SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.40 PM IST

പ്ളസ് ടു കഴിഞ്ഞു; അഭിരുചി അറിഞ്ഞ് തുടർപഠനം

photo

പ്ലസ്ടു ഫലം വന്നതോടെ മക്കളുടെ അടുത്ത പഠനത്തിന് ഏതു വഴി തെരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനായി, വീടുകളിൽ! ഡോക്ടർ, എൻജിനിയർ, നഴ്സ്, അദ്ധ്യാപകൻ.... അങ്ങനെ പരമ്പരാഗത കോഴ്സുകൾ ഒരു വശത്ത്. ഫാഷൻ ടെക്നോളജി,​ ന്യൂ മീഡിയ ജേർണലിസം,​ ഡാറ്റ അനലിസ്റ്റ്... തുടങ്ങി ന്യൂജൻ കോഴ്സുകൾ മറുഭാഗത്ത്. അച്ഛനമ്മമാരുടെ ആഗ്രഹമോ മക്കളുടെ അഭിരുചിയോ; ഏതാണ് പ്രധാനം?​

സൂക്ഷ്മതയോടെയും ആസൂത്രണത്തോടെയും വേണം പ്ളസ് ടു കഴിഞ്ഞുള്ള പഠനത്തിന് കോഴ്സുകൾ തെരഞ്ഞെടുക്കാൻ. ഏതു മേഖലയിലാണ് തന്റെ അഭിരുചിയും താത്‌പര്യവുമെന്ന് വിദ്യാർത്ഥി ആദ്യം മനസിലാക്കണം. പ്ലസ് ടു കഴിഞ്ഞുള്ള കോഴ്സിനെക്കുറിച്ചു മാത്രം ചിന്തിച്ച്,​ അതുകഴിഞ്ഞാവാം അടുത്തതെന്ന അർത്ഥശൂന്യമായ ആലോചനയല്ല വേണ്ടത്. ആദ്യം കൃത്യമായ ലക്ഷ്യം വേണം. ആ ലക്ഷ്യത്തിലെത്താനുള്ള മാർഗമാവണം ഉപരിപഠനം.

ഉപരിപഠനത്തിൽ മക്കളുടെ അഭിരുചിക്കു വേണം അച്ഛനമ്മമാർ മുൻഗണന നല്കാൻ. എം.ബി.ബി.എസ്, എൻജിനിയറിംഗ്, സിവിൽ സർവീസ്,​ അദ്ധ്യാപനം തുടങ്ങിയ ആഗ്രഹങ്ങൾ അവരുടെ അഭിരുചികളുടെ ബഹിർസ്ഫുരണങ്ങളാകാം. ഒരു പ്രത്യേക വിഷയത്തിലുളള താത്‌പര്യം, അറിവ്,​ അല്ലെങ്കിൽ കഴിവ് ആർജ്ജിക്കാനുളള ഒരാളുടെ പ്രത്യേക സ്വഭാവവിശേഷമാണ് അഭിരുചി. ഇത് ഓരോരുത്തരിലും വ്യത്യസ്തമാണ്.

സിവിൽ സർവീസാണ് ലക്ഷ്യമെങ്കിൽ പൊതുവിജ്ഞാനത്തിലും ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം വേണം. ബിരുദാനന്തര ബിരുദമോ പ്രൊഫഷണൽ ബിരുദമോ നേടിയ ശേഷം മാത്രം പൊതുവിജ്ഞാനം നേടുന്നതിന് പരിമിതികളുണ്ട്. പല മേഖലകളെപ്പ​റ്റിയും നമ്മുടെ ധാരണ അപര്യാപ്തമോ വികലമോ ആയിരിക്കാം. അതത് രംഗത്തുള്ളവരുമായി ഇടപെട്ട് വിവരങ്ങൾ ശേഖരിക്കണം. ജേർണലിസത്തിന്റെയും ഫാഷൻ ഡിസൈനിംഗിന്റെയും എയർ ഹോസ്​റ്റസിന്റെയുമൊക്കെ 'ഗ്ലാമർ' കണ്ടു മോഹിച്ച് പോകുന്നവർ ജോലിയുടെ ഉത്തരവാദിത്തം മനസിലാക്കിക്കഴിയുമ്പോൾ പിന്തിരിയുന്ന പതിവുമുണ്ട്.

ഓരോ കുട്ടിയും

ഒരു രത്നം

വിദേശത്ത് ഏഴാം ക്ലാസാവുമ്പോഴേ കുട്ടികളുടെ അഭിരുചി മനസിലാക്കി,​ അനുയോജ്യമായ ഉപരിപഠന മേഖലയിലേക്ക് തിരിച്ചുവിടും. നിത്യജീവിതത്തിൽ പിന്നീടൊരിക്കലും പ്രയോജനം ലഭിക്കാത്ത അനേകം വിഷയങ്ങളും പാഠഭാഗങ്ങളും മാർക്ക് കിട്ടാനായി നമ്മൾ പഠിക്കാറുണ്ട്. ഇതാണ് 'ഡെഡ് ലേണിംഗ്.' പഠിക്കുന്നത് നിത്യജീവിതത്തിൽ ഉപയോഗിക്കാനാവുന്ന 'ലിവിംഗ് ലേണിംഗ് ' സമ്പ്രദായമാണ് ആവശ്യം. അഭിരുചിക്കനുസരിച്ച് തൊഴിൽ ലഭിച്ചില്ലെങ്കിൽ നിരാശയായിരിക്കും ഫലം. മാനസികമായും ശാരീരികമായും തളർന്നുപോകും. കുട്ടികളിലെ ജന്മസിദ്ധ വാസനകൾ കണ്ടെത്താനും അതനുസരിച്ച് അവരുടെ വിദ്യാഭ്യാസഗതി തിരിച്ചുവിടാനും മാതാപിതാക്കൾക്കു സാധിക്കണം. ഓരോ കുട്ടിയും ഓരോ രത്നമാണെന്ന് തിരിച്ചറിയണം.

