SignIn
Kerala Kaumudi Online
Friday, 29 March 2024 8.20 PM IST

രക്ഷകരെ കല്ലെറിയരുത്

photo

വൈദ്യൻ ചികിത്സിക്കുന്നു ഈശ്വരൻ സുഖപ്പെടുത്തുന്നു എന്ന ചൊല്ല് നമുക്ക് പണ്ടാരോ പകർന്നുതന്നതാണ്. ഡോക്ടർമാർ ദൈവങ്ങളല്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുമ്പോഴും രോഗി രക്ഷപ്പെട്ടില്ലെങ്കിൽ കുറ്റാരോപിതരായി പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവരുന്നത് വൈദ്യസമൂഹമാണ്. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ ആരോഗ്യപ്രവർത്തകർ ആക്രമണങ്ങൾക്ക് വിധേയരാകുന്നു. ഇന്ത്യയിൽ 75 ശതമാനത്തോളം ഡോക്ടർമാരും തങ്ങളുടെ ജോലിക്കിടയിൽ ഒരിക്കലെങ്കിലും ശാരീരികമായോ മാനസികമായോ പീഡനത്തിനു വിധേയരായവരാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ടെത്തിയിട്ടുണ്ട്. സാക്ഷരതയിലും, സാമൂഹ്യബോധത്തിലും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിൽ സമീപകാലത്തുണ്ടായ ആശുപത്രി ആക്രമണങ്ങൾ ഉത്‌കണ്ഠാകുലമാണ്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ കൊല്ലം നീണ്ടകര ആശുപത്രിയിലുണ്ടായ അക്രമം.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർമ്മപദ്ധതി വേണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന് നൽകിയ നിർദ്ദേശം.

അത്യാഹിത വിഭാഗങ്ങളിൽ എത്തിച്ചേരുന്ന രോഗിയുടെയും ബന്ധുക്കളുടെയും മാനസികാവസ്ഥ ചൂണ്ടിക്കാട്ടി രാഷ്ട്രീയസാമൂഹ്യ പ്രവർത്തകർ ആശുപത്രി ആക്രമണങ്ങളെ ന്യായീകരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ, രോഗീബന്ധുക്കളുടെ അമിത പ്രതീക്ഷ, ആശയ വിനിമയത്തിലെ ന്യൂനതകൾ എന്നിവയാണ് ആശുപത്രി ആക്രമണങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതീവ ഗുരുതരവും, അടിയന്തര ചികിത്സ വേണ്ടതുമായ രോഗങ്ങളിൽ 20 ശതമാനത്തോളം മരണ സാദ്ധ്യതയുണ്ടെന്നുള്ള വസ്തുത വിസ്മരിച്ചുകൂടാ. രോഗീബന്ധുക്കളുടെ വികാരവിക്ഷോഭങ്ങളുടെ പ്രതിഫലനം ഡോക്ടറുടെ നേരെയോ ആശുപത്രിക്ക് നേരെയോ അല്ല വേണ്ടത്. കേരളത്തിൽ 2012 ലെ ആശുപത്രിസംരക്ഷണ നിയമപ്രകാരം കുറ്റവാളികൾക്ക് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും കൂടാതെ നാശനഷ്ടങ്ങളുടെ തുകയുടെ മൂന്നിരട്ടി നഷ്ടപരിഹാരവും നൽകേണ്ടതുണ്ട്. നിയമം നടപ്പിലാക്കാൻ ഫലപ്രദമായ ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന വിമർശനം ആരോഗ്യപ്രവർത്തകരിൽ നിന്നും ഉയർന്നു വരുന്നുണ്ട്. മെഡിക്കൽ സമൂഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും, ക്രിയാത്മകവും സൗഹൃദപരവുമായ അന്തരീക്ഷം നമ്മുടെ ചികിത്സാരംഗത്ത് നിലനിറുത്തുന്നതിനും സർക്കാർ മുൻകൈ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളീയർ 'യിനാവോ'

സംഘങ്ങളായി മാറരുത്

ചൈനയിൽ ആശുപത്രി അക്രമണങ്ങൾ നടത്തുന്നവർ 'യിനാവോ സംഘങ്ങൾ' എന്നാണ് അറിയപ്പെടുന്നത്. ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ഭീഷണിപ്പെടുത്തുക, ആക്രമിക്കുക, പണവും മറ്റുവസ്തുക്കളും പിടിച്ചുപറിക്കുക എന്നിവയാണ് ഇക്കൂട്ടരുടെ പ്രധാന പരിപാടികൾ. ചൈനീസ് സർക്കാർ ആശുപത്രിയിൽ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും അക്രമികൾക്കെതിരെ കർശന ശിക്ഷാനടപടികൾ പ്രഖ്യാപിക്കുകയും ചെയ്തുമാണ് 'യിനാവോ' സംഘങ്ങളെ നേരിട്ടത്. യുദ്ധകാലങ്ങളിൽപ്പോലും ആശുപത്രി ആക്രമണങ്ങൾ നിഷിദ്ധമാണ്. മുറിവേറ്റ ശത്രു സൈനികരെപ്പോലും ചികിത്സിക്കുന്നതിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും തീരെ അമാന്തം കാണിക്കാറില്ല. ചൈനയിൽ 2012 മാർച്ചിൽ 17 വയസുകാരനായ ഒരു രോഗിയെ ചികിത്സിക്കുന്ന ഡോക്ടറുടെ സഹായികളായ ഡോക്ടർമാർക്കു നേരെ നടത്തിയ അക്രമം വളരെയധികം ചർച്ച ചെയ്യപ്പെട്ടതാണ്. 2001 മുതൽ 2011 വരെ ചൈനയിൽ നടന്ന 124 ആക്രമണ സംഭവങ്ങളിൽ 52 ഡോക്ടർമാർക്ക് ഗുരുതരമായ പരിക്കുപറ്റിയതായി ചൈനീസ് ഗവൺമെന്റ് രേഖകൾ വ്യക്തമാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOSPITAL ATTACKS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.