കോഴിക്കോട്: ദേശീയ തലത്തിൽ മതസൗഹാർദ്ദത്തിന് മന്ത്രാലയം വേണമെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പല വിദേശ രാജ്യങ്ങളിലും മതവിഭാഗങ്ങൾക്കിടയിൽ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് പ്രത്യേക വകുപ്പുകളുണ്ടെന്ന് മുസ്ലീംലീഗ് ജില്ലാ സംഗമങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മിനിസ്ട്രി ഒഫ് ടോളറൻസ്, മിനിസ്ട്രി ഒഫ് ഹാപ്പിനസ് എന്നിങ്ങനെ വിവിധ പേരുകളിലായി യു.എ.ഇയിലും സൗദിയിലും മന്ത്രാലയങ്ങളുണ്ട്. അന്താരാഷ്ട്രതലത്തിലുള്ള സംവിധാനം നമ്മുടെ രാജ്യത്തും വേണം. ഈ വിഷയം പാർലമെന്റിലും സംസ്ഥാന നിയമസഭയിലും മുസ്ലീംലീഗ് ഉന്നയിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായും ചർച്ച നടത്തും. ദേശീയ തലത്തിൽ ഭൂരിപക്ഷ വർഗീയത വളർത്താൻ കരുതിക്കൂട്ടി ശ്രമം നടക്കുകയാണ്. അപ്രതീക്ഷിത ഐക്യവും പിന്തുണയുമാണ് തങ്ങളുടെ പര്യടനത്തിനു ലഭിച്ചത്. സമൂഹത്തിലെ ചെറിയൊരു വിഭാഗം ജനങ്ങൾ മാത്രമാണ് വിദ്വേഷം പ്രചരിപ്പിക്കുന്നത്. മതങ്ങളിലെ മതേതരത്വം പ്രോത്സാഹിപ്പിക്കപ്പെടണം. . വിദ്വേഷം പരത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |