SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.34 PM IST

റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ

photo

ഗൾഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുകൾ പല പരാതികൾക്കും ഇടയാക്കിയിട്ടുണ്ടെങ്കിലും ഭീകരർക്ക് വിറ്റ് സിറിയയിലേക്ക് കടത്തിയെന്ന ഗുരുതര ആരോപണം ഇതാദ്യമായാണ് ഉയർന്നത്. എറണാകുളത്ത് പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്റ് മുഖേന കുവൈറ്റിലേക്ക് പോയി കബളിപ്പിക്കപ്പട്ട് തിരിച്ചെത്തിയ ചില യുവതികൾ പൊലീസിൽ നൽകിയ പരാതിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.

ഗൾഫിലെ വീടുകളിൽ കുട്ടികളെ നോക്കുന്ന ജോലിക്ക് ആളെ വേണമെന്ന പരസ്യം നൽകി ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് ഏജന്റ് യുവതികളെ റിക്രൂട്ട് ചെയ്തത്. മാസം 60,000 രൂപ ശമ്പളമാണ് വാഗ്ദാനം ചെയ്തത്. അതിനാൽത്തന്നെ നിരവധി യുവതികൾ ഇവരുടെ കെണിയിൽ വീണു. വിസിറ്റിംഗ് വിസ വാങ്ങി കൊണ്ടുപോയശേഷം പിന്നീട് ലക്ഷങ്ങൾ ഈടാക്കി ഇവരെ അടിമകളെപ്പോലെ വിൽക്കുകയും എതിർക്കുന്നവരെ മർദ്ദനത്തിനിരയാക്കി ഭീകരർക്ക് വേണ്ടി സിറിയയിലേക്ക് കടത്തുകയും ചെയ്തു. മലയാളി സംഘടനകളുടെ സഹായത്തോടെയാണ് തിരിച്ചത്തിയവർ പരാതി നൽകിയത്. കൊച്ചിയിലെ പ്രധാന ഏജന്റ് പിടിയിലായെങ്കിലും മറ്റൊരാൾ കുവൈറ്റിൽ ഒളിവിലാണ്. കേരള പൊലീസിനു പുറമേ എൻ.ഐ.എ കൂടി അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.

റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയാൻ സംസ്ഥാന സർക്കാരും നോർക്കയും എമിഗ്രേഷൻ വിഭാഗവും പല നടപടികൾ എടുത്തിട്ടുണ്ടെങ്കിലും ഫലപ്രദമായിട്ടില്ലെന്നാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം തട്ടിപ്പുകൾ തെളിയിക്കുന്നത്. തട്ടിപ്പിനിരയാകുന്നവരുടെ പരാതികളിൽ നടപടികൾ വൈകുകയും നിയമനടപടിക്ക് വർഷങ്ങളെടുക്കുകയും ചെയ്യുന്നതാണ് തുടരെ തട്ടിപ്പുകൾ അരങ്ങേറാൻ ഇടയാക്കുന്നത്. കേസും വഴക്കും വരുമ്പോൾ മുങ്ങുന്നവർ തന്നെയാണ് പിന്നീട് മറ്റൊരു പേരിൽ റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായെത്തുന്നത്. പല പരാതികളും ഒറ്റപ്പെട്ടുപോയവരുടെ ദീനരോദനമായി അവശേഷിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് മനുഷ്യക്കടത്ത് തടയാൻ യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രത്യേക പൊലീസ് വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഇതേ മാതൃകയിൽ കേരളത്തിലും പ്രത്യേക പൊലീസ് വിഭാഗത്തിന് രൂപം നൽകാവുന്നതാണ്. ഭീകരർക്കും മറ്റും ഇവരെ കൈമാറിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ അത്തരം ജാഗ്രതാ നടപടികൾക്ക് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. കുറഞ്ഞപക്ഷം എത്രപേർ റിക്രൂട്ട്മെന്റ് ഏജൻസികൾ വഴി കേരളത്തിൽ നിന്ന് പുറത്തേക്ക് പോയിട്ടുണ്ടെന്ന് പൂർണവിലാസം സഹിതം പൊലീസ് ശേഖരിക്കേണ്ടതാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളും ഇതേ വിഭാഗമായിരിക്കണം കൈകാര്യം ചെയ്യേണ്ടത്. വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ചിലർ മനുഷ്യക്കടത്തിന് ഒത്താശ ചെയ്യുന്നുണ്ടെന്ന പരാതികളുമുണ്ട്. ഇതിൽ ചിലർക്കെതിരെ നടപടികളുണ്ടായി. വേശ്യാവൃത്തി, അവയവ വില്പന തുടങ്ങിയ പല കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തിന്റെ പിന്നിൽ നടക്കുന്നുണ്ടെന്നത് രഹസ്യമല്ല. കൊവിഡ് അടച്ചിടൽ അവസാനിച്ചതോടെ റിക്രൂട്ട്‌മെന്റ് ഏജൻസികൾ വൻതോതിൽ രംഗത്തിറങ്ങിയിട്ടുണ്ട്. അതിനാൽ ഈ രംഗവുമായി ബന്ധപ്പെട്ട ബോധവത്‌‌കരണത്തിന് നോർക്കയും പ്രവാസി സംഘടനകളും കൂടുതൽ ഉൗന്നൽ നൽകണം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 2016 മുതൽ 20 വരെ കേരളത്തിൽ 525 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായാണ് കേന്ദ്രആഭ്യന്തരവകുപ്പിന്റെ കണക്ക്. 2016-ൽ 21 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നത്. ഇനിയും ഇത് കൂടാതിരിക്കാനുള്ള ജാഗ്രത സർക്കാരിന്റെ പക്ഷത്തുനിന്ന് മാത്രമല്ല, മോഹനവാഗ്ദാനങ്ങൾ വിശ്വസിച്ച് ജോലിക്ക് അപേക്ഷിക്കുന്നവരുടെ ഭാഗത്തുനിന്നുകൂടി ഉണ്ടാകേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FRAUD RECRUITMENT AGENCIES
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.