SignIn
Kerala Kaumudi Online
Monday, 04 July 2022 9.02 PM IST

കാത്തിരിപ്പുണ്ട് ന്യൂജെൻ കോഴ്സുകൾ

after-12th

പ്ലസ് ടു, ഒരു നാൽക്കവലയാണ്. അതിനുശേഷം എങ്ങോട്ടും തിരിയാം. ഏത് ദിക്കിലും അവസരങ്ങളുടെ കലവറ കാത്തിരിപ്പുണ്ട്. സയൻസ് സ്ട്രീം പഠിച്ചവർക്ക് അവസരങ്ങൾ നിരവധി. ഹ്യുമാനി​റ്റീസ്, കോമേഴ്സ് സ്ട്രീമുകാർക്കും തൊഴിൽ സാദ്ധ്യതയേറിയ കോഴ്സുകൾ ഏറെയുണ്ട്. പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറിചിന്തിക്കുന്നവർക്കായി പുതിയ തൊഴിലുകളും കോഴ്സുകളും തിരഞ്ഞെടുക്കാം.

ആഗോള വിപണികളും വിവരസാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളും തൊഴിൽരംഗത്തെ അടിമുടി മാ​റ്റി. റീട്ടെയ്ൽ, ആരോഗ്യം, ഫിനാൻസ്, ശാസ്ത്ര സാങ്കേതികം, ആശയവിനിമയം എന്നീ രംഗങ്ങളിൽ ഒട്ടേറെ തൊഴിലുകൾ സൃഷ്ടിക്കപ്പെടുകയും പ്രത്യേക പഠനമേഖലകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കാത്ത, സാദ്ധ്യതകളേറെയുള്ള ന്യൂ ജനറേഷൻ കോഴ്സുകൾ പരിചയപ്പെടാം.

എൻജിനിയറിംഗിലെ

ന്യൂജെൻ തരംഗം


പരമ്പരാഗത എൻജിനിയറിംഗ് ശാഖകൾക്കൊപ്പം ന്യൂജെനറേഷൻ കോഴ്സുകൾക്കും ഡിമാന്റ് വർദ്ധിച്ചിട്ടുണ്ട്. പുത്തൻ ബ്രാഞ്ചുകൾ തെരഞ്ഞെടുത്തവർക്ക് മുന്നിൽ അവസരങ്ങളുടെ വിശാലലോകം.

കണക്കിലും ഫിസിക്സിലും മികവുള്ളവർക്കാണ് എൻജിനീയറിംഗ് ഇണങ്ങുക. സിവിൽ എൻജിനീയറിംഗിന് ഡ്രോയിംഗ് സ്‌കിൽ വേണം. ആർക്കിടെക്ചറിന് ഡ്രോയിംഗ് സ്‌കില്ലും ക്രിയേ​റ്റിവി​റ്റിയും നിർബന്ധം.

ടെക്സ്‌റ്റൈൽ ടെക്‌നോളജി


വസ്ത്ര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ക്വാളി​റ്റി കൺട്രോൾ, പ്രൊഡക്‌ഷൻ, ഓപ്പറേഷൻ, പാക്കേജിംഗ് തുടങ്ങിയ ഒട്ടേറെ അവസരങ്ങളുള്ള കോഴ്സാണിത്. തിരുവനന്തപുരം, കണ്ണൂർ, കൊരട്ടി എന്നിവിടങ്ങളിലെ പോളിടെക്നിക്കുകളിൽ ഡിപ്ലോമാ കോഴ്സുകളുണ്ട്. തമിഴ്നാട്ടിലെ നിരവധി സർവകലാശാലകളിൽ ബിരുദകോഴ്സുണ്ട്.

മെഡിക്കൽ ഇലക്ട്രോണിക്സ്

ചികിത്സാ ഉപകരണങ്ങളുടെ സാങ്കേതികവിദ്യകൾ പഠിക്കുകയും അവ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നവരാണ് മെഡിക്കൽ ഇലക്ട്രോണിക്സ് എൻജിനീയർമാർ. ഹൈടെക്ക് ആശുപത്രികൾ കൂണുപോലെ പൊട്ടിമുളയ്ക്കുന്നതിനാൽ തൊഴിൽസാദ്ധ്യതയേറെ. ബംഗളൂരുവിലെ എം.എസ്. രാമയ്യ ഇൻസിറ്റിറ്റ്യൂട്ടിൽ ഉൾപ്പെടെ പഠനസൗകര്യം.

പെയിന്റ് ടെക്‌നോളജി


പെയിന്റ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വിവിധ പോളിമറുകളെക്കുറിച്ചും ഘടകപദാർത്ഥങ്ങളെക്കുറിച്ചും പഠിക്കാം. കെമിസ്ട്രിയിൽ താത്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാം. ബി.ടെക്, എം.ടെക് കോഴ്സുകളുണ്ട്.

