SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.02 PM IST

സ്വന്തം കൂരയ്ക്കായുള്ള കാത്തിരിപ്പ്

photo

സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾ കുറേക്കൂടി വേഗത്തിലാക്കേണ്ടത് വീടിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിനു പാവങ്ങൾക്ക് അനുഗ്രഹമാകുമായിരുന്നു. ലൈഫ് രണ്ടാം ഘട്ടത്തിൽ 514381 അപേക്ഷകരെയാണ് ഉൾപ്പെടുത്തിയത്. ആദ്യഘട്ടം അർഹതാ മാനദണ്ഡങ്ങളുടെ പരിശോധന ഈ അടുത്ത ദിവസമാണു പൂർത്തിയായത്. അപേക്ഷകരിൽ 328041 പേർ വീടുവയ്ക്കാൻ സ്വന്തമായി ഭൂമിയുള്ളവരാണ്. 186340 പേർക്ക് ഭൂമി കണ്ടെത്തി വീടുവച്ചുകൊടുക്കേണ്ടിവരും. ഗുണഭോക്താക്കളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പരാതിയുള്ളവർക്ക് അപ്പീലിന് അവസരം നൽകിയിരുന്നു. അതിൻപ്രകാരം മുക്കാൽലക്ഷത്തോളം അപ്പീലുകളാണ് ലഭിച്ചത്. അപേക്ഷകരിൽ ധാരാളം അനർഹരും കടന്നുകൂടിയിട്ടുണ്ടെന്നു കാണിച്ച് 37 ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്. അപ്പീലുകൾ തീർപ്പാക്കി രണ്ടാംഘട്ട പട്ടിക പൂർത്തിയാക്കി ജൂലായ് ഒന്നിനു പുതിയ പട്ടിക ഇറക്കാനാണ് തീരുമാനം. അതിനുശേഷം വേണം ഗ്രാമ - വാർഡ് സഭകൾ ചേർന്ന് തദ്ദേശസ്ഥാപനങ്ങൾ അതിന് അന്തിമ അംഗീകാരം നൽകാൻ. ആഗസ്റ്റ് 16-ന് അന്തിമപട്ടിക ഇറക്കുമെന്നാണു അറിയിപ്പ്.

സർക്കാർ പദ്ധതിയാകുമ്പോൾ മാനദണ്ഡങ്ങളും നടപടികളിലെ നൂലാമാലകളും പൂർത്തിയാക്കാൻ ധാരാളം സമയമെടുക്കും. എന്നാൽ എല്ലാറ്റിനും സമയക്രമം അനിവാര്യമാണെന്ന വസ്തുത മറന്നുകൂടാ. അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കാൻ തന്നെ ഏറെ സമയമെടുത്തു. വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നു പറഞ്ഞ് അപേക്ഷകൾ മാസങ്ങളോളം തദ്ദേശസ്ഥാപനങ്ങളുടെ മേശമേൽത്തന്നെ ഇരുന്നു. ഒടുവിൽ പ്രശ്നപരിഹാരത്തിന് മന്ത്രിസഭാ ഇടപെടൽ വേണ്ടിവന്നു. മറ്റു വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചാണ് അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കിയത്. ആക്ഷേപങ്ങളും അപ്പീലുകളുമൊക്കെയായി ഇനിയും ഏറെ സമയമെടുത്താലേ വീടുനിർമ്മാണമെന്ന ശ്രമകരമായ പ്രവൃത്തിഘട്ടത്തിലെത്താനാവൂ. നാലോ അഞ്ചോ മാസംകൊണ്ടു നിർമ്മാണം പൂർത്തിയാക്കാവുന്ന പദ്ധതിയുടെ കടലാസ് ജോലികൾക്ക് ഒന്നും രണ്ടും വർഷമെടുക്കുന്നത് ഇ - ഗവേണൻസ് കാലത്ത് സമയധൂർത്തു തന്നെയാണ്. നിർമ്മാണ സാമഗ്രികൾക്ക് ദിവസേന വില ഉയരുകയാണ്.

ആരൊക്കെയാണ് ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകൾക്ക് അർഹരെന്ന് സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ വച്ചിട്ടുണ്ട്. അതു മുന്നിലുള്ളപ്പോൾ അപേക്ഷകൾ പരിശോധിച്ച് തീർപ്പുണ്ടാക്കാൻ സമയം പാഴാക്കേണ്ടതില്ല. അപേക്ഷയിൽ മനഃപൂർവം തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതായി ബോദ്ധ്യപ്പെട്ടാൽ അപേക്ഷ നിരസിക്കാൻ വ്യവസ്ഥയുണ്ട്. സാധാരണഗതിയിൽ അപേക്ഷകരിലെ അർഹരെ കണ്ടെത്താൻ വാർഡ് മെമ്പർക്കും തദ്ദേശസ്ഥാപനങ്ങളിലെ ചുമതലക്കാർക്കും പ്രയാസമുണ്ടാവില്ല. ഇതൊക്കെയായിട്ടും ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടിക പുറത്തിറക്കാൻ മാസങ്ങൾ വേണ്ടിവന്നത് കാര്യക്ഷമതയുടെ ലക്ഷണമല്ല.

സംസ്ഥാനത്ത് നിലവിൽ പത്തുലക്ഷത്തോളം കുടുംബങ്ങൾ സ്വന്തമായി വീടില്ലാത്തവരാണെന്നാണ് കണക്ക്. ഇപ്പോഴത്തെ സർക്കാരിന്റെ കാലാവധി തീരും മുൻപ് ഇവർക്കെല്ലാം വീട് നിർമ്മിച്ചുനൽകുകയാണ് ലക്ഷ്യം. അത് സാധിക്കണമെങ്കിൽ കഠിനാദ്ധ്വാനം വേണ്ടിവരും. അപേക്ഷയുടെ ഘട്ടം മുതൽ നിർമ്മാണഘട്ടം വരെ ചടുലവേഗത്തിൽ കരുക്കൾ നീക്കിയാലേ ലക്ഷ്യപ്രാപ്തിയിലെത്താനാവൂ. പ്രവർത്തനശൈലിയും കാലാനുസൃതമായി മാറേണ്ടിയിരിക്കുന്നു. സാധാരണയിൽ കവിഞ്ഞ അർപ്പണബോധവും കർമ്മകുശലതയുമാണ് ഇത്തരത്തിലുള്ള ജനകീയ പദ്ധതികളുടെ വിജയത്തിനാവശ്യം. അത്തരം ഗുണവിശേഷങ്ങളുള്ള ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കാൻ ശ്രമമുണ്ടാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFE MISSION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.