SignIn
Kerala Kaumudi Online
Saturday, 20 April 2024 9.07 AM IST

കായൽ യാത്രയിലെ സുരക്ഷ ആരുടെ കൈകളിൽ ?

a

ഒന്നരയാഴ്ചയ്ക്കുള്ളിൽ ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് മരിച്ചത് മൂന്നു പേർ. ഇതിൽ ഒരാളാവട്ടെ രക്ഷാപ്രവർത്തനത്തിനെത്തിയ പ്രദേശവാസിയാണ്. ടൂറിസം പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തുമ്പോഴും, ഹൗസ്ബോട്ടുകളിൽ മനുഷ്യജീവനും സ്വത്തിനും എത്രത്തോളം സുരക്ഷിതത്വം ലഭിക്കുന്നുണ്ടെന്നത് ചോദ്യമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വെള്ളം കയറി മുങ്ങിയതും വിവിധ അപകടങ്ങളിൽ തീപിടിച്ചതുമായ ബോട്ടുകളിൽ ഭൂരിഭാഗത്തിനും നിലവിൽ പ്രവർത്തിക്കാനുള്ള ലൈസൻസോ, ഇൻഷുറൻസോ ഇല്ലെന്നുള്ളതാണ് വിരോധാഭാസം. തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ മാദ്ധ്യമങ്ങളെ ശത്രുസ്ഥാനത്ത് നിറുത്തി വെല്ലുവിളിക്കാനാണ് ലൈൻസും രേഖകളുമില്ലാത്ത ബോട്ടുടമകളുടെ ശ്രമം . അതേസമയം എല്ലാ ബോട്ടുകളിലും രേഖകളും, സുരക്ഷാ സംവിധാനങ്ങളും കൃത്യമായി പാലിച്ചാൽ അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് വലിയൊരു വിഭാഗം ഹൗസ് ബോട്ട് ഉടമകൾ അഭിപ്രായപ്പെടുന്നു . വേമ്പനാട്ട് കായലിൽ മാത്രം 1500ലധികം ഹൗസ്ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. ആലപ്പുഴ പോർട്ട് ഓഫീസിൽ ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളതാവട്ടെ 800 ഹൗസ് ബോട്ടുകൾ മാത്രമാണ്.

കൊവിഡ് കാലം വലിയ ആഘാതമാണ് ഹൗസ്ബോട്ട് വ്യവസായത്തിനുണ്ടാക്കിയത്. പതുക്കെ പതുക്കെ ഉണർന്നു തുടങ്ങിയ മേഖല, കഴിഞ്ഞ വേനലവധിയോടെ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തി. 95 ശതമാനം ബോട്ടുകൾക്കും ഓട്ടം ലഭിക്കുന്നുണ്ട്.സമയത്ത് അറ്റകുറ്റപ്പണികൾ നടത്തി ഫിറ്റ്നെസ് നേടാത്തതാണ് പലപ്പോഴും അപകടങ്ങൾക്ക് വഴിവെയ്ക്കുന്നത്. ഓരോ അപകടങ്ങളുണ്ടാവുമ്പോഴും പരിശോധന നടത്തി കൈകഴുകുന്നതാണ് അധികൃതരുടെ പതിവ്. ഇത്രയും ബോട്ടുകളിൽ കൃത്യമായ പരിശോധന നടത്താൻ ആവശ്യമായ ഉദ്യോഗസ്ഥരില്ലെന്ന മുറവിളി സർക്കാർ കേട്ട മട്ടില്ല. പോർട്ട് ഓഫീസിലടക്കം ഒഴിഞ്ഞുകിടക്കുന്ന കസേരകളിൽ ഉദ്യോഗസ്ഥരെ നിയമിച്ച്, ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ പ്രവേശിക്കുന്ന ബോട്ടുകളുടെ സുരക്ഷിതത്വം അടിയന്തരമായി പരിശോധിക്കണം. മൂന്ന് വർഷത്തിലൊരിക്കൽ ബോട്ടുകൾ ഡോക്കിൽ കയറ്റി അടിപ്പലകയുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കഴിഞ്ഞ ദിവസമുണ്ടായ രണ്ട് അപകടങ്ങളിലും ബോട്ടിനുള്ളിൽ വെള്ളം കയറിയാണ് മുങ്ങിപ്പോയത്. സമീപത്തെ ബോട്ടുകളിലെ ജീവനക്കാരിടപെട്ട് സഞ്ചാരികളെ പുറത്തെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. അതേസമയം, ഇതേ സഞ്ചാരികളുടെ ഇലക്ട്രാണിക്ക് വസ്തുക്കളടക്കം ബോട്ടിനുള്ളിൽ നിന്ന് മുങ്ങിയെടുക്കാൻ ചാടിയ രക്ഷാപ്രവർത്തകന്റെ ജീവൻ പൊലിഞ്ഞു. മറ്റൊരു അപകടത്തിൽ മദ്യപിച്ച് മുറിയിലെത്തിയ സഞ്ചാരി അഴികളില്ലാത്ത ജനൽവഴി കായലിലേക്ക് പതിച്ചാണ് മരിച്ചത്. സഞ്ചാരികളിൽ വലിയൊരു ശതമാനവും കൂട്ടമായിരുന്നു മദ്യപിക്കുന്നതിന് വേണ്ടി ബോട്ട് വാടകയ്ക്കെടുക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഇത്തരത്തിൽ ധാരാളം പേർ വെള്ളത്തിൽ വീണ സംഭവങ്ങളുണ്ട്. ഒരു മാസത്തിനിടെ പലപ്പോഴായി നടത്തിയ പരിശോധനകളിൽ 50ഓളം ബോട്ടുകൾക്ക് മതിയായ രേഖകളില്ലെന്ന് വ്യക്തമായിരുന്നു.