ഫാർമസ്യൂട്ടിക്കൽ എൻജിനീയറിംഗ്


മാരകരോഗങ്ങൾക്ക് ഫലപ്രദമായ മരുന്നുകൾ കണ്ടെത്തുകയാണ് ജോലി. കുറഞ്ഞ ചെലവിൽ മികച്ച ഫലമുണ്ടാക്കാൻ കഴിയുന്ന മരുന്നുകൾ കണ്ടെത്താൻ നിരന്തരഗവേഷണം വേണ്ടിവരും. ഭാരതീദാസൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൾപ്പെടെ പഠനസൗകര്യം.

പെട്രോളിയം എൻജിനീയറിംഗ്


ഗൾഫിൽ നിരവധി തൊഴിൽ സാദ്ധ്യത. കനത്ത ശമ്പളവും കിട്ടും. പെട്രോളിയം ഉത്പ്പന്നങ്ങളുടെ സംസ്കരണമാണ് പഠിക്കേണ്ടത്. ഡെറാഡൂണിലെ പെട്രോളിയം യൂണിവേഴ്സിറ്റിയിൽ അടക്കം പഠനസൗകര്യം.


പോളിമർ എൻജിനീയറിംഗ്


പോളിമർ പദാർത്ഥങ്ങളുടെ നിർമാണം, ഗവേഷണം, രൂപകല്പന എന്നിവയാണ് പഠിക്കാനുള്ളത്. തൊഴിലവസരങ്ങൾ ഏറെ. കൊച്ചിൻ യൂണിവേഴ്സി​റ്റിയിലടക്കം പഠനസൗകര്യം. കോയമ്പത്തൂർ അമൃതയിലും ഐ.ഐ.ടികളിലും പഠിക്കാം.


റബർ ടെക്നോളജി


റബറിനെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാ​റ്റുന്ന വ്യവസായങ്ങളിലെല്ലാം റബർ ടെക്നോളജിസ്​റ്റുകൾക്ക് ജോലിയുണ്ട്. കൃത്രിമ റബറിൽ ഗവേഷണവുമാവാം. കുസാറ്റിൽ ബി.ടെക് കോഴ്സുണ്ട്. എം.ജി സർവകലാശാലയിലും റബർ ടെക്നോളജി കോഴ്സ് പഠിക്കാം.

ഷുഗർ ടെക്നോളജി


പഞ്ചസാര നിർമാണവുമായി ബന്ധപ്പെട്ട പഠനം. ഇതിനുവേണ്ട ഉപകരണങ്ങളുടെ പ്രവർത്തനം, ഏകോപനം, പുത്തൻ സാങ്കേതികവിദ്യകൾ കണ്ടെത്തൽ എന്നിവയുമുണ്ട്. മഹാരാഷ്ട്രയിലും പഞ്ചാബിലും മാത്രമേ പഠനസൗകര്യമുള്ളൂ.


പവർ ഇലക്ട്രോണിക്സ്


പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ വൈദ്യുതിയുടെ സാദ്ധ്യതകൾ കണ്ടെത്തുന്ന പഠനശാഖയാണിത്. കേരളത്തിലെ വിവിധ സർക്കാർ, സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ പഠനസൗകര്യമുണ്ട്.


സ്ട്രക്ചറൽ എൻജിനീയറിംഗ്


വലിയ കെട്ടിടങ്ങളുടെ നിർമ്മാണം മുതൽ ആശുപത്രി ഉപകരണങ്ങളുടെ രൂപകൽപ്പനയിൽ വരെ തൊഴിൽ സാദ്ധ്യത. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും ഐ.ഐ.ടികളിലും പഠനസൗകര്യം.


ഇലക്ട്രോണിക്സ് ആൻഡ്

കൺട്രോൾ എൻജിനിയറിംഗ്


റഡാറുകൾ, വിദൂരനിയന്ത്റണ സംവിധാനങ്ങൾ തുടങ്ങിയ ഉപകരണങ്ങൾ വികസിപ്പിക്കുകയും പുതിയ സാങ്കേതികവിദ്യ കണ്ടെത്തുകയുമാണ് ജോലി. പഠനസൗകര്യമേറെയും ഡൽഹിയിലാണ് .


മെക്കാട്രോണിക്സ്


വിമാനം, ഷിപ്പിംഗ് കമ്പനികൾ, ഐ.ടി., ബയോമെഡിക്കൽ, റോബോട്ടിക്സ്, നാനോ ടെക്‌നോളജി തുടങ്ങിയ നിരവധി മേഖലകളിൽ തൊഴിലവസരം. കോഴിക്കോട് എൻ.ഐ.ടി.യിൽ ചില ബി.ടെക്. കോഴ്സുകളിൽ മെക്കാട്രോണിക്സ് പഠിപ്പിക്കുന്നുണ്ട്. കണക്കിലും സയൻസിലും 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചവർക്ക് ബി.ടെക്. കോഴ്സിന് അപേക്ഷിക്കാം. മൂന്നുവർഷ ഡിപ്ലോമ കോഴ്സുകളുമുണ്ട്.


ഇൻഡസ്ട്രിയൽ എൻജിനീയറിംഗ്


മനുഷ്യവിഭവശേഷിയും മെ​റ്റീരിയൽസും ഫലപ്രദമായി ഉപയോഗിച്ച് വ്യവസായങ്ങളെയും കമ്പനികളെയും മികവു​റ്റതാക്കുന്നതാണ് പഠനവിഷയം. കമ്പനികളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിൽ ഇവരുടെ സേവനം വലുതാണ്. തിരുവനന്തപുരത്തെ കോളേജ് ഒഫ് എൻജിനീയറിംഗിൽ മാത്രമാണ് ഈ ബ്രാഞ്ചുള്ളത്.


മറൈൻ എൻജിനീയറിംഗ്


പ്രോമിസിംഗ് കരിയർ എന്ന് പറയാവുന്ന മേഖല. മികച്ച ശമ്പളം. കൊച്ചിൻ സർവകലാശാലയിലെ മറൈൻ കോഴ്സുൾപ്പെടെ 50 ഓളം സ്ഥാപനങ്ങളിൽ മാരിടൈം കോഴ്സുകൾ പഠിക്കാം.
ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ അംഗീകാരവും ചെന്നൈ ആസ്ഥാനമായുള്ള മാരിടൈം യൂണിവേഴ്സി​റ്റിയുടെ അംഗീകാരവും സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാ​റ്റിക്സ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. കുസാ​റ്റിൽ മറൈൻ എൻജിനിയറിംഗും നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ടെക്‌നോളജി എന്ന കോഴ്സുമുണ്ട്. തമിഴ്നാട്ടിൽ മാരിടൈം കോഴ്സുകൾക്കായി കൽപ്പിത സർവകലാശാലയുണ്ട്.

പോളിമർ എൻജിനിയറിംഗ്


റബർ, പ്ലാസ്​റ്റിക് ഉത്പന്നങ്ങളുടെ വ്യവസായസാദ്ധ്യത മുന്നിൽക്കണ്ട് ആരംഭിച്ച കോഴ്സ്. തൊടുപുഴയിലെ എം.ജി സർവകലാശാലയുടെ യൂണിവേഴ്സി​റ്റി കോളജ് ഒഫ് എൻജിനീയറിംഗിൽ ഈ കോഴ്സുണ്ട്.

സ്പേസ് സയൻസ്

ബഹിരാകാശ ശാസ്ത്രം പഠിക്കാൻ തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്​റ്റി​റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ സൗകര്യം. ബിരുദതലം മുതൽ പോസ്​റ്റ് ഡോക്ടറേ​റ്റ് തലം വരെ പഠിക്കാം.

ഫുട്‌വെയർ ഡിസൈൻ

ഫുട്‌വെയർ ഡിസൈൻ മാനേജ്‌മെന്റ് ആൻഡ്‌ ടെക്നോളജി തൊഴിൽസാദ്ധ്യതയേറിയ കോഴ്സാണ്. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. മെ​റ്റീരിയലുകൾ, പാ​റ്റേണുകൾ, ഡിസൈൻ, ഡിസൈൻ സോഫ്​റ്റ്‌വെയർ, മാനേജ്മെന്റ് എന്നിവയെക്കുറിച്ച് പഠിക്കണം. ചെന്നൈയിലെ സെൻട്രൽ ഫുട്‌വെയർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനസൗകര്യം. ഇഗ്നോയുമായി ചേർന്ന് എഫ്.ഡി.ഡി.ഐ നടത്തുന്ന കോഴ്സിൽ 100ശതമാനം കാമ്പസ് പ്ലേസ്‌മെന്റാണ്.

വെബ്സൈറ്റ്- www.fddiindia.com

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

കനത്ത ശമ്പളമുള്ള ജോലികൾ ലഭിക്കുന്ന മേഖല. കമ്പ്യൂട്ടർ സയൻസ് പശ്ചാത്തലമുള്ളവർക്ക് പഠിക്കാൻ എളുപ്പം. തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്, കോഴിക്കോട് നാഷണൽ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി എന്നിവിടങ്ങളിൽ പരിശീലനമുണ്ട്. അമൃത, മണിപ്പാൽ, അമി​റ്റി, ശിവനാടാർ യൂണിവേഴ്സി​റ്റികളും ഐ.ഐ.ടികളും ഐ.ഐ.ഐ.ടികളും ഡേ​റ്റ സയൻസ്, അനലി​റ്റിക്സ്, എ.ഐ ക്ലൗഡ് സേവനങ്ങൾ എന്നിവയിൽ കോഴ്സുകൾ നടത്തുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AFTER 12 TH
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.