തിരുവനന്തപുരം: ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ അദ്ധ്യക്ഷനാക്കി മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള കമ്മിഷൻ പുനഃസംഘടിപ്പിച്ചു. മാണി വിതയത്തിൽ (എറണാകുളം), കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് വന്ന ജി. രതികുമാർ (കൊട്ടാരക്കര) എന്നിവരാണ് അംഗങ്ങൾ.
164 മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായാണ് കമ്മിഷൻ. ഈ സമുദായങ്ങളുടെ പേര് സർക്കാർ നേരത്തേ വിജ്ഞാപനം ചെയ്തിരുന്നു.
ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അദ്ധ്യക്ഷനും എം. മനോഹരൻ പിള്ള, എ.ജി. ഉണ്ണികൃഷ്ണൻ എന്നിവർ അംഗങ്ങളുമായിരുന്ന മുൻ കമ്മിഷന്റെ കാലാവധി മാർച്ച് 13ന് അവസാനിച്ചിരുന്നു. പുതിയ ചെയർമാൻ സി.എൻ. രാമചന്ദ്രൻ നായർ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനായിരുന്നു.കഴിഞ്ഞ കമ്മിഷനിൽ ചെയർമാനും രണ്ടംഗങ്ങളും നായർ വിഭാഗത്തിൽ നിന്നായിരുന്നെങ്കിൽ, ഇത്തവണ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഒരാളെ ഉൾപ്പെടുത്തി.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള കമ്മിഷൻ എന്നതിന് പകരം മുന്നാക്കക്കാരിലെ സാമ്പത്തികമായി ദുർബലവിഭാഗങ്ങൾക്കുള്ള കമ്മിഷൻ എന്നാക്കണമെന്ന് നിയമപരിഷ്കാര കമ്മിഷൻ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.