അടുത്തിടെയായി സ്പീഡ‌് ബോട്ടുകളോടുള്ള സഞ്ചാരികളുടെ പ്രിയം വർദ്ധിച്ചിട്ടുണ്ട്. ഇതുവരെ അപകടങ്ങളുണ്ടായില്ലെന് പേരിൽ സ്പീഡ് ബോട്ടുകളെ പരിശോധനയിൽ നിന്നൊഴിവാക്കരുത്. ലൈഫ് ജാക്കറ്റ് പോലും ധരിപ്പിക്കാതെയാണ് പല ബോട്ടുകളും സഞ്ചാരികളുമായി ചീറിപ്പായുന്നത്. ക്രമത്തിലധികം ആളുകളെ കയറ്റുന്നുമുണ്ട്. സാധാരണ ബോട്ടുകളെക്കാൾ മൂന്നിരട്ടി വേഗത്തിലാണ് സ്പീ‌ഡ് ബോട്ടുകളുടെ സഞ്ചാരം. ഏതെങ്കിലും കാരണത്താൽ സഞ്ചാരി വെള്ളത്തിൽ വീണാൽ മുങ്ങിപ്പോകാതിരിക്കാനുള്ള ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിപ്പിച്ചിരിക്കണം. ബോട്ടുകാർ നൽകിയില്ലെങ്കിൽ പോലും ഇവ ചോദിച്ചുവാങ്ങി ധരിക്കാനുള്ള ഉത്തരവാദിത്തം സഞ്ചാരികൾക്കുണ്ടാവണം.

ജില്ലാ പോർട്ട് ഓഫീസിന്റെ രേഖകൾ പ്രകാരം ജില്ലയിൽ 131 സ്പീഡ് ബോട്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവയാണ്. 20 ൽ താഴെ ബോട്ടുകൾ മാത്രമാണ് വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്.

ആലപ്പുഴ പോർട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ഹൗസ് ബോട്ട് - 800, മോട്ടോർ ബോട്ട് - 402, ശിക്കാര വള്ളം - 240, സ്പീഡ് ബോട്ട് - 131, ബാർജ്ജ് - 18, ഫെറി - 4, ഡ്രഡ്ജർ - 1 എന്നിവയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കാലപ്പഴക്കം ചെന്ന ബോട്ടുകളെ പിടിച്ചുകെട്ടാൻ അധികൃതർ കർശന നടപടി സ്വീകരിക്കണം. ഓരോ ഹൗസ് ബോട്ടുകളിലും പ്രവേശിക്കാവുന്ന സഞ്ചാരികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കുട്ടികളുൾപ്പടെ കൈവരികളിൽ നിൽക്കാതിരിക്കാൻ ശ്രദ്ധ്പുലർത്തണം. ജനലുകളടക്കം അഴികൾ നിർമ്മിച്ച് സുരക്ഷിതമാക്കണം. ബോട്ടിലെ ജീവനക്കാർക്ക് മാനദണ്ഡങ്ങൾക്ക് അനുസൃതമായ യോഗ്യതകൾ ഉണ്ടെന്നും ഉറപ്പുവരുത്തണം. ഇത്രയും കാര്യങ്ങളിൽ കൃത്യമായ ഇടപെടലുണ്ടായാൽ അപകടങ്ങളുടെയും മരണത്തിന്റെയും നിരക്ക് ഗണ്യമായി കുറയ്ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOUSE BOAT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.