SignIn
Kerala Kaumudi Online
Thursday, 06 October 2022 12.43 PM IST

ദേശീയ മുസ്‌ലിമാക്കി ബി.ജെ.പി ലീഗിൽ ഖാദർ പ്രതിസന്ധി

photo

മുസ്‌ലിം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എം.എൽ.എയുമായ കെ.എൻ.എ ഖാദർ ആർ.എസ്.എസ് വേദിയിൽ പങ്കെടുത്തതിന്റെ പുകിലിലാണ് മുസ്‌ലിം ലീഗ്. കോഴിക്കോട് കേസരിയിൽ നടന്ന സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിൽ കെ.എൻ.എ ഖാദറിനെ ആർ.എസ്.എസ് നേതാവ് ജെ.നന്ദകുമാർ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും വിവിധ മതവിഭാഗങ്ങളിലെ നേതാക്കളെ ഉൾപ്പെടുത്തിയും ആർ.എസ്.എസുമായി ബന്ധമുള്ളവരെ മനഃപ്പൂർവം ഒഴിവാക്കിയും നടത്തുന്ന സ്‌നേഹസംഗമം അതിന്റെ സമാപന വേദിയായ കോഴിക്കോട്ടേക്ക് പ്രവേശിക്കുന്നതിന്റെ തൊട്ടുമുമ്പായിരുന്നു കെ.എൻ.എ ഖാദർ വിവാദമായ പരിപാടിയിൽ പങ്കെടുത്തത്. കേരളത്തിന്റെ മതസാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നിവ മുഖ്യലക്ഷ്യമാക്കിയായിരുന്നു സാദിഖലി തങ്ങളുടെ കേരള പ്രയാണം. മതവർഗീയത പടർത്തുന്നതിൽ ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും പങ്കും ഈ സംഘടനകളുടെ മുന്നേറ്റം ഫലപ്രദമായി ചെറുക്കേണ്ടതിന്റെ പ്രാധാന്യവും ഓരോ ജില്ലാസംഗമങ്ങളിലും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ളവർ ഊന്നിപറയുകയും ചെയ്തു. ബഹറിൽ മുസല്ലയിട്ട് നിസ്‌കരിച്ചാലും ആർ.എസ്.എസിനെ വിശ്വസിക്കില്ലെന്നാണ് തന്റെ പിതാവ് സി.എച്ച്.മുഹമ്മദ്‌കോയ പറഞ്ഞതെന്ന് കൂടി കെ.എൻ.എ ഖാദറിനെ ഓർമ്മിപ്പിച്ചായിരുന്നു ലീഗ് ഉന്നതാധികാര സമിതിയംഗം എം.കെ.മുനീറിന്റെ വിമർശനം. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് പാർട്ടി നയത്തിന് എതിരാണെന്നും വിഷയം ഗൗരവമായി ചർച്ച ചെയ്യുമെന്നും മുനീർ പറഞ്ഞുവച്ചു.

