SignIn
Kerala Kaumudi Online
Thursday, 25 April 2024 2.26 PM IST

തെരുവ് നായ്ക്കളുടെ സ്വന്തം നാട്

photo

വന്യമൃഗങ്ങളോട് പൊരുതിയാണ് ഇടുക്കിയിലെ കുടിയേറ്റ കർഷകർ ജീവിതം കരുപ്പിടിപ്പിച്ചത്. ഇപ്പോൾ നാട്ടിലെ മൃഗങ്ങളോടും പോരടിക്കേണ്ട സ്ഥിതിയാണവർക്ക്. ജില്ലയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 1384 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. ഈ മാസം ഇതുവരെ നായയുടെ കടിയേറ്രത് 171 പേർക്കാണ്. ബുധനാഴ്ച മാത്രം 18 പേർക്ക് കടിയേറ്റു. സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്. തെരുവ് നായ്ക്കളുടെയും വളർത്ത് നായ്ക്കളുടെയും കടിയേറ്റവർ ഇക്കൂട്ടത്തിൽപ്പെടും. അഞ്ച് ദിവസം മുമ്പാണ് നായയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചത്. മുരിക്കാശേരി തേക്കിൻ തണ്ട് സ്വദേശി ഓമനയാണ് (65) മരിച്ചത്. രണ്ട് മാസം മുമ്പ് നായുടെ കടിയേറ്റ ഇവർ ചികിത്സ തേടിയിരുന്നില്ല. 16ന് രോഗം ഗുരുതരമായതോടെ ആരോഗ്യ പ്രവർത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഇടുക്കി നെടുങ്കണ്ടത്ത് വൃദ്ധയടക്കം ഏഴ് പേർക്കും വണ്ണപ്പുറം മുണ്ടൻമുടിയിൽ അഞ്ച് പേർക്കുമാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്രത്. മുണ്ടൻമുടിയിൽ ഇന്നലെ പുലർച്ചെ വീട്ടുമുറ്റത്ത് നിന്നവർക്കും പള്ളിയിലേക്കും കടയിലേക്കും പോയവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ ഭീതിയിലായി. നായ വളർത്തുമൃഗങ്ങളെയും കടിച്ചിരുന്നു. തുടർന്ന് മൃഗഡോക്ടർ സ്ഥലത്തെത്തി നായയുടെ സ്രവം പരിശോധിച്ചപ്പോഴാണ് പേയുള്ളതായി അറിയുന്നത്. മുറ്റത്തെത്തിയ നായയെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് ചിലർക്ക് കടിയേറ്റത്. വഴിയോരത്ത് നിന്നവരെയും നായ ആക്രമിച്ചു. നെടുങ്കണ്ടത്ത് 75 വയസുകാരിയടക്കം ഏഴ് പേർക്കാണ് നായയുടെ കടിയേറ്റത്. ഇതിൽ കൽകൂന്തൽ സന്തോഷ്ഭവനത്തിൽ രത്‌നമ്മയ്ക്കാണ് (75) ഗുരുതരമായി പരിക്കേറ്റത്. രാവിലെ പുരയിടത്തിലേക്ക് ഇറങ്ങിയ സമയത്താണ് തെരുവുനായ ആക്രമണമുണ്ടായത്. കടിച്ച് വലിച്ച് നിലത്ത് വീഴ്ത്തിയ നായ രത്‌നമ്മയുടെ കൈയിലും പുറത്തും കാലിലും കടിച്ചു. അലറിക്കരഞ്ഞതോടെ മകനും മരുമകളും സമീപവാസികളും ഓടിയെത്തിയാണ് രത്‌നമ്മയെ രക്ഷിച്ചത്. തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നായ്ക്കൾ നാട്ടുകാരുടെ വളർത്ത് മൃഗങ്ങളെയും ആക്രമിച്ച് കൊലപ്പെടുത്തുന്നുണ്ട്. മുട്ടത്ത് മാസങ്ങൾക്ക് മുമ്പ് തെരുവ് നായ 40 കോഴികളെയാണ് കൊന്നുതിന്നത്. കൂട്ടമായെത്തുന്ന നായ്ക്കൾ വഴിയോരങ്ങളിൽ തലങ്ങും വിലങ്ങും വിലസുമ്പോൾ വാഹനയാത്രികരും ഭീതിയിലാണ്. പലപ്പോഴും ഇവ ആക്രമണകാരികളുമാകും. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് പായുന്നതും പതിവാണ്‌. ജില്ലയിൽ രാപ്പകൽ ഭേദമില്ലാതെ തെരുവ് നായ ശല്യം രൂക്ഷമായിട്ടും ഇതിന് തടയിടാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ല.

