SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.48 PM IST

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം,കടന്നാക്രമിക്കാൻ ആയുധം നിറച്ച് പ്രതിപക്ഷം

kerala-assembly

 സ്വപ്ന വിവാദം, രാഹുലിന്റെ ഓഫീസ് ആക്രമണം

തിരുവനന്തപുരം: സർക്കാരിനെതിരെ ആഞ്ഞടിക്കാൻ ഇന്ധനം ആവോളം നിറച്ചുവച്ച് പ്രതിപക്ഷം കാത്തിരിക്കെ, തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം തുടക്കത്തിലേ പ്രക്ഷുബ്ദ്ധമാകുമെന്നുറപ്പ്. തൃക്കാക്കരയിലെ അത്യുജ്ജ്വവിജയം പ്രതിപക്ഷ നിരയ്ക്ക് അധിക ഊർജ്ജം പകർന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. രാഹുൽ ഗാന്ധിയുടെ വയനാട്ടെ ഓഫീസ് എസ്.എഫ്.ഐ തകർത്തത് മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള മറ്റൊരു വടികൂടിയായി.

പതിനഞ്ചാം നിയമസഭ നിലവിൽ വന്നിട്ട് ഒരു വർഷം പൂർത്തിയാകുന്ന ദിവസമാണ് തിങ്കൾ. സഭയിൽ പുതുമുഖമായെത്തുന്ന ഉമ തോമസ് ആദ്യ ദിനം ശ്രദ്ധാകേന്ദ്രമാവും.

സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തലാവും പ്രതിപക്ഷം പ്രയോഗിക്കുന്ന മുഖ്യ ആയുധം. ആദ്യ ദിവസത്തെ ചോദ്യോത്തരവേളയിൽ ഉന്നയിക്കാനായി പ്രതിപക്ഷം നൽകിയ ചോദ്യങ്ങളിൽ അതിന്റെ ധ്വനി പ്രകടം. ഏഴ് ചോദ്യങ്ങളാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോട് ഉന്നയിക്കാനായി നൽകിയിരിക്കുന്നത്.

ഇതേ വിഷയത്തിൽ സർക്കാരിന് പ്രതിരോധം തീർക്കാൻ ഭരണപക്ഷവും ചോദ്യം കരുതിവച്ചിരിക്കുന്നു. കനകം, കാമിനി, കലഹം എന്ന ഫോർമുല വച്ചാണെങ്കിൽ എരിവും പുളിയും പകരാൻ ഈ ചോദ്യങ്ങൾ ധാരാളം.

തൃക്കാക്കര ഫലം ഇടതുമുന്നണിയെ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്ന വ്യാഖ്യാനത്തിന് ഊന്നൽ നൽകാനാകും ഭരണപക്ഷം ശ്രമിക്കുക. എന്നാൽ, കെ-റെയിൽ സമരത്തിന്റെ വിജയമായി വ്യാഖ്യാനിക്കാനും പ്രതിപക്ഷത്തിന് തൃക്കാക്കര മികച്ച ടൂൾ ആണ്.

പയ്യന്നൂരിൽ സി.പി.എമ്മിനകത്ത് ഉരുണ്ടുകൂടിയ ഫണ്ട് തട്ടിപ്പ് വിവാദവും പ്രതിപക്ഷത്തിന് ആയുധമാണ്. എന്നാൽ സ്വർണക്കടത്ത് വിവാദത്തിൽ എല്ലാം മുങ്ങിപ്പോകുമോയെന്ന ശങ്കയുമില്ലാതില്ല. സഭാസ്തംഭനത്തിലേക്ക് പ്രതിപക്ഷം കാര്യങ്ങളെത്തിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

മിൽമ ഓർഡിനൻസിന്

പകരം ബില്ലെത്തും

സമ്പൂർണ ബഡ്ജറ്റ് പാസാക്കാൻ വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾ പൂർത്തിയാക്കുകയാണ് സമ്മേളനത്തിന്റെ മുഖ്യ അജൻഡ. ജൂലായ് 27 വരെയായി 23 ദിവസമാണ് സഭ ചേരുക. 13 ദിവസം ധനാഭ്യർത്ഥന ചർച്ച. ക്ഷീര സഹകരണ സംഘങ്ങളിൽ നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം അനുവദിക്കുന്ന സഹകരണ രണ്ടാം നമ്പർ ഭേദഗതി ബിൽ, സ്വകാര്യ വനം നിക്ഷിപ്തമാക്കലും ഏറ്റെടുക്കലും ബിൽ എന്നിവ ആദ്യദിവസത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ക്ഷീര സംഘങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ് ഗവർണർ തിരിച്ചയച്ച സാഹചര്യത്തിലാണ് ഈ സമ്മേളനത്തിൽ ധൃതിപിടിച്ച് പാസാക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം ശക്തമായ എതിർപ്പുയർത്തും.

പാസാക്കിയത്

48 ബില്ലുകൾ

കഴിഞ്ഞ ഒരു വർഷത്തിനിടെ 61 ദിവസം സഭ സമ്മേളിച്ചെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. നാല് സമ്മേളനങ്ങളിലായി 48 ബില്ലുകൾ പാസാക്കി. ലക്ഷദ്വീപിലെ മനുഷ്യാവകാശ ലംഘനമടക്കം നാല് വിഷയങ്ങളിൽ പ്രമേയവും പാസാക്കി. സിൽവർ ലൈനുമായി ബന്ധപ്പെട്ട പി.സി. വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയവും ചർച്ചയ്ക്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.