ഒഡീഷയിലെ സന്താൾ ഗോത്ര വനിത ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടേത് രാജ്യത്തിന് ഒന്നാകെ അഭിമാനകരമായ ചുവടുവയ്‌പാണ്. കഴിഞ്ഞ കുറെ ദിവസമായി പലതലങ്ങളിൽ നടന്നുവന്ന ചർച്ചകൾ ഒടുവിൽ ദ്രൗപദിയിൽ എത്തിനിൽക്കുകയായിരുന്നു. പൊതുവേ അവഗണിക്കപ്പെട്ടുകിടക്കുന്ന പ്രദേശങ്ങൾക്കുള്ള വലിയ പരിഗണന എന്നതിലുപരി ആദിവാസി - പിന്നാക്ക വിഭാഗങ്ങളെ കൂടുതൽ അടുപ്പിച്ചു നിറുത്താനുള്ള മോദി സർക്കാരിന്റെ തന്ത്രപരമായ ശ്രമമായും ഇതിനെ കാണുന്നവരുണ്ടാകും. ഏതായാലും രാംനാഥ് കോവിന്ദിന്റെ പിൻഗാമിയായി രാഷ്ട്രപതിഭവനിലേക്ക് ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു വനിത എത്തുന്നു എന്നത് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ് വർദ്ധിപ്പിക്കുമെന്നു തീർച്ചയാണ്.
പ്രതിപക്ഷത്തുനിന്ന് മുൻ ബി.ജെ.പി നേതാവും മോദി സർക്കാരിന്റെ കടുത്ത വിമർശകനുമായ യശ്വന്ത് സിൻഹയെയാണ് രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. സിവിൽ സർവീസിൽ നിന്നു പിരിഞ്ഞ ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം കേന്ദ്രത്തിൽ മന്ത്രിപദം വഹിച്ചിരുന്നു. നേതൃത്വവുമായി തെറ്റി രാജിവച്ചു പുറത്തുപോകുകയായിരുന്നു. ശരദ്‌പവാർ മുതൽ ഗോപാൽകൃഷ്ണ ഗാന്ധിവരെ നിരവധി നേതാക്കൾ ഒഴിഞ്ഞുമാറിയതോടെയാണ് യശ്വന്ത് സിൻഹയ്ക്ക് മത്സരിക്കാൻ നറുക്കുവീണത്. പ്രതിപക്ഷത്തെ ഇരുപതോളം പാർട്ടികൾ അദ്ദേഹത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജൂലായ് 18ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് വാശിയുംവീറും നിറഞ്ഞ രാഷ്ട്രീയ പോരാട്ടമായി ഭവിക്കുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. മത്സരം ഒഴിവാക്കി പൊതുസമ്മതനായ ഒരാളെ രാഷ്ട്രപതി സ്ഥാനത്തേക്കു കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ അത് നല്ലൊരു കീഴ്‌വഴക്കമാകുമായിരുന്നു.
ഇരുപക്ഷത്തും സ്ഥാനാർത്ഥികൾ അണിനിരന്നു കഴിഞ്ഞെങ്കിലും സമവായത്തിന് ഇനിയുമൊരു ശ്രമം കൂടി നടത്തുന്നതിൽ തെറ്റില്ല. പ്രത്യേകിച്ചും ആദിവാസി ഗോത്രത്തിൽ നിന്നുള്ള ഒരു മാന്യ വനിത രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിയോഗിക്കപ്പെട്ട പശ്ചാത്തലത്തിൽ. ആദിവാസി - പിന്നാക്ക വിഭാഗങ്ങളോടു കാണിക്കുന്ന കേവല പരിഗണന എന്നതിനുപരി സ്‌ത്രീസമൂഹത്തോടുള്ള ആദരവായും അത്തരത്തിലൊരു സമീപനം വാഴ്‌ത്തപ്പെടും. ഏറെ വൈകിപ്പോയെന്നതു ശരിതന്നെ. എന്നാലും പത്രിക സമർപ്പണം ഇതുവരെ ആകാത്ത സ്ഥിതിക്ക് പ്രതിപക്ഷ നേതാക്കൾക്ക് ഒരു പുനർചിന്തനം നടത്താൻ ഇനിയും അവസരമുണ്ട്. മത്സരമുണ്ടായാൽത്തന്നെ ഔദ്യോഗിക സ്ഥാനാർത്ഥിക്കായിരിക്കും വിജയമെന്നു തീർച്ചയുള്ളപ്പോൾ മത്സരത്തിനുവേണ്ടി മത്സരം എന്ന സമീപനത്തിന് പ്രസക്തിയൊന്നുമില്ല.
അറുപത്തിനാലുകാരിയായ ദ്രൗപദി മുർമു ഒഡീഷയിലെ അറിയപ്പെടുന്ന ആദിവാസി വനിതാ നേതാവാണ്. ഒഡീഷയിൽ മന്ത്രിയായും തൊട്ടടുത്ത സംസ്ഥാനമായ ജാർഖണ്ഡിൽ ഗവർണറായുമുള്ള ഭരണപരിചയവുമുണ്ട്. യു.പി.എ ഭരണകാലത്ത് മഹാരാഷ്ട്രക്കാരിയായ പ്രതിഭാപാട്ടീൽ രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തിയശേഷം ആ സ്ഥാനത്തേക്കു നിയോഗിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന വനിതയാണ് ദ്രൗപദി. സ്വാതന്ത്ര്യാനന്തരം ജനിച്ച ഒരു നേതാവ് ആദ്യമായി രാഷ്ട്രപതി പദത്തിലെത്താൻ പോകുന്നതും ആദ്യമായാണ്. ഇന്ത്യൻ ജനാധിപത്യത്തിൽ പുതിയൊരു ചരിത്രമാകും ഇതോടെ എഴുതപ്പെടുക.