പേവിഷബാധ മാരകം

പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ, മാന്തലോ, നക്കലോ മൂലം മനുഷ്യർക്ക് രോഗാണുബാധ ഉണ്ടാകാം. പേവിഷബാധയുണ്ടാക്കുന്ന വൈറസ് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. നായ്ക്കളിൽ നിന്നാണ് മനുഷ്യർക്ക് കൂടുതലും പേവിഷബാധ ഉണ്ടാകുന്നത്. പൂച്ച, പശു, ആട് എന്നിവയിൽ നിന്നും രോഗബാധയുണ്ടാകാം. തലവേദന, ക്ഷീണം, നേരിയ പനി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോട് ഭയം അനുഭവപ്പെടുന്നു. സാധാരണ രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ട് മുതൽ മൂന്ന് മാസം വരെയെടുക്കും. ചിലപ്പോൾ ഇത് ഒരാഴ്ച മുതൽ ഒരു വർഷം വരെ ആകാം. വളർത്തുമൃഗങ്ങൾക്ക് പ്രത്യേകിച്ച് നായ, പൂച്ച എന്നിവയ്ക്ക് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകുകയാണ് രോഗം തടയാനുള്ള പ്രധാന മാർഗം. നായ്ക്കൾക്ക് ജനിച്ച ശേഷം രണ്ടാം മാസം ആദ്യ ഡോസും, മൂന്നാം മാസം രണ്ടാം ഡോസും തുടർന്ന് എല്ലാ വർഷവും ബൂസ്റ്റർ ഡോസ് വാക്‌സിനും നൽകണം. മൃഗങ്ങളെ പരിപാലിക്കുന്നവർ പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണം. മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാൽ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റു നേരം കഴുകണം. ഇത് രോഗാണുബാധ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും. തുടർന്ന് എത്രയും വേഗം ഡോക്ടറുടെ നിർദ്ദേശപ്രകാരം പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പെടുക്കണം.

നായശല്യത്തിന് കാരണം മാലിന്യം

പൊതുജനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവുനായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യനിർമാർജ്ജനത്തിനുള്ള പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കുന്നെങ്കിലും മാലിന്യം കുന്നുകൂടുന്നത് കുറയ്ക്കാൻ ഇത് ഫലപ്രദമാകുന്നില്ല. നഗരത്തിലെ സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലും റോഡരികിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾക്കരികിലും നായ്ക്കൾ കൂട്ടമായി വിഹരിക്കുന്നത് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും പരിസരവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡരികിൽ ചാക്കിൽകെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. അറവുശാലകളിൽ നിന്ന് റോഡരികിലും ഒഴിഞ്ഞ സ്ഥലത്തും തള്ളുന്ന ഇറച്ചിമാലിന്യങ്ങൾ തിന്നാനെത്തുന്ന നായ്ക്കളും ആളുകൾക്ക് വലിയ ഭീഷണിയാണ്.

നിർജീവമായ വന്ധ്യംകരണം

സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കിയ എ.ബി.സി പദ്ധതി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. പ്ലാൻ ഫണ്ടിൽ നിന്നാണ് വന്ധ്യംകരണ പദ്ധതിക്കുള്ള തുക അനുവദിച്ചിരിക്കുന്നത്. ഹെൽത്ത് വിഭാഗവും പരിയാരം വെറ്ററിനറി വിഭാഗവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ പ്രത്യേകം തയ്യാറാക്കിയ ശസ്ത്രക്രിയാ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടുകയാണ് ചെയ്യുന്നത്. വന്ധ്യംകരണം നടത്തിയ നായ്ക്കളെ തിരിച്ചറിയാനായി ഇവയുടെ ഇടത് ചെവിയിൽ സ്റ്റാർ ആകൃതിയിൽ സ്റ്റാമ്പ് ചെയ്യതിട്ടുണ്ടാകും. നായശല്യം നിയന്ത്രിക്കാനുള്ള നഗരസഭയുടെ പദ്ധതികളും ജനങ്ങളുടെ മാലിന്യ നിക്ഷേപം നിയന്ത്രിക്കാനുള്ള നടപടികളും കാര്യമായി ഫലം കാണുന്നില്ല. നിരവധി തവണ പരാതികൾ നൽകിയിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STREET DOGS ATTACK
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.