തൃശൂർ: നെഹ്റു കുടുംബം നിയമത്തിന് അതീതരാണെന്ന കോൺഗ്രസ് നിലപാട് ജനാധിപത്യത്തിന് ഭീഷണിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ബി.ജെ.പി ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ സമര വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ദിര ഗാന്ധിക്കും നിയമത്തിന് അതീതയാണെന്ന ധാരണയുണ്ടായിരുന്നു. രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുമ്പോൾ അണികൾ ബഹളമുണ്ടാക്കുന്നത് ഈ ധാരണ കൊണ്ടാണ്. രാഹുൽ ഗാന്ധിയും പിണറായി വിജയനുമെല്ലാം നിയമത്തിന് വിധേയരാണെന്ന കാര്യം അണികൾ ഓർക്കണം. ജനാധിപത്യത്തിൽ ആർക്കും പ്രത്യേക പ്രിവിലേജൊന്നുമില്ല. അടിയന്തരാവസ്ഥാ വിരുദ്ധ സമരം രണ്ടാം സ്വാതന്ത്ര്യസമരമായിരുന്നുവെന്നും എം.ടി. രമേശ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ അദ്ധ്യക്ഷനായി. ടി.എസ്. നീലാംബരൻ വിഷയാവതരണം നടത്തി. വിൻസെന്റ് പുത്തൂർ, ജസ്റ്റിൻ ജേക്കബ്, എൻ.ആർ. റോഷൻ എന്നിവരും സംസാരിച്ചു. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരൻ മാസ്ർ ഉൾപ്പെടെയുള്ള അടിയന്തരാവസ്ഥാ തടവുകാരും സെമിനാറിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |