ന്യൂയോർക്ക് : രുചിയേറിയ ഡെസേർട്ടുകൾ ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. പല രുചികളിലും തരത്തിലും വിലയിലുമുള്ള ഡെസേർട്ടുകൾ ലോകമെമ്പാടും ലഭ്യമാണ്. ഡേസേർട്ടുകളുടെ കൂട്ടത്തിൽ ഒരു രാജാവുണ്ടോ എന്ന് ചോദിച്ചാൽ എന്താകും ഉത്തരം ? അങ്ങനെയൊരു ഡെസേർട്ട് ഏതാണെന്നാകും പലരും ആലോചിക്കുക. എങ്കിൽ കേട്ടോളൂ; ' ഗോൾഡൻ ഒപ്യുലൻസ് സൺഡേ " എന്നാണ് ഇതിന്റെ പേര്.
ആരെയും അതിശയിപ്പിക്കുന്ന വിലയുടെ പേരിലാണ് ഗോൾഡൻ ഒപ്യുലൻസിനെ ഡെസേർട്ടുകളുടെ രാജാവെന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, ഏറ്റവും വിലപിടിപ്പുള്ള ഡെസേർട്ട് എന്ന ലോക റെക്കാഡും കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ഗോൾഡൻ ഒപ്യുലൻസ്.
1000 ഡോളറാണ് (ഏകദേശം 78,000 രൂപ ) ഇതിന്റെ വില.! ന്യൂയോർക്ക് സിറ്റിയിലെ സെറെൻഡിപിറ്റി 3 എന്ന റെസ്റ്റോറന്റിലാണ് ഈ വിശിഷ്ട ഡെസേർട്ട് തയാറാക്കിയിരിക്കുന്നത്. നേർത്ത 23 കാരറ്റ് ഗോൾഡ് ലീഫുകൾ, തഹിതിയൻ വനില ഐസ്ക്രിം, മഡഗാസ്കർ വനില തുടങ്ങിയവയാണ് ഡെസേർട്ടിലെ പ്രധാന ചേരുവകൾ.
തീർന്നില്ല, ലോകത്തെ ഏറ്റവും വിലയേറിയതും അപൂർവവുമായ ഇറ്റാലിയൻ ഡാർക്ക് ചോക്ലേറ്റ്, പാരീസിൽ നിന്നുള്ള കാൻഡീഡ് ഫ്രൂട്ട്സ് തുടങ്ങിയവും ഗോൾഡൻ ഒപ്യുലൻസിന്റെ ആഡംബരത്തിന് മാറ്റ് കൂട്ടുന്നു. ഡെസേർട്ടിന്റെ മുകളിൽ അലങ്കരിച്ചിരിക്കുന്ന പഞ്ചസാര പൂക്കൾ വരെ സ്വർണം പൂശിയതാണ്.!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |