ബന്ദിയാക്കപ്പെട്ട യുവതി രക്ഷപ്പെടാനായി സഹായം തേടിയത് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിൽ ഭക്ഷണം ആവശ്യപ്പെട്ട്. ന്യൂയോർക്കിലെ ചിപ്പർ ട്രക്ക് കഫേയിലേക്കാണ് യുവതി രക്ഷാ സന്ദേശം അയച്ചത്. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ ഗ്രബ്ബൂബ് വഴിയാണ് ആഹാരം ഓർഡർ ചെയ്തത്. ഭക്ഷണശാലയ്ക്കുള്ള ഉപഭോക്താവിന്റെ സന്ദേശം നൽകേണ്ട ഇടത്താണ് യുവതി സഹായം അഭ്യർത്ഥിച്ചത്. 24 കാരിയായ യുവതിയാണ് ഈ കൗശല പ്രയോഗത്തിലൂടെ രക്ഷപ്പെട്ടത്.
അതിരാവിലെ അഞ്ച് മണിക്കാണ് കഫേയിലെ സ്റ്റാഫ് അംഗങ്ങൾക്ക് യുവതിയുടെ സന്ദേശം ലഭിക്കുന്നത്. പ്രഭാത ഭക്ഷണമായി സാൻഡ്വിച്ചും ബർഗറിനും ഓർഡർ ലഭിച്ച ജീവനക്കാർ ഉപഭോക്താവ് നൽകിയ അഡീഷണൽ നിർദ്ദേശങ്ങൾ വായിച്ച് ഞെട്ടുകയായിരുന്നു. ദയവായി പോലീസിനെ വിളിക്കൂ എന്നും ആഹാരം നൽകാനെത്തുമ്പോൾ പൊലീസിനെ കൂട്ടൂ എന്നുമാണ് അറിയിച്ചത്. തുടർന്ന് ഹോട്ടലുടമ പൊലീസിനെ അറിയിക്കുകയും, യുവതിയെ മോചിപ്പിക്കുകയുമായിരുന്നു.
രക്ഷപ്പെട്ടതിന് ശേഷം യുവതി ഹോട്ടലുടമയെ വിളിച്ച് നന്ദി അറിയിച്ചു. ചിപ്പർ ട്രക്ക് കഫേയുടെ ഉടമയായ ആലീസ് ബെർമെജോ ഇൻസ്റ്റയിലൂടെയാണ് ഇക്കാര്യങ്ങൾ പുറം ലോകത്തെ അറിയിച്ചത്.