കണ്ണൂർ:ലഹരി വിരുദ്ധ സന്ദേശവുമായി പ്ളസ് ടു വിദ്യാർത്ഥിയുടെ ഹ്രസ്വചിത്രം. കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ പിലാത്തറ സ്വദേശി ജീവൻ ജിനേഷാണ് 'വൈകും മുമ്പേ ' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.
ജീവന്റെ രണ്ടാമത്തെ ഹ്രസ്വചിത്രം കൂടിയാണിത്. ആദ്യം സംവിധാനം ചെയ്ത ബിയോണ്ട് ദ നെസ്റ്റ് എന്ന ഹ്രസ്വചിത്രം ലൈബ്രറി കൗൺസിൽ ഫിലിംഫെസ്റ്റിവലിൽ കുട്ടികൾക്കായുള്ള മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് നേടിയിട്ടുണ്ട്. കൊവിഡ് കാല അനുഭവങ്ങൾ കൂട്ടിയിണക്കി കുട്ടികളുടെ കൂട്ടായ്മയിൽ നിർമ്മിച്ച ഈ ചിത്രം വൈറലായിരുന്നു.
സംസ്ഥാന കലോത്സവത്തിലെ കവിതാ രചനാ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുള്ള ജീവന്റെ 'സിംഫണി ഓഫ് നേച്ചർ'എന്ന ഡോക്യുമെന്ററിക്ക് കണ്ണൂർ ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻ വകുപ്പ് സംഘടിപ്പിച്ച ഡോക്യുമെന്ററി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. പതിനൊന്നാമത് കണ്ണൂർ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
2020 ലെ വിദ്യാഭ്യാസ പരിപാടിക്കുള്ള മികച്ച അവതാരകനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവും കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അദ്ധ്യാപകനുമായ ഡോ.ജിനേഷ് കുമാറിന്റെയും കെ.ജയശ്രീയുടെയും മകനാണ് . ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ചിത്രീകരിച്ച വൈകും മുമ്പേ ഷോർട്ട് ഫിലിം ഒക്ടോബർ പിക്ചേഴ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ഇന്ന് റിലീസ് ചെയ്യും. കുഞ്ഞിമംഗലം ഗവ.ഹയർ സ്കൂളിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ എം.എൽ.എ എം .വിജിൻ പ്രകാശനം നിർവഹിക്കും.
വീട്ടുകാരുടെയും കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും പിന്തുണയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ലഹരി വിരുദ്ധ ദിത്തോടനുബന്ധിച്ചാണ് വൈകും മുമ്പെ എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചത്. പ്രേക്ഷകരുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു '
-ജീവൻ ജിനേഷ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |