SignIn
Kerala Kaumudi Online
Monday, 04 July 2022 9.36 PM IST

കേരള സർവകലാശാലയുടെ ഉജ്ജ്വല നേട്ടം

kerala-university

രാജ്യത്തിന്റെ വളർച്ചയ്ക്ക് നിസ്തുല സംഭാവനകൾ നൽകിയ നിരവധി പ്രഗത്ഭരെ സമ്മാനിച്ചിട്ടുള്ള പാരമ്പര്യമാണ് കേരള സർവകലാശാലയുടേത്. വിവിധ നേട്ടങ്ങളുടെ നെറുകയിൽ ഏറ്റവും പുതുതായി മറ്റൊരു പൊൻതൂവൽ കൂടി ലഭിച്ചിരിക്കുന്നു. ഇന്ത്യയിൽ എ പ്ളസ് പ്ളസ് ഗ്രേഡ് നേടിയ സർവകലാശാലകളിൽ ഒന്നായി മാറിയിരിക്കുന്നു നമ്മുടെ സർവകലാശാല. ഈ സർവകലാശാലകളിൽ ഏറ്റവുമധികം സ്കോർ ലഭിച്ചതും കേരളയ്ക്കാണ്.

ചരിത്രത്തിലാദ്യമായാണ് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ നൽകുന്ന ഏറ്റവും ഉയർന്ന ഗ്രേഡ് കേരളത്തിൽ ഒരു സർവകലാശാല നേടുന്നത്. 2003ൽ ആദ്യമായി നാക് അക്രഡിറ്റേഷൻ ലഭിച്ചപ്പോൾ കേരള സർവകലാശാലയ്ക്ക് ലഭിച്ച ഗ്രേഡ് ബി പ്ളസ് പ്ളസ് ആയിരുന്നു. 2015ലാണ് എ ആയി ഉയർന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് സർവകലാശാലയ്ക്ക് എ പ്ളസ് പ്ളസ് ഗ്രേഡിൽ തുടരാമെന്നത് വളർച്ചയുടെ വിപുലമായ സാദ്ധ്യതകളാണ് ഒരുക്കുന്നത്. അദ്ധ്യാപനം, ബോധനം, മൂല്യനിർണയം, ഗവേഷണം, കണ്ടുപിടിത്തം, അനുബന്ധ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, പഠന സൗകര്യങ്ങളുടെ പര്യാപ്തത തുടങ്ങിയ ഘടകങ്ങൾ പ്രത്യേകമായി പരിഗണിച്ചാണ് പോയിന്റുകൾ നൽകുന്നത്. ഇതിലെല്ലാം മികച്ച പ്രകടനം മുന്നോട്ടുവയ്ക്കാനായതാണ് സർവകലാശാലയെ ഈ നേട്ടത്തിന് അർഹമാക്കിയത്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിൽ ഒന്നായാണ് ഇതിനെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വിശേഷിപ്പിച്ചത്. ഈ നേട്ടത്തിലേക്ക് നയിച്ച അദ്ധ്യാപകരും ജീവനക്കാരും ഗവേഷകരും ഇതിനെല്ലാം നേതൃത്വം നൽകിയ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ളയും അഭിനന്ദനം അർഹിക്കുന്നു.

മികച്ച അക്രഡിറ്റേഷൻ ലഭിച്ചതോടെ യു.ജി.സിയിൽ നൂതന ഗവേഷണ പദ്ധതികൾ സമർപ്പിക്കാനും അതുവഴി കൂടുതൽ സഹായധനം ലഭിക്കാനും വഴിയൊരുങ്ങും. പുതിയ കോഴ്സുകൾ ആരംഭിക്കാനും കഴിയും. കൂടാതെ വിദ്യാർത്ഥികൾക്ക് രാജ്യത്തെയും വിദേശത്തെയും സർവകലാശാലകളിൽ ഉപരിപഠനം എളുപ്പമാകും. കാമ്പസ് പ്ളേസ്‌മെന്റിന് കൂടുതൽ കമ്പനികൾ എത്തുമെന്നതിനാൽ ജോലി സാദ്ധ്യതയും വർദ്ധിക്കും. കേന്ദ്ര സർക്കാരിന്റെ പ്രോജക്ട് ഫണ്ടിംഗിന് അപേക്ഷിക്കാനുള്ള തടസവും ഇതോടെ മാറി. സഹായധനം കൂടുമ്പോൾ നാടിന്റെ തലവര മാറ്റാൻ ഇടയാകുന്ന ഗവേഷണ സംരംഭങ്ങൾ ഇവിടെയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇപ്പോൾ ഏഴിൽ 3.67 ഗ്രേഡ് നേടിയാണ് ഈ നേട്ടം കൈവരിച്ചത്. അടുത്ത അഞ്ച് വർഷത്തിനകം ഈ ഗ്രേഡ് ഉയർത്താൻ കഴിയുന്ന പഠനനിലവാരവും അനുബന്ധ പ്രവർത്തനവുമായിരിക്കണം ഉണ്ടാകേണ്ടത്. ഇതിന് എല്ലാ വകുപ്പ് മേധാവികളുടെയും കൂട്ടായ പ്രയത്നവും പരിശ്രമവും ആവശ്യമാണ്.

1937 നവംബർ ഒന്നിന് യൂണിവേഴ്‌സിറ്റി ഒഫ് ട്രാവൻകൂർ സ്ഥാപിച്ച ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെയും നന്ദിയോടെ സ്മരിക്കണം. കേരളപ്പിറവിക്ക് ശേഷമാണ് ട്രാവൻകൂർ സർവകലാശാല കേരള സർവകലാശാലയായി മാറിയത്. ഈ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പഠിച്ച കെ.ആർ. നാരായണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയതും മറക്കാനാകില്ല. ഐ.ഐ.ടികളുടെ റാങ്ക് നിലവാരത്തിലേക്ക് ഉയർന്ന കേരള സർവകലാശാല ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNIVERSITY OF KERALA GETS A++ FROM NAAC
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.