ്പർ തട്ടിപ്പിൽ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുമ്പോഴും ഇരുട്ടിൽതപ്പി കോർപ്പറേഷൻ. മാസങ്ങൾ മുമ്പ് തട്ടിപ്പിലൂടെ കെട്ടിട നമ്പർ സംഘടിപ്പിച്ചവരെ ചൂണ്ടിക്കാട്ടിയിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നാണ് ഭരണ, പ്രതിപക്ഷ യൂണിയനുകളുടെ ചോദ്യം. 'സഞ്ചയ ' സോഫ്റ്റ് വെയറിലെ പ്രശ്നങ്ങളും ക്രമക്കേടുകളും സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി എടുക്കാത്തത് ആരെ സംരക്ഷിക്കാനാണെന്ന് ജീവനക്കാരും ചോദിക്കുന്നു. വനിതാ ജീവനക്കാരെ ഉൾപ്പടെ അർദ്ധരാത്രി തടഞ്ഞു വെച്ച് തിടുക്കപ്പെട്ട് സസ്പെൻഷൻ ഉത്തരവ് തയ്യാറാക്കിയത് ഏതാനും ചില ജീവനക്കാരെ ബലിയാടാക്കി രക്ഷപ്പെടാനാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ കോർപ്പറേഷൻ മൗനം തുടരുകയാണ്.

സസ്പെൻഷനിലായ ജീവനക്കാരൻ

നൽകിയ പരാതി പുറത്ത്

കോർപ്പറേഷനിൽ ക്രമക്കേടുകൾ നടക്കുന്നതായി ചൂണ്ടിക്കാട്ടി സസ്പെൻഷനിലായ ജീവനക്കാരൻ സെക്രട്ടറിയ്ക്ക് നേരത്തെ നൽകിയ പരാതി പുറത്തായി. ബേപ്പൂർ, ചെറുവണ്ണൂർ-നല്ലളം മേഖലാ കാര്യാലയങ്ങളുടെ ചുമതലയുള്ള ജീവനക്കാരന്റെ ഡിജിറ്റൽ സൈനിൽ 2021 ജൂലായ് മുതൽ ഡിസംബർ വരെ കോഴിക്കോട് ഓഫീസിന്റെ പരിധിയിലെ വാർഡുകളുടെ 236 വസ്തുനികുതി നിർണയങ്ങൾ നടത്തിയതായി കണ്ടതിനെ തുടർന്നാണ് പരാതി നൽകിയത്. ഡിജിറ്റൽ സൈൻ ചെയ്തത് സംബന്ധിച്ച് ഏത് ഓഫീസിൽ, ഏത് സിസ്റ്റത്തിൽ, എത് സമയത്ത് ചെയ്തു എന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഐ.കെ.എം തയ്യാറാക്കിയ സോഫ്റ്റ് വെയറിലെ അപാകതകളും ജീവനക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു.

സഞ്ചയ വെബ് ആപ്ലിക്കേഷനിൽ ആകെയുള്ള നാല് അപ്രൂവർമാർക്കും മാർക്കും ലോഗിനിൽ കയറിയാൽ കോർപ്പറേഷനിലെ മെയിൻ ഓഫീസ്, മൂന്ന് സോണൽ ഓഫീസ് എന്നിവിങ്ങളിലെ ഡാറ്റ കാണാൻ കഴിയും. ഒരു വസ്തുനികുതി നിർണയം അംഗീകരിക്കാനും കഴിയും. ഇത്തരത്തിലുള്ള അപാകതകൾ തുടരാതിരിക്കാൻ ഓരോ സോണൽ ഓഫീസും മെയിൻ ഓഫീസും പ്രത്യേകം ഓഫീസുകളാക്കി മാറ്റാനുളള സംവിധാനം ഉണ്ടാകണമെന്ന് നിർദ്ദേശവും നൽകിയിരുന്നു.

നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 300 മീ. സ്ക്വയർ വരെയുള്ള കെട്ടിടങ്ങൾക്ക് മാത്രമെ റവന്യൂ ഓഫീസർ ഗ്രേഡ് 2 ൽ ഉള്ള ഉദ്യോഗസ്ഥർക്ക് അനുമതി നൽകാൻ അധികാരമുള്ളൂവെങ്കിലും സോഫ്റ്റ്‌വെയറിൽ ഇതിന് പരിധിയില്ല.

236 കെട്ടിടങ്ങളിൽ 300 സ്‌ക്വയർ മീറ്ററിന് മുകളിലുള നിരവിധി വാസ ഗൃഹങ്ങളും, വാണിജ്യാവശ്യങ്ങൾക്കുളള കെട്ടിടങ്ങളും ഉൾപ്പെടുന്നതായി ജീവനക്കാരൻ അറിയിച്ചിരുന്നു.