പരിഗണിക്കാൻ

പലതുണ്ട്

മക്കളെ ഡോക്ടറും എൻജിനിയറുമാക്കാനാണ് ഭൂരിഭാഗം മാതാപിതാക്കൾക്കും ആഗ്രഹം. അവർ കുട്ടികളുടെ ബുദ്ധിവൈഭവമോ വാസനയോ കഴിവുകളോ പരിഗണിക്കാറില്ല. മക്കൾ ഏ​റ്റവും നല്ല നിലയിലെത്തണമെന്നാണ് അവരുടെ ആഗ്രഹം. സാക്ഷാത്ക്കരിക്കാനാകാതെ പോയ മോഹങ്ങൾ രക്ഷിതാക്കളുടെ മനസിലുണ്ടായിരിക്കാം. തങ്ങൾക്കു നേടാൻ കഴിയാത്തതു കുട്ടികൾ വഴിയെങ്കിലും നേടാമെന്നു കരുതി അവരെ നിർബന്ധിക്കും. അതിനു പകരം,​ അവരുടെ ജന്മവാസനയ്ക്കും താത്‌പര്യങ്ങൾക്കും മുൻതൂക്കം നൽകുക. തെരഞ്ഞെടുക്കുന്ന കോഴ്സിന്റെ കുട്ടിക്ക് താങ്ങാനാവുമോ എന്നത് കണക്കിലെടുക്കണം. ബുദ്ധിശക്തിയിൽ എല്ലാവരും സമന്മാരല്ല. കണക്കിൽ വാസനയില്ലാത്ത കുട്ടിയെ നിർബപൂർവം എൻജിനിയറിംഗ് പഠിപ്പിച്ചാൽ ഫലമുണ്ടാവില്ല. മറിച്ച്, ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുത്താൽ ഉന്നത നിലയിലെത്തും. മ​റ്റെല്ലാ ഘടകങ്ങളും ഒത്തുവന്നാലും ഉപരിപഠനത്തിന് വേണ്ടിവരുന്ന ചെലവും പരിഗണിക്കണം.

ആഭിമുഖ്യം മുതൽ

അഭിരുചി വരെ

മൂന്നു ഘട്ടങ്ങളായാണ് കുട്ടികളിൽ തൊഴിലിനോടുള്ള ആഭിമുഖ്യമുണ്ടാകുന്നത്. തങ്ങളാഗ്രഹിക്കുന്ന എന്തും ചെയ്യാൻ കഴിയുമെന്ന് കരുതുന്ന ആദ്യ ഘട്ടം 11 വയസു വരെയാണ്. കുട്ടികളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ആരാധനയുമാണ് തൊഴിൽ മുൻഗണനകളായി മനസിൽ രൂപപ്പെടുക. കുട്ടികളെ നിരീക്ഷിച്ച്, അവർ സ്വമനസോടെയും താത്പര്യത്തോടെയും ചെയ്യുന്ന കാര്യങ്ങൾ മനസിലാക്കുകയാണ് മാതാപിതാക്കൾ ഈ ഘട്ടത്തിൽ ചെയ്യേണ്ടത്.

11 മുതൽ 17വയസ് വരെ രണ്ടാംഘട്ടം. കുട്ടിയുടെ താത്‌പര്യം, കഴിവ്, മൂല്യബോധം എന്നിവയാണ് തൊഴിലിനോടുളള ആഭിമുഖ്യത്തിന്റെ അളവുകോൽ. 17 വയസു മുതലുള്ള മൂന്നാം ഘട്ടത്തിൽ തൊഴിലിനു വേണ്ടിയുളള തയ്യാറെടുപ്പാണ്. വ്യക്തിപരമായ കഴിവുകളും കഴിവുകൾക്ക് അനുസൃതമായ വിദ്യാഭ്യാസ യോഗ്യത നേടാനുള്ള ശ്രമവുമാണ് പ്രധാനം. രണ്ടും മൂന്നും ഘട്ടങ്ങളിൽ തൊഴിലിനെക്കുറിച്ചും മക്കളുടെ താത്‌പര്യങ്ങളെക്കുറിച്ചും മാതാപിതാക്കൾ അവരുമായി ചർച്ചചെയ്യണം. വിവിധ തൊഴിൽ മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് മക്കൾക്കു നൽകണം. സാമൂഹ്യമായ മുൻവിധികൾ ആധാരമാക്കിയുളള തീരുമാനങ്ങൾ ഒഴിവാക്കുക. കോഴ്സുകളുടെ ഭാവി സാദ്ധ്യതകൾ, അനുബന്ധ തൊഴിൽ മേഖലകളിൽ ഉണ്ടാകാനിടയുള്ള വളർച്ച എന്നിവയെല്ലാം കണക്കിലെടുത്തു വേണം അച്ഛനമ്മമാർ തീരുമാനമെടുക്കാൻ.

(കരിയർ ഗൈഡൻസ് കൺസൾട്ടന്റും വിദ്യാഭ്യാസ വിദഗ്ദ്ധനുമാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURSES AFTER PLUS TWO
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.