കവലകൾ തോറും ഫാസിസത്തിനെതിരെ പ്രസംഗിക്കുന്നവർ ആർ.എസ്.എസ് വേദിയിൽ യാതൊരു സങ്കോചവുമില്ലാതെ എങ്ങനെ പങ്കെടുക്കുമെന്ന എതിരാളികളുടെ ചോദ്യമാണ് ലീഗിനെ കുഴപ്പിക്കുന്നത്. ലീഗിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടിലെ പൊള്ളത്തരമാണ് ഇത് തുറന്ന് കാട്ടുന്നതെന്ന ഗൗരമേറിയ ആരോപണ മുനകളും നേതൃത്വത്തിന് നേരെ എറിയുന്നുണ്ട്. പല വിഷയങ്ങളിലും ലീഗിന് വീര്യമില്ലെന്ന് പറഞ്ഞ് യുവതലമുറക്കിടയിൽ വൈകാരിക മനോഭാവം വളർത്താൻ ശ്രമിക്കുന്ന എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകൾ അവസരം മുതലെടുക്കുമോയെന്ന ഭയം ലീഗ് നേതൃത്വത്തിനുണ്ട്. അതേസമയം തിരക്കിട്ട നടപടികളിലൂടെ മറ്റൊരു അബ്ദുള്ളക്കുട്ടിയെ വളർത്താനും ലീഗ് തയ്യാറല്ല. ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമയും നവീൻ ജിൻഡാലും പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങൾ രാജ്യത്തെയും പുറത്തെയും മുസ്‌ലിങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ ആർ.എസ്.എസ് പരിപാടിയിൽ കെ.എൻ.എ ഖാദർ പങ്കെടുത്തത് ലീഗ് പ്രവർത്തകരിൽ വലിയ അമർഷമാണ് സൃഷ്ടിച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയകളിലൂടെ നേതാക്കളുടെ പോസ്റ്റുകൾക്ക് താഴെ ലീഗ് അണികൾ കെ.എൻ.എ ഖാദറിനെതിരെ ശക്തമായ വികാരം പ്രകടിപ്പിക്കുമ്പോൾ ഇത് കണ്ടില്ലെന്ന് നടിക്കാനും നേതൃത്വത്തിനാവില്ല. പാർട്ടിനയം ലംഘിച്ച് ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണം തേടിയ ലീഗ് ഇതു പരിശോധിച്ച് തുടർനടപടി ചർച്ച ചെയ്യുമെന്ന നിലപാടിലാണിപ്പോൾ. മുതിർന്ന നേതാവും പലവട്ടം സാമാജികനുമായി കെ.എൻ.എ ഖാദറിനെതിരെയുള്ള നടപടിക്കാണ് മുറവിളി എന്നതിനാൽ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന് തലപുകയ്ക്കുകയാണ് ലീഗ് നേതൃത്വം.

നിലപാടിൽ ഉറച്ച് ഖാദർ

ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിനെതിരെ പാർട്ടിക്കുള്ളിൽ ശക്തമായ അമർഷം പുകയുമ്പോൾ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ.എൻ.എ ഖാദർ. ആർ.എസ്.എസ് പരിപാടിക്കല്ല, മതസൗഹാർദ്ദം ലക്ഷ്യമിട്ട് സാംസ്‌കാരിക പരിപാടിക്കാണ് പോയതെന്ന് കെ.എൻ.എ ഖാദർ പറയുന്നു. തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ശരിയല്ല. പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്ന് തോന്നുന്നില്ല. സാദിഖലി ശിഹാബ് തങ്ങളും മുസ്‌ലിം ലീഗും സ്വീകരിക്കുന്ന നിലപാടാണ് തന്റേത്. എല്ലാം മതസ്ഥരും തമ്മിൽ സ്‌നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. നമ്മൾ വിളിച്ചാൽ എല്ലാവരും എത്തുന്നുണ്ട്. മറുവശത്ത് നിന്ന് ക്ഷണം ലഭിച്ചാൽ പോകേണ്ടതല്ലേയെന്ന ശുദ്ധമനസ്സു കൊണ്ടാണ് പങ്കെടുത്തത്. മതസൗഹാർദ്ദത്തെക്കുറിച്ചാണ് പരിപാടിയിൽ സംസാരിച്ചത്. എല്ലാ മതങ്ങളെക്കുറിച്ചും നല്ലത് മാത്രം പറയുന്ന ആളാണ് താൻ. മതങ്ങൾക്കിടയിൽ സംഘർഷം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ എല്ലാവർക്കുമിടയിൽ ഐക്യം വേണമെന്ന് കുറേക്കാലമായി താൻ പറയുന്നുണ്ട്. ലീഗിൽ നിന്ന് വ്യത്യസ്തമായി ആർ.എസ്.എസിനെക്കുറിച്ച് ഒരു നിലപാടും തനിക്കില്ലെന്നും കെ.എൻ.എ ഖാദർ പറഞ്ഞുവയ്ക്കുന്നു. ശുദ്ധ മനസ്സോടെ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കാൻ മാത്രം പരിചയക്കുറവുള്ള നേതാവല്ല കെ.എൻ.എ ഖാദറെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗിലെ ചില നേതാക്കൾ അദ്ദേഹത്തിനെതിരെയുള്ള വിമർശനം കടുപ്പിക്കുന്നത്.