ഡിജിറ്റൽ സൈൻ ചെയ്തവയിൽ തെറ്റായതും അപാകതകൾ ഉളളതുമായ ഫയലുകൾ ഉണ്ടെങ്കിൽ നിലവിൽ ഡിജിറ്റൽ സൈൻ ചെയ്തത് തന്റെ പേരിൽ ആയതിൽ ഭാവിയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് തന്റെ മാത്രം ബാദ്ധ്യതയാകും. 236 ഫയലുകൾ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയ്ക്ക് നൽകി പരാതിയിൽ പറയുന്നു.

# ജീവനക്കാരുടെ സമരം കടുക്കും

സസ്പെൻഷൻ നടപടിക്കെതിരെ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ, കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധം കടുപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രതിഷേധ പ്രകടനം നടത്തും. ബുധനാഴ്ച ഉച്ചവരെ അവധിയെടുത്ത് മർച്ചന്റ് ഹാളിൽ വിശദീകരണയോഗം നടത്തും. പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് സമിതി കൺവീനർ ടി.കെ.ജിനേഷ്, ചെയർമാൻ സി.മഹേന്ദ്രൻ എന്നിവർ അറിയിച്ചു.

കോർപ്പറേഷനിലേക്ക്
ബി.ജെ.പി മാർച്ച്

കോഴിക്കോട്: കോർപ്പറേഷന്റെ കെട്ടിട നമ്പർ അഴിമതിക്കെതിരെ ബി.ജെ.പി കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.
സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് രഘുനാഥ് ആവശ്യപ്പെട്ടു. വൻകിടക്കാരുടെയും മാഫിയകളുടെയും പാർട്ടിയായി സി.പി.എം മാറി. അതിന് തെളിവാണ് കോർപ്പറേഷനിൽ നടന്ന കെട്ടിട നമ്പർ അഴിമതിയെന്നും അദ്ദേഹം പറഞ്ഞു.
സി.എച്ച് മേൽപ്പാലം പരിസരത്തു നിന്നാരംഭിച്ച പ്രകടനം കോർപ്പറേഷൻ കവാടത്തിൽ പൊലീസ് തടഞ്ഞു. തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.
മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും ബി.ജെ.പി.കോഴിക്കോട് കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡറുമായ നവ്യാ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി.രനീഷ്, അനുരാധാ തായാട്ട്, സരിതാ പറയേരി, രമ്യ സന്തോഷ്, സി.എസ് സത്യഭാമ, ശിവപ്രസാദ്, ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, മേഖലാ ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, സെക്രട്ടറി അജയ് നെല്ലിക്കോട്ട്, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, സംസ്ഥാന സമിതി അംഗങ്ങളായ പി.രമണി ഭായ്, സതീഷ് പാറന്നൂർ, കെ രജിനേഷ് ബാബു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.


സസ്‌പെൻഷനിൽ പ്രതിഷേധിച്ച്
ജീവനക്കാരുടെ ബഹിഷ്‌കരണം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിടങ്ങൾക്ക് വ്യാജ നമ്പർ നൽകിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ ജീവനക്കാർ ബഹിഷ്‌കരണ സമരം നടത്തി. കെ.എം.സി.എസ്.യുവിന്റെയും കെ.എം.സി.എസ്.എയുടെയും ആഭിമുഖ്യത്തിൽ ഇന്നലെ രാവിലെ 11ന് ആരംഭിച്ച പ്രതിഷേധം ഉച്ചവരെ തുടർന്നു. ഇതോടെ കോർപ്പറേഷൻ ഓഫീസ് പ്രവർത്തനം പൂർണമായി നിലച്ചു.
കെട്ടിട നമ്പർ നൽകുന്നതിനുൾപ്പടെ ഉപയോഗിക്കുന്ന സഞ്ചയ സോ്ര്രഫവെയറിലെ ഉദ്യോഗസ്ഥരുടെ ലോഗിൻ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കാണിച്ച് കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് നൽകിയ പരാതിയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിനെതിരെയാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി പ്രതിഷേധിച്ചത്.
നേരത്തെ തന്നെ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്ത സെക്രട്ടറിയെയാണ് സസ്‌പെൻഡ് ചെയ്യേണ്ടതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കെ.എം.സി.എസ്.യു ജില്ലാ പ്രസിഡന്റ് ടി. അനിൽകുമാർ പറഞ്ഞു. കെ.എം.സി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം എൻ. ശരത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ജിനേഷ്, സി.കെ.രജിത്കുമാർ, ഷീബ, സസ്‌പെൻഷനിലായ കെ.കെ. സുരേഷ്, എൻ.പി. മുസ്തഫ എന്നിർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.