SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.31 PM IST

സി.എൻ.ജിയിലും കേമനായി മാരുതി സുസുക്കി എർട്ടിഗ

ertiga

കൊച്ചി: വിപണിയിൽ എത്തിയകാലം മുതൽ ഇന്നോളം സ്വീകാര്യത നിലനിറുത്തി മുന്നേറുകയാണ് മാരുതിയുടെ താരമായ എർട്ടിഗ. ഇക്കാലയളവിലെല്ലാം ഈ എം.പി.വിക്ക് കാലികമായ മാറ്റങ്ങളും മാരുതി സമ്മാനിച്ചിട്ടുണ്ട്. എർട്ടിഗ സി.എൻ.ജി ഇസഡ്.എക്‌സ്.ഐ പതിപ്പിന്റെ വിശേഷങ്ങൾ അറിയാം:
ഇന്ത്യൻ കുടുംബങ്ങൾക്ക് അനുയോജ്യമായതും എത്തിപ്പിടിക്കാവുന്ന വിലയുള്ളതുമായ ഒരു സമ്പൂർണ 'ഫാമിലി എം.പി.വി" ആണ് എർട്ടിഗ. ശ്രേണിയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന വാഹനം. സി.എൻ.ജി പതിപ്പിനും വലിയ ഡിമാൻഡ്.
2022 വർ‌ഷത്തെ ഇസഡ്.എക്‌സ്.ഐ സി.എൻ.ജി വേരിയന്റ് മുൻഗാമിയിൽ നിന്ന് നിരവധി മാറ്റങ്ങളുമായാണ് വിപണിയിലെത്തിയത്. ഒറ്റനോട്ടത്തിൽ കാണാവുന്നതും അല്ലാത്തതുമായ മാറ്റങ്ങൾ കാണാം. ആരെയും ആകർഷിക്കുന്ന ക്രോം ബ്ളേഡുകളോട് കൂടിയ പുത്തൻ ഗ്രില്ലാണ് ശ്രദ്ധേയമാറ്റം. പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകളാണുള്ളത്. സ‌്പ്ളെ ൻഡിഡ് സിൽവർ,​ ഡിഗ്നിറ്റി ബ്രൗൺ നിറഭേദങ്ങളിലാണ് പുത്തൻ സി.എൻ.ജി പതിപ്പ് ലഭിക്കുന്നത്.

പഴയ 103 പി.എസ് കരുത്തും 136.8 എൻ.എം ടോർക്കുമുള്ള കെ15ബിക്ക് പകരം പെട്രോളിൽ 100 പി.എസ് കരുത്തും 136 എൻ.എം ടോർക്കുമുള്ള എൻജിനാണ് സി.എൻ.ജി പതിപ്പിലുള്ളത്. സി.എൻ.ജി മോഡിൽ കരുത്ത് 88 പി.എസിലേക്കും ടോർക്ക് 121.5 എൻ.എമ്മിലേക്കും കുറയും.
ഈ മോഡലിന്റെ പെട്രോൾ ഫേസ്‌ലിഫ്‌റ്റിൽ 5-സ്പീഡ് മാനുവലും പുതിയ 6-സ്പീഡ് ഓട്ടോമാറ്റിക്കും ഗിയർ സംവിധാനം കാണാം. സി.എൻ.ജിയിൽ മാനുവൽ സംവിധാനമേയുള്ളൂ.
ബൂട്ടിന് താഴെയുള്ള സി.എൻ.ജി ടാങ്കിന്റെ ശേഷി 60 ലിറ്ററാണ്. ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്ററിൽ പെട്രോൾ,​ സി.എൻ.ജി ഉപഭോഗം സൂചിപ്പിക്കുന്ന ഇരട്ട ഫ്യുവൽ ഗേജുകളുണ്ട്. സി.എൻ.ജി പതിപ്പ് കിലോയ്ക്ക് 26.08 കിലോമീറ്റർ മൈലേജ് ലഭ്യമാക്കുന്നുണ്ട്. രാജ്യത്ത് 3-നിര സീറ്റിംഗ് കപ്പാസിറ്റിയുള്ള വണ്ടികൾക്കിടയിലെ ഏറവും മികച്ച മൈലേജ് തന്നെയാണിത്.

പുതിയ ബീജ്/ലൈറ്റ് ഗ്രേ സീറ്റുകളും ഡാർക്കർ വുഡ് ട്രിമ്മുകളുമാണ് അകത്തളത്തിലെ മുഖ്യാകർഷണങ്ങൾ. മുൻ മോഡലിനേക്കാൾ അല്പം വിശാലവും ടെക്‌ സമ്പന്നവുമാണ് പുത്തൻ സി.എൻ.ജി പതിപ്പ്. എന്നാൽ,​ ടോപ് വേരിയന്റിലെ പുതിയ സ്മാ‌ർട്ട്പ്ളേ പ്രൊ സംവിധാനം കാണാനാവില്ല.
കീലെസ് എൻട്രി ആൻഡ് സ്‌റ്റാർട്ട്,​ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്,​ ക്ളൈമറ്റ് കൺട്രോൾ,​ പ്രൊജക്ടർ ഹെഡ്‌ലാമ്പ് എന്നിവയുണ്ട്. പക്ഷേ,​ റിവേഴ്‌സ് കാമറ,​ ക്രൂസ് കൺട്രോൾ,​ ഓട്ടോ ഹെഡ്‌ലാമ്പ് എന്നിവ 'മിസ്" ചെയ്യുന്നു. രണ്ടാംനിര സീറ്റുകൾ മുന്നോട്ടും പിന്നോട്ടും ക്രമീകരിക്കാം. ഇത് മൂന്നുനിരയിലെയും യാത്രക്കാർക്ക് ഇരിപ്പും യാത്രയും സുഖകരമാക്കും.
വലിയ വിൻഡോ കൂടിയുള്ളതിനാൽ മൂന്നാംനിര സീറ്റിലെ യാത്ര കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും സുഖയാത്ര നൽകും. ഫാക്‌ടറി-ഫിറ്റഡ് സി.എൻ.ജി സിസ്‌റ്റം മികച്ച സുരക്ഷയോടെയാണ് മാരുതി സജ്ജമാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ ഏക മൂന്നുനിര സീറ്റിംഗ് കപ്പാസിറ്റിയുള്ള സി.എൻ.ജി എം.പി.വിയാണ് മാരുതി സുസുക്കിയുടെ എർട്ടിഗ.
സുഖകരമായ യാത്ര,​ ആസ്വാദ്യമായ ഡ്രൈവിംഗ് അനുഭവങ്ങൾ നൽകുന്ന വാഹനം തന്നെയാണ് എർട്ടിഗയുടെ സി.എൻ.ജി പതിപ്പ്. വിശാലമായ അകത്തളം ഉപഭോക്തൃ സൗഹൃദമായ സവിശേഷതയാണ്. ഉപഭോക്താവ് ചെലവഴിച്ച പണത്തിന് ഉറപ്പായ മൂല്യം എർട്ടിഗ സി.എൻ.ജി വേരിയന്റ് നൽകുന്നുമുണ്ട്. എർട്ടിഗ സ്റ്റാൻഡേർഡ് പതിപ്പിന് അടിസ്ഥാനവില 11.97 ലക്ഷം രൂപയാണ് (മുംബയ് ഓൺ-റോഡ്). സി.എൻ.ജിയിലേക്ക് എത്തുമ്പോൾ ഓൺ-റോഡ് വില 13.17 ലക്ഷം രൂപയാകും.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം നേടാൻ സി.എൻ.ജി പതിപ്പിന് 14.3 സെക്കൻഡ് വേണം. പെട്രോളിൽ ഇത് 12.9 സെക്കൻഡാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.