മികച്ച സാമാജികനായി അറിയപ്പെട്ട തന്നെ തോൽവി സാദ്ധ്യതയുള്ള ഗുരുവായൂരിൽ മത്സരിപ്പിച്ചതിലെ അതൃപ്തി കെ.എൻ.എ ഖാദറിനുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചതിലൂടെ വേങ്ങര നിയോജകമണ്ഡലത്തിൽ വന്ന ഉപതിരഞ്ഞെടുപ്പിൽ കെ.എൻ.എ ഖാദറായിരുന്നു ലീഗിന്റെ സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കുന്നില്ലെന്ന് സൂചന ലഭിച്ചതിന് പിന്നാലെ അന്ന് മു‌സ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു കെ.എൻ.എ ഖാദർ നേതൃത്വത്തോട് ഇടഞ്ഞിരുന്നു. സമ്മർദ്ദത്തെ തുടർന്ന് കെ.എൻ.എ ഖാദറിനെ മത്സരിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പാർട്ടി സംവിധാനങ്ങൾ വേണ്ടത്ര ഉണർന്ന് പ്രവർത്തിച്ചിരുന്നില്ല. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയ സാദ്ധ്യതയുള്ള സീറ്റിൽ മത്സരിപ്പിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കെ.എൻ.എ ഖാദർ. എന്നാലത് ഉണ്ടായില്ലെന്ന് മാത്രമല്ല ലീഗിന് സാദ്ധ്യതകൾ കുറവുള്ള ഗുരുവായൂരിൽ മത്സരിപ്പിക്കുകയും പുതുതലമുറ നേതാക്കൾക്ക് ഉറച്ച സീറ്റുകളേകുകയും ചെയ്തു.

ഖാദർ ദേശീയ മുസ്‌ലിമെന്ന് ബി.ജെ.പി

മൂന്ന് വട്ടം മത്സരിച്ചവരെ ഇനി പരിഗണിക്കേണ്ടതില്ലെന്ന ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തോടെ ഇനി കെ.എൻ.എ ഖാദറിന് നിയമസഭയിലേക്ക് മത്സരിക്കാനാവില്ല. പാർട്ടിയിൽ താക്കോൽ സ്ഥാനങ്ങളിലുമില്ല. ഗുരുവായൂരിൽ തോറ്റതിന് ശേഷം പാർട്ടി വേദികളിൽ ഖാദർ സജീവമല്ലെന്ന വിമർശനവും ലീഗിനുള്ളിലുണ്ട്. ഈ സാഹചര്യങ്ങളിൽ കൂടി കണ്ണുവച്ചാണ് ബി.ജെ.പി നേതാക്കളുടെ ഖാദർ സ്‌നേഹമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്‌ലിമാണ് കെ.എൻ.എ ഖാദറെന്നാണ് ബി.ജെ.പി ദേശിയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞത്. മുസ്‌ലിം തീവ്രഗ്രൂപ്പുകളുടെ കൈയ്യടി വാങ്ങാനാണ് മുസ്‌ലിം ലീഗ് കെ.എൻ.എ ഖാദറിനെ തള്ളിപ്പറയുന്നത്. ഖാദറിനെ പുറത്താക്കാൻ ലീഗിന് ധൈര്യമില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. കെ.എൻ.എ ഖാദറിന് ദേശീയ രാഷ്ട്രീയത്തിൽ പ്രധാനറോൾ വഹിക്കാനാവുമെന്ന് കൂടി അബ്ദുള്ളക്കുട്ടി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ഒന്നും ശുദ്ധമനസ്സോടെ അല്ലെന്ന് സംശയിക്കേണ്ടി വരുമെന്നാണ് ലീഗിലെ ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
വേങ്ങര, വള്ളിക്കുന്ന്, മണ്ഡലങ്ങളെ നിയമസഭയിൽ പ്രതിനിധീകരിച്ച ഖാദർ നേരത്തെ സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. 1970ൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1987ലാണ് മുസ്‌ലിം ലീഗിൽ ചേർന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: K N A KHADAR AND RSS
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.