SignIn
Kerala Kaumudi Online
Thursday, 25 April 2024 9.29 PM IST

ക്ളാസ് സമയം കുട്ടികൾ പഠിക്കട്ടെ

photo

പഠനം മുടക്കി കുട്ടികളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് ആശാസ്യമല്ലെന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അഭിപ്രായം മാനിക്കപ്പെടേണ്ടതു തന്നെ. കുട്ടികൾ ക്ളാസിലിരുന്നു പഠിക്കേണ്ട സമയത്ത് അതിനു തന്നെയാകണം മുൻഗണന. പഠനം കഴിഞ്ഞുമതി മറ്റു പരിപാടികളിൽ പങ്കെടുക്കുന്നത്. മന്ത്രി ഇങ്ങനെ പറഞ്ഞെങ്കിലും കുട്ടികൾ പങ്കെടുക്കേണ്ടിവരുന്ന നിരവധി പരിപാടികൾ അദ്ധ്യയനവർഷത്തിൽ പതിവായി ഉണ്ടാകാറുണ്ട്. മന്ത്രി ഉദ്ദേശിച്ചത് അദ്ധ്യയനവുമായി ബന്ധമില്ലാത്ത പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണമെന്ന അർത്ഥത്തിലാകണം. പെൺകുട്ടികളെക്കൊണ്ട് താലപ്പൊലി എടുപ്പിക്കുന്നതും വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ ഏറെ സമയം പൊരിവെയിലത്തു നിറുത്തുന്നതുമൊക്കെ നിരുത്സാഹപ്പെടുത്തേണ്ടതാണ്. മുൻപ് ഒരു വിദ്യാഭ്യാസമന്ത്രി ഈ വക കാര്യങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ നിരോധനമൊക്കെ അയഞ്ഞു.

വിലപ്പെട്ട അദ്ധ്യയന സമയം പാഴാക്കുന്നതൊന്നും പ്രോത്സാഹിപ്പിക്കാതിരിക്കാൻ കൂട്ടായ തീരുമാനം വേണം. കലാകായിക പരിപാടികൾ കുട്ടികളിലെ കഴിവുകൾ വളർത്താൻ വേണ്ടിയുള്ളതായതിനാൽ പരമാവധി പ്രോത്സാഹിപ്പിക്കണം. എന്നാൽ അദ്ധ്യയന സമയം ഏറ്റവുമധികം നഷ്ടമാകുന്നത് രാഷ്ട്രീയ സംഘടനകൾ നേതൃത്വം നൽകുന്ന പാഠ്യേതരകാര്യങ്ങൾക്കു വേണ്ടിയാണെന്നതിൽ സംശയമില്ല. അദ്ധ്യയനവർഷം ആരംഭിക്കുമ്പോൾ വിദ്യാർത്ഥി സംഘടനകൾ ഉൗഴം വച്ചാകും സമരത്തിനിറങ്ങുന്നത്. രാഷ്ട്രീയ പിൻബലമുള്ളതിനാൽ അദ്ധ്യാപകർക്കോ അദ്ധ്യാപക - രക്ഷാകർത്തൃ സംഘടനയ്ക്കോ അത്തരം കാര്യങ്ങളിലൊന്നും ഇടപെടാനേ കഴിയില്ല. ന്യായമായ ആവശ്യങ്ങൾക്കു മാത്രമല്ല അനാവശ്യ കാര്യങ്ങൾക്കും വിദ്യാർത്ഥികൾ സമരത്തിനിറങ്ങാറുണ്ട്. ഈ പ്രവണത നിയന്ത്രിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്കു സാധിച്ചാൽ കുട്ടികളുടെ ഭാവിക്ക് ഗുണം ചെയ്യും.

കുട്ടികളും സമരവും സംഘർഷവുമൊക്കെ അറിഞ്ഞുതന്നെ വളരട്ടെ എന്ന ചിന്താഗതിയും സമൂഹത്തിൽ ശക്തമാണ്. എന്നാൽ പഠനത്തിൽ നിന്നു വഴിമാറി സാഹസത്തിലേക്ക് എടുത്തുചാടുന്നതിന് എതിരെയാകും പലരും നിലകൊള്ളുന്നത്.

ഓരോ അദ്ധ്യയന വർഷവും കൃത്യമായ കലണ്ടർ തയ്യാറാക്കിയാണ് ആരംഭിക്കുന്നത്. എന്നാൽ പലപ്പോഴും അത് താളംതെറ്റാറുണ്ട്. ലക്ഷ്യം വച്ച സാദ്ധ്യായ ദിനങ്ങൾ പൂർത്തീകരിക്കാൻ പലപ്പോഴും കഴിയാറില്ല. അപ്രതീക്ഷിതമായ പല സംഭവഗതികളും പഠനം മുടക്കാറുണ്ട്. പൊതുവിദ്യാലയങ്ങളെയാണ് കൂടുതൽ ബാധിക്കാറുള്ളത്.

മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരും പ്രവൃത്തിസമയങ്ങളിൽ മറ്റു കാര്യങ്ങൾക്കായി തോന്നുംപോലെ ഇറങ്ങിപ്പോകുന്ന പ്രവണത നിയന്ത്രിക്കപ്പെടേണ്ടതാണ്. ഹാജർ രേഖപ്പെടുത്തി പല കാര്യങ്ങൾക്കായി 'മുങ്ങുന്നത്" സർക്കാർ ഓഫീസുകളിൽ സാധാരണ കാര്യമാണ്. ഇതു തടയാൻ നടപടികൾ എടുക്കാറുണ്ടെങ്കിലും കാര്യമായി വിജയിച്ചിട്ടില്ല. സമരങ്ങളിലും സമ്മേളനങ്ങളിലുമൊക്കെ സംബന്ധിക്കുന്ന ഉദ്യോഗസ്ഥരിൽ പലരും ഓഫീസ് സമയത്തു പണി ഉപേക്ഷിച്ച് എത്തിയവരാകും. തീരുമാനം കാത്ത് ഫയൽ കൂമ്പാരങ്ങൾ കിടക്കുമ്പോഴായിരിക്കും ഉത്തരവാദിത്വരഹിതമായ ഇത്തരം നടപടികൾ.

കുട്ടികൾക്ക് പഠനത്തോടെന്ന പോലെ ഉദ്യോഗസ്ഥർക്ക് ജോലിയോട് അർപ്പണബോധമുണ്ടെങ്കിലേ സമൂഹത്തിന് അതിന്റെ പ്രയോജനം ലഭിക്കൂ. സംഘടനാ നേതൃത്വങ്ങൾ അതിനു വഴികാട്ടണം. പഠനം മുടക്കിയുള്ള പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് അനുശാസിക്കുന്ന മന്ത്രിക്ക് തന്റെ കീഴിലുള്ള ഓഫീസുകളിലും കുടിശികയില്ലാതെ ജോലികൾ നടക്കുന്നുണ്ടെന്ന് നിഷ്‌കർഷിക്കാനുള്ള ബാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL TIME
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.