വയനാട്: കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ വലിയ രീതിയിൽ പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും.
ഇന്നുച്ചയ്ക്ക് മൂന്ന് മണിയ്ക്ക് എം പി ഓഫീസ് പരിസരത്ത് ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. പിന്നാലെ കൽപ്പറ്റ ടൗണിൽ പ്രതിഷേധ യോഗവും നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ് എം പി അടക്കമുള്ള നേതാക്കൾ റാലിയിൽ പങ്കെടുക്കും.
പരിസ്ഥിതി ലോലമേഖല പ്രശ്നത്തിൽ രാഹുൽ ഗാന്ധി എം.പി ഇടപെടുന്നില്ലെന്ന വിചിത്രവാദമുയർത്തിയാണ് കൽപ്പറ്റ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്തത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, ജില്ലാ പ്രസിഡന്റ് ജോയൽ എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടികളടക്കം മുന്നൂറോളം പ്രവർത്തകർ ദേശീയ പാതയോരത്തെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഓഫീസിന്റെ ജനൽച്ചില്ലുകളും ഷട്ടറും ഒക്കെ പ്രവർത്തകർ നശിപ്പിച്ചു. സംഭവത്തിൽ 19 എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |