SignIn
Kerala Kaumudi Online
Friday, 29 March 2024 4.37 PM IST

പുറംതിരിഞ്ഞു നിൽക്കുന്നവരും സഹകരിക്കണം

medisep

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി - മെഡിസെപ്പ് - ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വരികയാണ്. എതിർപ്പുകളും ഇൻഷ്വറൻസ് കമ്പനികളുടെയും പ്രമുഖ ആശുപത്രികളുടെയും പ്രതികൂല നിലപാടുമെല്ലാം കാരണം പദ്ധതി നീണ്ടുപോവുകയായിരുന്നു. 2017-18 വർഷത്തെ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച മെഡിസെപ്പ് നടപ്പാകുന്നതോടെ ജീവനക്കാരും അവരുടെ ആശ്രിതരും പെൻഷൻകാരുമായി മുപ്പത്തഞ്ചുലക്ഷം പേരാണ് ഇൻഷ്വറൻസ് കുടക്കീഴിൽ വരുന്നത്. രോഗങ്ങൾ വർദ്ധിക്കുന്നതിനൊപ്പം ചികിത്സാ ചെലവുകളും താങ്ങാനാകാത്ത നിലയിലേക്ക് ഉയരുമ്പോൾ ഇതുപോലുള്ള ആരോഗ്യ സംരക്ഷണ പദ്ധതികളുടെ പ്രാധാന്യം വിലമതിക്കാനാവില്ല. മാസം അഞ്ഞൂറുരൂപ വീതം അടച്ചാൽ പ്രതിവർഷം മൂന്നുലക്ഷം രൂപയുടെ ആശുപത്രി ചെലവുകൾ നേടാനാവുന്നത് ഇന്നത്തെ കാലത്ത് പല കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ്. പദ്ധതിക്കെതിരെ ഇപ്പോഴും ജീവനക്കാരിൽ ഒരു വിഭാഗത്തിൽ നിന്ന് മുറുമുറുപ്പുകൾ ഉയരുന്നുണ്ട്. അതേസമയം അനുകൂലിക്കുന്നവരാണ് ഏറെയും.

പ്രമുഖ നിരയിൽ നിന്നുൾപ്പെടെ ഇരുനൂറിലധികം ആശുപത്രികൾ മെഡിസെപ്പ് പദ്ധതിയിൽ ചേർന്നിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായവർക്ക് ഇവിടങ്ങളിലെല്ലാം ഒരു പൈസ കൈയിൽ നിന്നു നൽകാതെ ചികിത്സ പൂർണമായും സൗജന്യമായിരിക്കും. ഒ.പി വിഭാഗം ചികിത്സ പദ്ധതിയുടെ പരിധിയിൽ വരില്ല. ഒരു ദിവസമെങ്കിലും ആശുപത്രി വാസമുണ്ടെങ്കിലേ സൗജന്യ ചികിത്സയ്ക്ക് അർഹതയുള്ളൂ. രാജ്യത്തെ ഭൂരിപക്ഷം ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളും ഇതേ നിബന്ധനയുള്ളവയാണ്.

പദ്ധതിയുടെ പ്രധാന ന്യൂനത സംസ്ഥാനത്തെ പ്രമുഖമായ കുറെ ആശുപത്രികളുടെ നിസഹകരണമാണ്. ഓരോ തരം ചികിത്സയ്ക്കും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് അപര്യാപ്തമെന്നു ചൂണ്ടിക്കാട്ടിയാണ് അവ അകന്നുനിൽക്കുന്നത്. ഇക്കൂട്ടത്തിൽ സംസ്ഥാനത്തെ സ്വയംഭരണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന വിഖ്യാതമായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും ഉണ്ടെന്നത് നിർഭാഗ്യകരമാണ്. ചികിത്സാഫീസിന്റെ പേരിൽ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള ശ്രീചിത്രയുടെ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് തയ്യാറാകേണ്ടതാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഗ്രാന്റിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് എങ്ങനെ ഇതുപോലുള്ള നിഷേധാത്മകനയം സ്വീകരിക്കാൻ കഴിയുമെന്ന് ആലോചിക്കണം. ബി.പി.എൽ വിഭാഗക്കാർക്ക് നിലവിൽ ശ്രീചിത്രയിൽ സൗജന്യ ചികിത്സ ലഭിക്കാറുണ്ടെന്ന കാര്യം മറക്കുന്നില്ല. അതേസമയം സർക്കാർ നിശ്ചയിച്ച ചികിത്സാഫീസിന്റെ പേരിൽ മെഡിസെപ്പുമായി സഹകരിക്കേണ്ടെന്ന നിലപാട് രോഗികൾക്കാണ് പ്രതികൂലമാകുന്നത്. ശ്രീചിത്രയെപ്പോലെ തന്നെ വേറെയും പ്രമുഖ ആശുപത്രികൾ മെഡിസെപ്പ് പദ്ധതിയോടു മുഖം തിരിഞ്ഞുനിൽക്കുകയാണ്. ഈ നിഷേധാത്മകനയം സ്വീകരിക്കാൻ അവരുടേതായ കാരണങ്ങളുണ്ടാവും. എന്തായാലും ആത്യന്തികമായി അതു ചെന്നുകൊള്ളുന്നത് സാധാരണക്കാരായ രോഗികളുടെ നെഞ്ചത്താണെന്ന വസ്തുത മറക്കരുത്. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ മറവിൽ നടന്നുവരുന്ന വൻ കൊള്ളയെക്കുറിച്ച് ഏവർക്കും അറിയാം. മെഡിസെപ്പിൽ അതിനുള്ള സാദ്ധ്യതകൾ കുറയുമെന്നു കണ്ടാണോ പ്രമുഖ ആശുപത്രികൾക്ക് ഇത് അസ്വീകാര്യമായതെന്നു നിശ്ചയമില്ല. സംസ്ഥാനത്തെ തന്നെ മറ്റ് ആശുപത്രികൾക്ക് നിശ്ചയിച്ചതിനേക്കാൾ ഉയർന്ന നിരക്കുകളാണ് പ്രമുഖ ആശുപത്രികൾക്കു സർക്കാർ വാഗ്ദാനം ചെയ്തതത്രേ. എന്നിട്ടും അത് അവർ തള്ളിക്കളയുകയായിരുന്നു.

മൂന്നുവർഷമാണ് പദ്ധതിയുടെ കാലാവധി. മൂന്നുവർഷം കഴിയുമ്പോൾ അതു പുതുക്കണം. സാധാരണമായ 1920 രോഗങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാരക രോഗങ്ങൾക്ക് 18 ലക്ഷം രൂപ വരെ ഇൻഷ്വറൻസ് സഹായം ലഭിക്കും. അവയവ മാറ്റത്തിന് പ്രത്യേക സഹായത്തിനും അർഹതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.