SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.55 PM IST

നാരായണൻ നായർ, പ്രായത്തെ വെല്ലുന്ന യോഗാഭ്യാസി

yoga
നാ​രാ​യ​ണ​ൻ​നാ​യ​രും​ ​ സു​ധീ​ഷ്‌​കു​മാ​റും​

തിരുവല്ല : എൺപതിന്റെ നിറവിലും നാരായണൻ നായർ യോഗയിൽ അഭ്യാസിയാണ്. കുട്ടികളുടെ മെയ്‌വഴക്കത്തോടെ യോഗാസനങ്ങൾ ഓരോന്നായി ശിഷ്യർക്ക് മുന്നിൽ പ്രദർശിപ്പിക്കും. യോഗയെക്കുറിച്ച് കേട്ടറിവ് പോലും ഇല്ലാതിരുന്ന കാലത്ത് മദ്ധ്യതിരുവിതാംകൂറിൽ യോഗയ്ക്ക് പ്രചാരം നൽകിയ ഈ യോഗാചാര്യനെ അന്താരാഷ്ട്രാ യോഗ ദിനത്തിൽ മറക്കാനാവില്ല. അത്രയേറെ ശിഷ്യർ തിരുവല്ല തുകലശ്ശേരി മുഞ്ഞനാട് കണ്ടത്തിൽ നാരായണൻ നായർക്കുണ്ട്. 1954ൽ എട്ടാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് യോഗയുടെ ബാലപാഠങ്ങൾ നാരായണൻനായർ മനസിലാക്കുന്നത്. ക്ലാസ്സിൽ പഠനത്തിനിടെ കലശലായ ശ്വാസതടസമുണ്ടായി. മലയാളം അദ്ധ്യാപകനും സംസ്കൃതപണ്ഡിതനുമായ നെടുമ്പ്രം കൊട്ടാരത്തിലെ കെ.ആർ.രാജരാജവർമ്മ സാറിനോട് ഇക്കാര്യം പറഞ്ഞു. തൊട്ടുകൂടായ്മ ഉണ്ടായിരുന്ന അക്കാലത്ത് സാറിന്റെ കൊട്ടാരത്തിൽ കൊണ്ടുപോയി പ്രത്യേകരീതിയിൽ ശ്വസനവ്യായാമം ചെയ്യിപ്പിച്ചു. പിന്നീട് കുറെദിവസം അത് പരിശീലിച്ചതോടെ അസുഖം പൂർണ്ണമായി വിട്ടുമാറി. 13-ാം വയസിൽ രാജാസാറിൽ നിന്ന് പഠിച്ച ശ്വസനരീതികൾ ഇന്നും ദിനചര്യയായി തുടരുന്നു. 1963ൽ പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്‌കൂളിൽ കായികാദ്ധ്യാപകനായി ജോലിനേടി. പിന്നീട് നെയ്യാറിലെ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ നിന്ന് വിഷ്‌ണുദേവാനന്ദ സ്വാമിയുടെ ശിക്ഷണത്തിൽ യോഗാ പരിശീലകനായി. പട്ടംതാണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് യോഗയ്ക്ക് പ്രോത്സാഹനം നൽകിയതോടെ ഒട്ടേറെ സ്‌കൂളുകളിൽ പോയി കുട്ടികളെ യോഗാപഠിപ്പിച്ചു. ജോലിയിൽ നിന്ന് വിരമിച്ചതോടെ 96മുതൽ യോഗാദ്ധ്യാപകനായി. ഫ്രാൻസുകാരി ലുബാ ഷീൽഡ് ആറന്മുളയിൽ ആരംഭിച്ച വിജ്ഞാന കലാവേദിയിൽ 25വർഷം യോഗാചാര്യനായിരുന്നു. വിദേശികളെയാണ് ഏറെയും പഠിപ്പിച്ചത്. യോഗകലയിലെ പാണ്ഡിത്യം മനസിലാക്കി ഒട്ടേറെപ്പേർ നടുവേദന ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വീട്ടിലെത്തി ചികിത്സതേടുന്നു. ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചവരെ പോലും ശരീരത്തിലെ ചില സൂത്രപ്പണികൾ കൊണ്ട് നാരായണൻനായർ സുഖപ്പെടുത്തിയിട്ടുണ്ട്. മാനസികവും ശാരീരികവുമായ ഏറ്റവുംനല്ല വ്യായാമമാണ് യോഗയെന്ന് ഉറച്ചുവിശ്വസിച്ച് പുലർച്ചെ 4.30ന് ഉണർന്ന് സൂര്യനമസ്കാരവും പ്രാണായാമവുമൊക്കെ ചെയ്താണ് ദിനചര്യകൾ തുടങ്ങുക. യോഗയിലൂടെ നല്ല പ്രതിരോധശേഷിയുള്ളതിനാൽ ഒരുവിധപ്പെട്ട അസുഖങ്ങളൊന്നും പിടിപെടുകയില്ലെന്നും നാരായണൻ നായർ സാക്ഷ്യപ്പെടുത്തുന്നു. റിട്ട.അദ്ധ്യാപിക പരേതയായ തങ്കമണിയാണ് ഭാര്യ. കെ.എസ്.ഇ.ബിയിലെ എൻജിനീയർ ജയകുമാറും ഹരിപ്പാട് ഗവ.സ്‌കൂൾ അദ്ധ്യാപിക ജയശ്രീയുമാണ് മക്കൾ.

ആത്മമിത്രങ്ങളായി ഗുരുവും ശിക്ഷ്യനും
എൺപത് പിന്നിട്ട ഗുരുവും നാൽപ്പത് പിന്നിട്ട ശിക്ഷ്യനും കൈകോർത്തതോടെ ഒട്ടേറെപ്പേർക്ക് യോഗ പരിശീലിക്കാൻ തിരുവല്ലയിൽ പൈതൃക് സ്‌കൂൾ ഓഫ് യോഗ എന്ന സ്ഥാപനം തുറന്നു. സ്ഥാപനത്തിന്റെ രക്ഷാധികാരി നാരായണൻനായരും യോഗാചാര്യനായ പ്രിയപ്പെട്ട ശിഷ്യൻ സുധീഷ്‌കുമാർ ഡയറക്ടറുമാണ്. നെയ്യാറിലെ ഇന്റർനാഷണൽ യോഗ, വേദാന്ത സെന്ററിൽ നിന്ന് ടി.ടി.സിയും തമിഴ്‌നാട്ടിൽ നിന്ന് മാസ്റ്റർ ഓഫ് യോഗയും എം.എസ്.സി യോഗയുമൊക്കെ കരസ്ഥമാക്കിയ സുധീഷ്‌കുമാർ കൂടുതൽ അവസരങ്ങൾ യോഗ പരിശീലനത്തിനായി ഇവിടെ ഒരുക്കിയിരിക്കുന്നു. കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പത്തനംതിട്ട ജില്ലയിലെ സെന്റർ കൂടിയാണിത്. നാരായണൻ നായർക്ക് ശ്വസനവ്യായാമങ്ങൾ പകർന്നുനൽകിയ മലയാള അദ്ധ്യാപകൻ രാജാസാറിന്റെ സ്മരണയ്ക്കായി വർഷംതോറും യോഗാരാജാ പുരസ്‌കാരവും നൽകിവരുന്നു. കോളേജ് അദ്ധ്യാപിക മാധുരിയാണ് സുധീഷിന്റെ ഭാര്യ. സത്യസൂര്യനാരായണനാണ് മകൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.